തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ശ്രീ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി ഗോപുരങ്ങളിലൊന്നിലെ കലശം തകർക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മദ്യപിച്ച 42 വയസ്സുള്ള ആളാണ് വെള്ളിയാഴ്ച അർദ്ധരാത്രിയിൽ ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കയറിയത്. ക്ഷേത്ര ഗോപുരത്തിന് മുകളിൽ കയറിയത് വലിയ സുരക്ഷാ ആശങ്കയ്‌ക്കാണ് വഴി തെളിച്ചിരിക്കുന്നത്.
നിസാമാബാദ് ജില്ലയിൽ നിന്നുള്ള കുഡിതി തിരുപ്പതി എന്നയാളാണ് പിടിയിലായത്. ക്ഷേത്ര മതിൽ ചാടിക്കടന്ന ഇയാൾ, അകത്തെ തടി തൂണുകൾ വഴി ഗോപുരത്തിന് മുകളിൽ കയറുകയായിരുന്നു. ഗോപുരത്തിന് മുകളിലുള്ള വിശുദ്ധ കലശങ്ങൾ ഇയാൾ വലിച്ചുമാറ്റാൻ ശ്രമിച്ചു. ഇതിനിടെ രണ്ട് കലശങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു.
ഗോപുരത്തിന് മുകളിൽ ഒരാളെ കണ്ടതോടെ ക്ഷേത്രം ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തിരുപ്പതി ഈസ്റ്റ് പോലീസും ഫയർഫോഴ്സും ചേർന്ന് കയറുകളും ഇരുമ്പ് ഗോവണികളും ഉപയോഗിച്ചു മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ താഴെയിറക്കിയത്. പോലീസ് ഉദ്യോഗസ്ഥർ ഗോപുരത്തിന് മുകളിലെത്തി ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചപ്പോൾ, ഒരു ക്വാർട്ടർ ബോട്ടിൽ മദ്യം നൽകിയാൽ മാത്രമേ താൻ ഇറങ്ങൂ എന്ന് അയാൾ നിർബന്ധിച്ചു. താഴെയിറങ്ങിയ ശേഷം മദ്യം നൽകാമെന്ന് പോലീസ് ഉറപ്പുനൽകിയതായും തുടർന്ന് അയാൾ ഇറങ്ങാൻ സമ്മതിക്കുകയായിരുന്നു.
നിലവിൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
















