കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി എഐസിസി. കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ ഇക്കാര്യം ഓര്‍മിപ്പിക്കണമെന്നും എഐസിസി, കെപിസിസിയോട് ആവശ്യപ്പെട്ടു.
തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച പ്രകടനം കാഴ്ച വച്ച ശേഷം കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മത്സരിക്കുന്ന മണ്ഡലങ്ങളും ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന സാഹചര്യത്തിലാണ് എഐസിസി മുന്നറിയിപ്പ്.
മുതിര്‍ന്ന നേതാക്കളുടെ പരസ്യപ്രതികരണം ചൂണ്ടിക്കാട്ടി സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് എഐസിസി നേതൃത്വത്തെ സമീപിച്ചിരുന്നു. നിലവില്‍, സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി എഐസിസിയാണ് പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ തവണ 93 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ജയിച്ചത് 21 സീറ്റുകളിലാണ്. നിയമസഭാ മണ്ഡലടിസ്ഥാനത്തില്‍ രൂപീകരിച്ച കോര്‍ കമ്മിറ്റികള്‍ നല്കുന്ന പേരുകള്‍ പരിഗണിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 4, 5 തീയതികളില്‍ ബത്തേരിയില്‍ കോണ്‍ഗ്രസ് ക്യാമ്പ് ചേരുന്നുണ്ട്.
















