ന്യൂദല്‍ഹി: സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന എ ഐ ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി ഇലോണ്‍ മസ്‌കിന്‌റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ വെബ്സൈറ്റായ എക്സിന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിന്‌റെ നോട്ടീസ്. സ്ത്രീകളുടെ അന്തസും സ്വകാര്യതയും ഹനിക്കുംവിധം അശ്ലീലമോ സമ്മതമില്ലാത്തതോ ആയ ചിത്രങ്ങള്‍ സൃഷ്ടിക്കുന്നതിനും പോസ്റ്റു ചെയ്യുന്നതിനും എക്‌സിന്‌റെ ഗ്രോക്ക് അടക്കമുള്ള പ്‌ളാറ്റ്‌ഫോമുകള്‍ ഉപയോഗിക്കപ്പെടുന്നുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതിനെതിരെ കമ്പനി സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കണം. നിയമവിരുദ്ധ പോസ്റ്റുകള്‍ ഉടനടി നീക്കം ചെയ്യുകയും വേണം. 72 മണിക്കൂറിനുള്ളില്‍ നടപടി വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്ന പക്ഷം പ്ലാറ്റ്ഫോമിനും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിയമം ലംഘിക്കുന്ന ഉപയോക്താക്കള്‍ക്കുമെതിരെ കര്‍ശനമായ നിയമനടപടികള്‍ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുമെന്ന് നോട്ടീസില്‍ പറയുന്നു.
















