മലയാള സിനിമാ പ്രേക്ഷകരെ നാല് പതിറ്റാണ്ടോളം ഒളിമങ്ങാത്ത രചനയിലൂടെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ഓര്‍മ്മയുടെ മണിഗോപുരത്തിലേയ്‌ക്ക് മടങ്ങിപ്പോയ ബഹുമുഖ പ്രതിഭയായിരുന്നു, 69-ാം വയസ്സില്‍ കഴിഞ്ഞ ദിവസം അന്തരിച്ച മഹാനടന്‍ ശ്രീനിവാസന്‍. സിനിമയിലൂടെ മലയാളിയ്‌ക്ക് സാമൂഹ്യ സന്ദേശം നല്‍കിയ മലയാളത്തിന്റെ ഇതിഹാസ താരം. പരിഹാസത്തിന്റെ മേമ്പൊടി ചേര്‍ത്ത് എഴുത്തിലൂടെ വിമര്‍ശനത്തിന്റെ വാള്‍മുന, കൊള്ളേണ്ടവന്റെ നെഞ്ചിന്‍കൂട് തകര്‍ത്തപ്പോള്‍, ആ വിമര്‍ശനങ്ങളൊക്കെ പില്‍ക്കാലത്ത് ശരിയാണെന്ന് വര്‍ത്തമാന കാലഘട്ടം ബോധ്യപ്പെടുത്തി.
സാധാരണക്കാരായ മനുഷ്യര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും. കാലഘട്ടം അതേറ്റുപിടിച്ചതായിരുന്നു, ശ്രീനിവാസന്‍ സിനിമയുടെ ഓരോ വിജയവും. മൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും, ഇന്നും ‘സന്ദേശ’മെന്ന സിനിമ നല്‍കിയ സന്ദേശം, മലയാളിക്ക് പഠിക്കാനും, പകര്‍ത്താനും നല്‍കിയത് ഒട്ടനവധി യാഥാര്‍ത്ഥ്യങ്ങളായിരുന്നു. അതാകട്ടെ, ഒരിക്കലും ചെറുതായിരുന്നുമില്ല. മലയാളി പ്രേക്ഷകന്റെ വരേണ്യ സൗന്ദര്യ ബോധത്തിന്റെയും, കപട രാഷ്‌ട്രീയ ബോധത്തിന്റെയും തെളിവായി, പിന്നീട് ശ്രീനിവാസന്റെ ഓരോ രചനയും. സത്യസന്ധതയുടെ നേര്‍ക്കാഴ്‌ച്ചയ്‌ക്കായി കാലത്തിന്റെ കണ്ണാടിയിലൂടെ ശ്രീനി തന്റെ സിനിമയെ പ്രേക്ഷകനുനേരെ തിരിച്ചുവെച്ചു.
വേട്ടക്കാരന്റെ രാഷ്‌ട്രീയം നോക്കി പീഡനത്തിന്റെ തീവ്രത നിശ്ചയിക്കുന്നത് പരോക്ഷമായി തുറന്നുകാട്ടുന്നതില്‍ എഴുത്തിലൂടെ പലപ്പോഴും ശ്രീനി ആനന്ദം കണ്ടിരുന്നു. 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 30 ലേറെ കഥകളും, 50 ലേറെ തിരക്കഥകളുമെഴുതി ചിരിയ്‌ക്കും ചിന്തയ്‌ക്കും വകനല്‍കിയ അദ്ദേഹം, തീവ്രതയേറിയ സാമൂഹ്യ വിമര്‍ശനങ്ങള്‍ക്ക് കരുത്തുപകര്‍ന്നു. പരിഹാസവും വിമര്‍ശനവും സ്വയം പഴിചാരലും വഴി ശ്രീനിവാസന്‍ നടത്തിയ ഇടപെടലുകള്‍ മലയാള സിനിമയുടെ നവീകരണത്തില്‍ വഹിച്ച പങ്ക് നിര്‍ണ്ണായകമായി.
കണ്ണൂരിലുള്ള പാട്യത്ത് ജനിച്ച ശ്രീനിവാസന്‍, മൂന്നര പതിറ്റാണ്ടിന് മുമ്പ് മലയാള സിനിമയിലൂടെ നല്‍കിയ ‘സന്ദേശ’മോര്‍ത്ത്, ഇന്നും മലയാളക്കര ചിന്തിച്ച് ചിരിക്കുകയാണ്. 80 കളുടെ തുടക്കം മുതല്‍ 90 കളുടെ അവസാനം വരേയുള്ള കാലഘട്ടത്തില്‍ 54 സിനിമകള്‍ക്ക് ശ്രീനിവാസന്‍ തിരക്കഥയെഴുതി. അതില്‍ 32 സിനിമകള്‍ സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും ചേര്‍ന്ന് മലയാള സിനിമയെ വ്യത്യസ്ഥ ദിശകളിലൂടെ സഞ്ചരിപ്പിച്ചു. ഈ കാലഘട്ടത്തില്‍ ഈ മൂവ്വര്‍സംഘം മലയാള പ്രേക്ഷകന് നല്‍കിയ സന്ദേശം, പൊള്ളയായ രാഷ്‌ട്രീയത്തിന്റേയും, പച്ചയായ സാമൂഹ്യ വിമര്‍ശനങ്ങളുടേയും നേര്‍ക്കാഴ്‌ച്ചയായി കാലത്തിന്റെ കണക്ക് പുസ്തകത്തില്‍ ഇടംപിടിച്ചു.
ഒരു രക്തസാക്ഷിക്കുവേണ്ടി രാഷ്ടീയ പ്രതിയോഗിയോട് കടിപിടി കൂടുന്ന വിപ്ലവ പ്രസ്ഥാനത്തിന്റെ ബുദ്ധിജീവിയെന്ന് സ്വയം വിശേഷിപ്പിച്ച് തെരുവ് യുദ്ധം നടത്താനൊരുങ്ങുന്ന ഒരു വിപ്ലവകാരിയുടെ വികലമായ മനോനിലയെ, ഹാസ്യാത്മകതയോടെ പരസ്യമായി ശ്രീനിവാസന്‍ ‘സന്ദേശ’ ത്തിലൂടെ പ്രേക്ഷകന് മുന്നില്‍ തുറന്ന് കാട്ടി. അത് കയ്യാളുന്നവരുടെ പ്രത്യയശാസ്ത്രത്തെ ശ്രീനിവാസന്‍ ഒരിക്കലും ഭയപ്പെട്ടിരുന്നുമില്ല. അതായിരുന്നു, ശ്രീനിയുടെ സിനിമയും, സിനിമയിലെ രാഷ്‌ട്രീയവും. ഹാസ്യത്തെ രാഷ്‌ട്രീയ ആയുധമായ് പ്രയോഗിച്ച ശ്രീനിവാസന്‍, മലയാളിയുടെ ആഭിജാത്യബോധത്തെയും, കപട നാട്യങ്ങളെയും തന്റെ കഥാപാത്രങ്ങളിലൂടെ പരിഹസിച്ചു. ഈ സ്വയം വിമര്‍ശന ശൈലി, മലയാളി പ്രേക്ഷകരില്‍ പുതിയ ചിന്തകള്‍ക്ക് വഴിതെളിച്ചതിനും കാലം സാക്ഷ്യം വഹിച്ചു. മാനവീകതയുടെ സ്പര്‍ശമേറ്റ സാമൂഹിക സങ്കല്‍പ്പങ്ങളുമായി ശ്രീനിവാസന്‍ തന്റെ രചനകളിലൂടെ മലയാളികളുടെ മനസ്സിന്റെ ആഴങ്ങളിലേയ്‌ക്ക് ഇറങ്ങിച്ചെന്നു. അച്ഛന്‍ കമ്മ്യൂണിസ്റ്റും, അമ്മ കോണ്‍ഗ്രസ്സുമായപ്പോള്‍, താന്‍ രണ്ടിനുമിടയില്‍പ്പെട്ട് രണ്ടുംകെട്ടവനായി പോയെന്ന് പലവേദികളിലും നര്‍മ്മത്തില്‍ പൊതിഞ്ഞ് ശ്രീനിവാസന്‍ പറയുമായിരുന്നു. ജീവിതത്തില്‍ അതായിരുന്നു ശ്രീനി.
ഒരിക്കല്‍ സത്യന്‍ അന്തിക്കാടുമായി യാത്രയ്‌ക്ക് പോകവെ എയര്‍പോര്‍ട്ടില്‍വെച്ച് ഒരു സ്ത്രീ ശ്രീനിവാസനോട് പറഞ്ഞു, ‘ചിന്താവിഷ്ടയായ ശ്യാമള’ ഞാന്‍ ഒമ്പത് തവണ കണ്ടുവെന്ന്. അപ്പോള്‍ അദ്ദേഹം അവരോട് തിരിച്ച് ചോദിച്ചു, ഒമ്പത് തവണ കണ്ടിട്ടും ഒന്നും മനസ്സിലായില്ലേ ?.. നര്‍മ്മം സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും അങ്ങനെ പകര്‍ന്ന് നല്‍കുന്നതായിരുന്നു, ശ്രീനിയുടെ ഒരു രീതി. 1976 ല്‍ പി.എ. ബക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മണിമുഴക്ക’ മെന്ന ചിത്രത്തില്‍ ‘നൂലന്‍ ആന്റണി’യെന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയാണ് മലയാള സിനിമയില്‍ ശ്രീനിവാസന്‍ ഹരിശ്രീ കുറിച്ചത്. കുറച്ചു ചെറിയ വേഷങ്ങള്‍ക്കു ശേഷം 1984 ല്‍ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമക്ക് കഥ എഴുതി. ‘പഞ്ചവടിപാല’ ത്തിലൂടെ ആസ്വാദക ഹൃദയത്തിലേയ്‌ക്ക് നടന്നുകയറിയ ശ്രീനിവാസന്, പിന്നീടൊരിയ്‌ക്കലും തിരിച്ചിറങ്ങേണ്ടിയും വന്നില്ല. നാലര പതിറ്റാണ്ടിനിടെ 225 ചിത്രങ്ങളില്‍ അഭിനയിച്ചാണ് ശ്രീനിവാസന്‍ തന്റെ അഭിനയ മികവ് കലാ കൈരളിയ്‌ക്ക് സമ്മാനിച്ചത്. പ്രമുഖ സംവിധായകന്‍ ടി.എസ്. സുരേഷ്ബാബു സംവിധാനം ചെയ്ത ‘എന്റെ പൊന്നിന്‍ കുടത്തിനും പൊട്ട്’ എന്ന സിനിമയുടെ തിരക്കഥയും, സംഭാഷണവും ശ്രീനിവാസന്റേതായിരുന്നു. സുരേഷ്ബാബുവിന്റെ ‘മാന്യന്മാര്‍’ എന്ന ചിത്രത്തില്‍ നായകനായും ശ്രീനി വേഷമിട്ടു.
ഒട്ടനവധി പുരസ്‌ക്കാരങ്ങളാണ് ഇക്കാലയളവില്‍ ശ്രീനിയെ തേടിയെത്തിയത്. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും, മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാല് തവണയും, സ്പെഷല്‍ ജ്യൂറി അവാര്‍ഡ് ഒരു തവണയും നേടിയതിന് പുറമെ, മികച്ച കഥയ്‌ക്കും, മികച്ച തിരക്കഥയ്‌ക്കും, മികച്ച ചിത്രത്തിനും, മികച്ച ജനപ്രിയ ചിത്രത്തിനുമുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളും ശ്രീനിവാസന്‍ സ്വന്തം കൈപ്പിടിയിലൊതുക്കി. സംവിധാനം ചെയ്ത രണ്ടുചിത്രങ്ങളും ബഹുമതികള്‍ വാരിക്കൂട്ടി. 80 കളുടെ അവസാനത്തില്‍ ‘വടക്കുനോക്കിയന്ത്ര’വും, 90 കളുടെ അവസാനത്തില്‍ ‘ചിന്താവിഷ്ടയായ ശ്യാമള’ യും അദ്ദേഹം കഥയും, തിരക്കഥയുമെഴുതി സംവിധാനം ചെയ്തു. ആ രണ്ടു ചിത്രവും സൂപ്പര്‍ ഹിറ്റുമായി. വടക്കുനോക്കിയന്ത്രമെന്ന ചിത്രത്തിന് മികച്ച സംസ്ഥാന ചലചിത്ര പുരസ്‌ക്കാരവും, ചിന്താവിഷ്ടയായ ശ്യാമളയ്‌ക്ക് മികച്ച ജനപ്രിയ ചലച്ചിത്ര പുരസ്‌ക്കാരവും ശ്രീനിവാസന്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. ഇതിനിടെ ലൂമിയര്‍ ഫിലിം കമ്പനിയുടെ ബാനറില്‍ നടന്‍ മുകേഷിനൊപ്പം ‘കഥ പറയുമ്പോള്‍’, ‘തട്ടത്തിന്‍ മറയത്ത്’ എന്നീ സിനിമകളിലൂടെ നിര്‍മ്മാതാവിന്റെ മേലങ്കിയുമണിഞ്ഞു. ‘ഓടരുതമ്മാവാ ആളറിയാം’, ‘സന്മനസ്സുള്ളവര്‍ക്ക് സമാധാനം’, ‘ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്’, ‘നാടോടിക്കാറ്റ്’, ‘പട്ടണപ്രവേശം’, ‘വരവേല്‍പ്പ്’, ‘തലയണ മന്ത്രം’, മഴയെത്തും മുന്‍പേ, ‘അഴകിയ രാവണന്‍’, ‘ഒരു മറവത്തൂര്‍ കനവ്’, ‘പൊന്‍മുട്ടയിടുന്ന താറാവ്’, ‘മിഥുനം’, ‘അര്‍ത്ഥം’, ‘ഉദയനാണ് താരം’, ‘കഥ പറയുമ്പോള്‍’, ‘ഞാന്‍ പ്രകാശന്‍,’ ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്നിവ അദ്ദേഹത്തിന്റെ സൂപ്പര്‍ ഹിറ്റുകളില്‍ ചിലതു മാത്രം.
ശ്രീനിവാസന്‍ അരങ്ങൊഴിഞ്ഞതോടെ മലയാള സിനിമ അനാഥമായെന്ന് വേണമെങ്കില്‍ വിലയിരുത്താം. കഴിഞ്ഞ ഞായറാഴ്‌ച്ച കണ്ടനാട്ട് വട്ടുകുന്ന് റോഡിലെ പാലാഴി വീട്ടില്‍ ഔദ്യോഗിക ബഹുമതിയ്‌ക്കുശേഷം ചിതയിലെ അഗ്‌നി അക്ഷര തമ്പുരാനെ ഏറ്റുവാങ്ങിയപ്പോള്‍, കണ്ടുനിന്ന പുരുഷാരം തികച്ചും നഷ്ടബോധത്തിന്റെ കാവല്‍ തടങ്കലിലായി. വിമര്‍ശനങ്ങളെ വിവാദമാക്കി ചിരിയുടെ പിന്നാമ്പുറങ്ങളിലൂടെ സിനിമാ പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിച്ച്, മലയാള സിനിമയുടെ ദിശ നിയന്ത്രിച്ച വടക്കുനോക്കി യന്ത്രമാണ് ശ്രീനിവാസന്റെ നിയോഗത്തോടെ നിശ്ചലമായത്.
















