തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മൂന്നാം പ്രതി മുൻ ദേവസ്വം കമ്മീഷണർ എൻ വാസു ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിച്ചുവെന്ന് ജാമ്യാപേക്ഷയിൽ വാസു പറയുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് വാസുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
ശബരിമല കട്ടിളപ്പാളിയിൽ സ്വർണ്ണം പൊതിഞ്ഞതായി രേഖകളില്ലെന്ന് എൻ വാസു ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദേവസ്വം രേഖകകളിൽ സ്വർണം പൂശിയതായോ പൊതിഞ്ഞതായോ ഇല്ലെന്ന് വാസുവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇതു കേട്ട കോടതി അങ്ങനെയെങ്കിൽ ഈ കേസ് തന്നെ ഇല്ലല്ലോ എന്ന് മറുപടി നൽകി.
ശബരിമലയിലെ കമ്മീഷണറായിരുന്ന വാസുവിന് അവിടെയുള്ള കാര്യങ്ങളെ കുറിച്ച് ധാരണ ഉണ്ടാകേണ്ടിയിരുന്നുവെന്നും അവിടെ നേരത്തെ സ്വർണം പൂശിയ കാര്യം വാസു അറിഞ്ഞിരിക്കേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു. സ്വർണം പൂശാനുള്ള കത്ത് ദേവസ്വം ബോർഡിലേക്ക് കൈമാറുമ്പോൾ മുൻപ് സ്വർണം പൊതിഞ്ഞതായിരുന്നുവെന്ന് രേഖപ്പെടുത്തേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
എന്നാൽ ഇതിനിടെയാണ് പുതിയ വാദവുമായി അഭിഭാഷകനെത്തിയത്. എന്നാൽ കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞിരുന്നുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.
















