ന്യൂദല്‍ഹി: ജയന്തിയില്‍ ഭാരത കേസരി മന്നത്ത് പദ്മനാഭന് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹ്യസേവനത്തിനായി ജീവിതം സമര്‍പ്പിച്ച മഹദ്‌വ്യക്തിത്വത്തെ അങ്ങേയറ്റം ആദരവോടെ സ്മരിക്കുകയാണെന്ന് അദ്ദേഹം സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
ആത്മാഭിമാനം, സമത്വം, സാമൂഹിക പരിഷ്‌കരണം എന്നിവയില്‍ വേരൂന്നിയതാണ് യഥാര്‍ഥ പുരോഗതിയെന്നു വിശ്വസിച്ച ക്രാന്തദര്‍ശിയായിരുന്നു മന്നം. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിന്റെ അതുല്യ സംഭാവനകള്‍ പ്രചോദനാത്മകമാണ്. നീതിയും അനുകമ്പയും ഐക്യവും നിറഞ്ഞ സമൂഹ സൃഷ്ടിക്കായുള്ള പ്രയാണത്തില്‍ അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ നമ്മെ എക്കാലവും നയിക്കും, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും മലയാളത്തിലും കുറിപ്പുകള്‍ പങ്കുവച്ചു.
മന്നത്ത് പദ്മനാഭനെന്ന മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവിന് പ്രണാമമര്‍പ്പിക്കുന്നതായി അമിത് ഷാ കുറിച്ചു. സാമൂഹിക അനാചാരങ്ങള്‍ക്കെതിരേ പോരാടി, നീതിയും സമത്വവുമുള്ള സമൂഹം കെട്ടിപ്പടുക്കാന്‍ അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. ശക്തമായ ഭാരതം കെട്ടിപ്പടുക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ജീവിതമെന്നും പ്രചോദനമാണ്, അമിത് ഷാ അഭിപ്രായപ്പെട്ടു.
മുതിര്‍ന്ന സാമൂഹിക പരിഷ്‌കര്‍ത്താവും ദേശീയാഭിമാനത്തിന്റെ ഉറവിടവുമായ ഭാരത കേസരി മന്നത്ത് പദ്മനാഭനു പ്രണാമമര്‍പ്പിക്കുന്നതായി നഡ്ഡ കുറിച്ചു. സാമൂഹിക തിന്മകളില്ലാതാക്കാനും സമത്വം പ്രോത്സാഹിപ്പിക്കാനും കേരളത്തില്‍ കൂടുതല്‍ നീതി യുക്തമായ സമൂഹം രൂപപ്പെടുത്തുന്നതിനും അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ മൂല്യങ്ങളും ആദര്‍ശങ്ങളും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭാരതത്തിനായി പ്രവര്‍ത്തിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു, നഡ്ഡ അഭിപ്രായപ്പെട്ടു.












