മദ്യലഹരിയിൽ വാഹനമോടിച്ച് കാൽനടക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിനെ പിന്തുണച്ച് സീരിയല്‍ നടന്‍ ജിഷിന്‍ മോഹന്‍ രംഗത്തെത്തിയിരുന്നു. സിദ്ധാർത്ഥ് ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ മരണപ്പെട്ടതോടെ വീണ്ടും ജിഷിനെതിരെ തിരിയുകയാണ് സോഷ്യല്‍ മീഡിയ. പിന്നാലെ ജിഷിൻ മോഹന് പിന്തുണയുമായി ഭാര്യയും നടിയുമായ അമേയ നായർ രംഗത്തെത്തിയിരിക്കുകയാണ്.
തങ്ങൾ ആൾക്കൂട്ട ആക്രമണത്തെയാണ് എതിർത്തതെന്നും അല്ലാതെ തെറ്റ് ചെയ്തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്നും അമേയ കുറിച്ചു. ജിഷിൻ പങ്കുവച്ച പുതുവത്സര ആശംസകൾക്ക് താഴെ വിമർശനം കടുത്തതോടെയാണ് കമന്റ് ബോക്സിലൂടെ അമേയ നിലപാട് വ്യക്തമാക്കിയത്.
‘‘ചെറുതും വലുതുമായ എല്ലാ പൊങ്കാലയും സ്വീകരിക്കുന്നു. വരിക ഇടുക മാറി നിന്ന് പ്രാകി കഴിഞ്ഞാൽ പോകുക, ഞങ്ങൾ ആരെയും വണ്ടി കയറ്റി കൊന്നിട്ടില്ല, ആരോടും കൊല്ലാൻ ആഹ്വാനം ചെയ്തിട്ടുമില്ല. ആരെങ്കിലും അത് ചെയ്തെങ്കിൽ അതിനെ ന്യായീകരിച്ചിട്ടുമില്ല. ആൾക്കൂട്ട ആക്രമണം (ശിക്ഷ നടപടി) ജനം സ്വീകരിച്ചതിനെതിരെ സംസാരിച്ചു. അതിൽ ഇപ്പോഴും ഒരു മാറ്റവുമില്ല, ആ പറഞ്ഞതിൽ ഒരിഞ്ചു പുറകോട്ടില്ല.’’– അമേയ കുറിച്ചു.











