ധാക്ക: ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഹിന്ദു യുവാവ് മരണത്തിന് കീഴടങ്ങി. ശരീത്പൂർ സ്വദേശിയായ മെഡിക്കൽ ഷോപ്പുടമ ഖോക്കോൺ ദാസ് (50) ആണ് മരിച്ചത്.
ഡിസംബർ 31 നാണ് ഇസ്ലാമിസ്റ്റുകൾ ഖോക്കോൺ ദാസിനെ ആക്രമിച്ചത്. ദാസിനെ കത്തികൊണ്ട് കുത്തുകയും മർദ്ദിക്കുകയും പെട്രോൾ ഒഴിച്ച് ശേഷം തീകൊളുത്തുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ് അദ്ദേഹം സമീപത്തെ കുളത്തിലേക്ക് ചാടിയിരുന്നു. 90 ശതമാനം പൊള്ളലേറ്റ ഖോക്കോൺ ദാസിനെ പിന്നീട് ധാക്ക മെഡിക്കല് കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ കൊല്ലപ്പെടുന്ന നാലാമത്തെ ഹിന്ദു യുവാവാണ് ഖോക്കോൺ ദാസ്. മെഡിക്കൽ ഷോപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ദാസിന്റെ ഭാര്യ പറഞ്ഞിരുന്നു. എന്റെ ഭർത്താവ് ഒരു സാധാരണ മനുഷ്യനാണെന്നും ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും അവർ പറഞ്ഞിരുന്നു.
മൂന്ന് ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷം രാവിലെ 7:20 ഓടെയാണ് ദാസ് മരിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ശരീരത്തിന്റെ മുപ്പത് ശതമാനത്തോളം പൊള്ളലേറ്റതായും മുഖത്തും ശ്വാസനാളത്തിലും ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നതായും ഡോക്ടർമാർ പറഞ്ഞു. മൃതദേഹം ഗ്രാമത്തിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ രേഖകൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. കൊലപാതകത്തിന് ശരിയായ അന്വേഷണവും നീതിയും കുടുംബം തേടുന്നുവെന്ന് ഖോകോൺ ദാസിന്റെ അനന്തരവൻ പ്രാന്തോ ദാസ് പറഞ്ഞു . കുറ്റവാളികളിൽ ആരെയും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും തിരിച്ചറിഞ്ഞവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിദ്വേഷം ആശങ്കാജനകമായി വ്യാപിക്കുകയാണ്. അതിക്രൂരമായാണ് ഹിന്ദു സമൂഹം ആക്രമിക്കപ്പെടുന്നത്. ഇടക്കാല സർക്കാരിന്റെ ആശിർവാദത്തോടെയാണ് ഇസ്ലാമിസ്റ്റുകൾ രാജ്യത്ത് അഴിഞ്ഞാടുന്നത്.
















