വാഷിങ്ടൺ: വെനസ്വേലയിലെ യുഎസ് ആക്രമണം സ്ഥിരീകരിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കിയെന്നും ട്രംപ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇരുവരെയും രാജ്യത്തിന് പുറത്ത് എത്തിച്ചെന്നും ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ അറിയിച്ചു.
‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് വെനസ്വേലയ്‌ക്കെതിരെയും അതിന്റെ നേതാവായ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെയും വൻതോതിലുള്ള പ്രഹരം വിജയകരമായി നടത്തിയിരിക്കുന്നു. അദ്ദേഹത്തെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്താക്കിയിരിക്കുന്നു. ഈ പ്രവർത്തനം യുഎസ് നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ചാണ് നടത്തിയത്. വിശദാംശങ്ങൾ ഉടൻ ലഭിക്കും. രാവിലെ 11 മണിക്ക് മാരാലാഗോയിൽ ഒരു വാർത്താ സമ്മേളനം നടക്കും’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
തലസ്ഥാനമായ കാരക്കാസ് അടക്കം ഏഴിടങ്ങളിൽ ആണ് ഇന്ന് വൻ സ്ഫോടനങ്ങൾ ഉണ്ടായത്. ആക്രമണത്തിന് ഉത്തരവിട്ടത് ട്രംപാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. യുഎസ് ആർമി ഹെലികോപ്റ്ററുകളായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
യുഎസ് ആക്രമണം വെനസ്വേലയിലുടനീളം നഗരപ്രദേശങ്ങളെ ബാധിച്ചതായി പ്രതിരോധ മന്ത്രി വ്‌ളാഡിമിർ പാരിനോ ലോപ്പസ് പറഞ്ഞു. അമേരിക്കൻ ഹെലികോപ്റ്ററുകൾ മിസൈലുകളും റോക്കറ്റുകളും വിക്ഷേപിച്ചതായും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും, കാരക്കാസിലെ ഫോർട്ട് ട്യൂണ സൈനിക താവളം ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
















