ചാത്തന്നൂര്‍: പടര്‍ന്ന് പന്തലിച്ച് സുഗന്ധം പരത്തി മുല്ലപ്പൂ ഒരു വീടിനെ മൂടി നില്‍ക്കുന്ന അത്ഭുതക്കാഴ്ച കാണാന്‍ ചാത്തന്നൂരില്‍ എത്തണം. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം ഷാജി നിവാസില്‍ ഷാജിയുടെ വീടാണ് മണിമുല്ലയാല്‍ തണല്‍ വിരിച്ചുനില്‍ക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പ് രണ്ട് ചെറിയ തൈ നട്ടത് പിന്നീട് പടര്‍ന്നുപന്തലിക്കുകയായിരുന്നു. അതിനായി കമ്പി കെട്ടിയും മറ്റ് സൗകര്യങ്ങള്‍ ചെയ്തും കൊടുത്തതോടെ വീടിന് തണലായി മാറി. മുല്ലപ്പൂ പൂത്തുലഞ്ഞ് സുഗന്ധം പരത്തിയത് നാട്ടുകാര്‍ക്കും അത്ഭുതക്കാഴ്ചയായി.
ഫോട്ടോ എടുക്കാനും റീല്‍സ് ചിത്രീകരിക്കാനും പലരും ഇവിടെ എത്താറുണ്ട്. മണിമുല്ല ആയതിനാല്‍ ആവശ്യക്കാര്‍ ഉണ്ടെങ്കിലും വില്പന നടത്താനോ വാണിജ്യ രീതിയില്‍ വില്‍ക്കുന്നതിനോ ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഷാജി തയാറല്ല. മുല്ലപ്പൂ വീട്ടുവളപ്പില്‍ വളര്‍ത്താന്‍ എളുപ്പമുള്ള ഒരു സുഗന്ധദ്രവ്യ സസ്യമാണ്. ഇത് പൂക്കുന്നത് വീടിനും പരിസരത്തിനും സൗന്ദര്യം നല്‍കുന്നു. പൂര്‍ണ സൂര്യപ്രകാശം ആവശ്യമുള്ള ഒരു സസ്യമായതിനാലാണ് വീടിന്റെ മുറ്റം തന്നെ തെരഞ്ഞെടുത്തതെന്ന് ഷാജി പറയുന്നു.











