പത്തനംതിട്ട: കര്‍ഷക മോര്‍ച്ചയുടെ ഇടപെടലില്‍ വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കി. ഡിസംബര്‍ 30ന് പദ്ധതിയുടെ കാലാവധി അവസാനിച്ചിരുന്നു. ഇത് ഈ മാസം 15 വരെയാണ് നീട്ടിയത്. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇത്തവണ കേരളത്തിലെ കര്‍ഷകര്‍ക്ക് വെറും അഞ്ചു ദിവസം മാത്രമാണ് ലഭിച്ചത്.
മുന്‍ കുടിശ്ശിക ഉള്‍പ്പെടെ 15 കോടി രൂപയാണ് ഇന്‍ഷുറന്‍സ് കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാന്‍ ഉണ്ടായിരുന്നത്. കുടിശ്ശിക നല്‍കാതെ രജിസ്‌ട്രേഷന്‍ ആരംഭിക്കാന്‍ ആകില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനി കര്‍ശന നിലപാട് സ്വീകരിച്ചതോടെ നെല്‍ക്കര്‍ഷകര്‍ ഉള്‍പ്പെടെ ഏതാണ്ട് ഒരു ലക്ഷത്തോളം പേരാണ് പ്രതിസന്ധിയിലായത്.
തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയ്‌ക്കും കര്‍ഷകര്‍ക്കും ആശ്വാസമേകാനാണ് കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയായ ‘ഫസല്‍ ബീമ യോജന’ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചത്. ഇതില്‍ സംസ്ഥാന വിഹിതം കേരളം നല്‍കാതിരുന്നതു മൂലം ഇന്‍ഷുറന്‍സ് കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ സൈറ്റ് തുറന്നു കൊടുത്തില്ല.
നെല്‍ കര്‍ഷകര്‍ക്ക് വിരിപ്പ,് മുണ്ടകന്‍, പുഞ്ച എന്നീ മൂന്ന് സീസണുകളിലാണ് കേരളത്തില്‍ വിള ഇന്‍ഷുറന്‍സ് സാധ്യമാവുക. രജിസ്‌ട്രേഷന്‍ സൈറ്റ് ഇന്‍ഷുറന്‍സ് കമ്പനി തുറന്നു നല്‍കാഞ്ഞത് കാര്‍ഷിക മേഖലയെ വലിയതോതില്‍ പ്രതിസന്ധിയിലാക്കി.
ഇക്കാര്യം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷനും ബിജെപി സംസ്ഥാന നേതൃത്വവും കേന്ദ്ര കൃഷി മന്ത്രാലയവുമായി ബന്ധപ്പെട്ടു. കേന്ദ്ര കൃഷിമന്ത്രാലയം രജിസ്‌ട്രേഷന്‍ നടപടികള്‍ പതിനഞ്ചു ദിവസത്തേക്കു കൂടി നീട്ടാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
കാര്‍ഷിക മേഖലയ്‌ക്ക് ആശ്വാസം പകരുന്ന ഈ തീരുമാനം എല്ലാ കര്‍ഷകരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ പറഞ്ഞു.
















