ഹൈദ്രാബാദ് :ചരിത്രപ്രസിദ്ധമായ ഭീമേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ കപാലീശ്വര സ്വാമി ക്ഷേത്രത്തിലെ പുരാതന ശിവലിംഗം നശിപ്പിച്ചതില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്.നാല് പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് നിയോഗിച്ചിട്ടുളളത്.
ആന്ധ്രാപ്രദേശിലെ അംബേദ്കര്‍ കൊണസീമ ജില്ലയിലാണ് പ്രശസ്തമായ ഭീമേശ്വര ക്ഷേത്രം.
ഡിസംബര്‍ 30 ന് പുലര്‍ച്ചെയാണ് ശിവലിംഗം തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്.പുണ്യ ദിനമായ മുക്കോടി ഏകാദശി ദിനത്തില്‍ ആണ് സംഭവം ഉണ്ടായത്.
അജ്ഞാതര്‍ ചുറ്റിക ഉപയോഗിച്ചാണ് ശിവലിംഗം തകര്‍ത്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.തകര്‍ക്കപ്പെട്ട ശിവലിംഗത്തിന്റെ അവശിഷ്ടങ്ങള്‍ സമീപത്തെ കായലില്‍ എറിഞ്ഞു.സംഭവമുണ്ടായ സ്ഥലത്ത് സി സി ടി വി ക്യാമറകള്‍ ഇല്ലാത്തത് അന്വേഷണത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്.
ഫോറന്‍സിക് സംഘം, ഡോഗ് സ്‌ക്വാഡ് എന്നിവ സ്ഥലത്തെത്തി പരിശോധന നടത്തി.പുരാതന ശിവലിംഗം തകര്‍ക്കപ്പെട്ട സ്ഥലത്ത് അന്ന് തന്നെ പ്രത്യേക പൂജകളോടെ ആചാര വിധി പ്രകാരം അധികൃതര്‍ പുതിയ ശിവലിംഗം പ്രതിഷ്ഠിച്ചിട്ടുണ്ട്.സംഭവത്തെ കുറിച്ച് അന്വേഷിച്ച മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.
ശിവലിംഗം തകര്‍ത്ത സംഭവം ഹിന്ദു വിശ്വാസത്തിനും പൈതൃകത്തിനും നേരെയുള്ള ആക്രമണമാണെന്ന് ബി ജെ പി കുറ്റപ്പെടുത്തി.സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി.വി.എന്‍. മാധവ് ആവശ്യപ്പെട്ടു.
















