ന്യൂദല്‍ഹി: പ്രധാമന്ത്രി മോദി വീണ്ടും അതിശയിപ്പിക്കുകയാണ്. ഇക്കുറി അഞ്ചാമത് ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തില്‍ മോദി ഇന്ത്യയിലെ മുഴുവന്‍ ചീഫ് സെക്രട്ടറിമാര്‍ക്കുമൊപ്പം ചെലവഴിച്ചത് എത്ര മണിക്കൂറാണെന്നോ? 14മണിക്കൂര്‍ നേരം. വികസിതഭാരതം, മെയ്‌ക്ക് ഇന്‍ ഇന്ത്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് തുടങ്ങി ഭാരതത്തിന്റെ മുഖം മാറ്റാനുള്ള ഒട്ടേറെ വിഷയങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ചയായി. ചര്‍ച്ച മാത്രമല്ല, സമയബന്ധിതമായി നടപ്പാക്കേണ്ട കാര്യങ്ങളുടെ പട്ടികയും തയ്യാറാക്കിയതായി അറിയുന്നു.
ഡിസംബര്‍ 26,27,28 തീയതികളില്‍ നടന്ന ഈ യോഗത്തില്‍ ഉദ്ഘാടനപ്രസംഗം തട്ടിവിട്ട് പ്രധാനമന്ത്രിക്ക് അടുത്ത വേദിയിലേക്ക് കുതിക്കാമായിരുന്നു. പക്ഷെ രാജ്യത്തിന്റെ വളര്‍ച്ച വാക്കുകളിലല്ല, പ്രവൃത്തിയിലാണ് എന്ന് വിശ്വസിക്കുന്ന പ്രധാനമന്ത്രിയാണ് ഇത്. അദ്ദേഹം ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ പങ്കെടുത്ത യോഗത്തില്‍ 14 മണിക്കൂര്‍ നേരത്തില്‍ കൂടുതല്‍ നേരവും അവരെ കേട്ടിരിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഭാവി വികസന അജണ്ടകള്‍ ഒന്നൊന്നായി ആ യോഗത്തില്‍ ഇതളിതളായി എടുത്ത് വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കി.
രാജ്യത്ത് ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്ന് പ്രധാനമന്ത്രി ചീഫ് സെക്രട്ടരിമാരോട് ചോദിച്ചിരുന്നു. അവരുടെ പോയിന്‍റുകള്‍ മോദി കുറിച്ചെടുത്തു. 140 കോടി ജനസംഖ്യയുള്ള ഇന്ത്യയുടെ തൊഴിലില്ലായ്‌മ പരിഹരിക്കാനും വികസനം എല്ലാവരിലേക്കും എത്തിക്കാനും ഉല്‍പാദന രംഗം മെച്ചപ്പെട്ടാലേ സാധിക്കൂ എന്ന ലോകരാഷ്‌ട്രങ്ങളിലെ സന്ദര്‍ശനങ്ങളിലൂടെ തിരിച്ചറിയാളാണ് മോദി. അതുകൊണ്ടാണ് സേവനരംഗത്തേക്കാളും ഉല്‍പാദനമേഖലയില്‍ ശ്രദ്ധചെലുത്താന്‍ മോദി ഉല്‍പാദനബന്ധിത സാമ്പത്തിക സൗജനങ്ങള്‍ പ്രഖ്യാപിച്ചത്. ഇതില്‍ ആകൃഷ്ടരായി നിരവധി ആഗോള കമ്പനികള്‍ ഇന്ത്യയെ അവരുടെ ഉല്‍പാദന മേഖലയായി. അതിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ ഉല്‍പാദനം, വൈദ്യുതകാര്‍ ഉല്‍പാദനം, ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളുടെ ഉല്‍പാദനം എന്നീ രംഗങ്ങളില്‍ ഇന്ത്യ കുതിച്ചത്.
ബിസിനസ് സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എങ്ങിനെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള കാര്യങ്ങള്‍ ലളിതമാക്കാം എന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. ഗോവിന്ദന്‍മാഷുടെ ഭാര്യ ഭരിച്ചിരുന്ന മുനിസിപ്പാലിറ്റിയില്‍ വരെ ബിസിനസ് തുടങ്ങാനുള്ള പേപ്പര്‍ ശരിയാക്കിക്കിട്ടാന്‍ വൈകിയതിനാല്‍ ഒരു യുവവ്യവസായസംരംഭകന്‍ ആത്മഹത്യ ചെയ്ത സംഭവം നമുക്ക് മുന്‍പിലുണ്ട്. വന്‍തോതില്‍ കേരളത്തില്‍ ബിസിനസ് സംരംഭത്തിന് പണം മുടക്കാന്‍ തയ്യാറായി മുന്നോട്ട് വന്ന കിറ്റെക്സിന് രാഷ്‌ട്രീയനിറത്തിന്റെ പേരില്‍ കേരളത്തിലെ സര്‍ക്കാര്‍ തടസ്സം നിന്നപ്പോല്‍ കിറ്റെക്സ് സാബുവിന് തെലുങ്കാനയിലേക്ക് പോകേണ്ടിവന്നു. ഇത്തരം അനിഷ്ടസംഭവങ്ങള്‍ പാടില്ല. ബിസിനസ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ പിന്തുണയും പെട്ടെന്ന് നല്‍കണം. ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു.
ഭരണനിര്‍വ്വഹണം ജനങ്ങളിലേക്ക് എളുപ്പം എത്താന്‍ എഐ, പുതിയ സാങ്കേതിക വിദ്യകള്‍ എന്നിവ എങ്ങിനെ പ്രയോജനപ്പെടുത്താം എന്ന കാര്യവും വിശദമായി മോദി ചോദിച്ചറിഞ്ഞു. നിര്‍ദേശങ്ങള്‍ കേട്ടു. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന മെയ് ഡ് ഇന്‍ ഇന്ത്യ ഉല്‍പന്നങ്ങള്‍ ഗുണനിലവാരത്തില്‍ മികവ് പുലര്‍ത്തുന്നവയാണെന്ന് ഉറപ്പുവരുത്താന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചീഫ് സെക്രട്ടറിമാരുടെ നിര്‍ദേശങ്ങള്‍ മോദി കേട്ടിരുന്നു.
ഏകപക്ഷീയമായി ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം കൊടുക്കുന്നതായിരുന്നില്ല മോദിയുടെ രീതി. പകരം ചീഫ് സെക്രട്ടറിമാരെ കേട്ടിരിക്കുകയായിരുന്നു മോദി. വികസനഭാരതത്തിന് ആവശ്യമായ മനുഷ്യവിഭവശേഷിയെ (വിദഗ്ധ തൊഴിലാളികളെ) എങ്ങിനെ വാര്‍ത്തെടുക്കാം എന്നതും ചര്‍ച്ചയായി.
നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതിന് ഒടുവില്‍ ഓരോ ചീഫ് സെക്രട്ടറിമാരില്‍ നിന്നും അവര്‍ ഭാവിയില്‍ നടപ്പാക്കാന്‍ പോകുന്ന പത്ത് കാര്യങ്ങള്‍ മോദി എഴുതി വാങ്ങുകയും ചെയ്തു. അതായത് വാചകമല്ല, പ്രവൃത്തിപഥത്തില്‍ അവ എത്തിക്കുന്നതിനുള്ളള കര്‍മ്മമാര്‍ഗ്ഗങ്ങള്‍ എഴുതി വാങ്ങിയിരിക്കുകയാണ്. ഇനി ഇവ അതത് ചീഫ് സെക്രട്ടറിമാര്‍ സമയബന്ധിതമായി നടപ്പിലാക്കുന്നുണ്ടോ എന്ന് മോദി പരിശോധിക്കും.
















