കൊച്ചി: ‘സേവ് ബോക്സ്’ ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിച്ച് നടൻ ജയസൂര്യ. നിയമാനുസൃതമായി സാമ്പത്തിക ഇടപാടുകള്‍ നടത്തി നികുതി അടക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരന്‍ മാത്രമാണ് താനെന്നും തന്നെ കുറിച്ചുള്ള നുണ പ്രചരണം അവസാനിപ്പിക്കണമെന്നും ജയസൂര്യ പറഞ്ഞു.
പരസ്യ ആവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ആർക്കെങ്കിലും ഊഹിക്കാൻ സാധിക്കുമോ എന്നും ജയസൂര്യ ചോദിച്ചു.
ഏഴാം തീയതി വീണ്ടും ഹാജരാകാൻ തനിക്ക് നിർദേശം ലഭിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ചാനലുകളിലൂടെ അല്ലാതെ നേരിട്ട് സമൻസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയായിരുന്നു മാധ്യമങ്ങൾക്കെതിരെയുള്ള താരത്തിന്റെ പ്രതികരണം.
കഴിഞ്ഞ രണ്ട് ദിവസമായി തനിക്കെതിരെ വലിയ രീതിയിലുള്ള നുണപ്രചരണമാണ് നടക്കുന്നതെന്ന് ജയസൂര്യ പറഞ്ഞു. ‘ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ എനിക്കോ എന്റെ ഭാര്യയ്‌ക്കോ ഇഡിയിൽ നിന്ന് സമൻസ് ലഭിച്ചിട്ടില്ല. നേരത്തെ 24-നും 29-നും ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ തങ്ങൾ കൃത്യമായി ഹാജരായി മൊഴി നൽകിയതാണ്. വസ്തുനിഷ്ഠമായി വാർത്തകൾ എത്തിക്കേണ്ട മാധ്യമങ്ങൾ ഈ വിധം അധഃപതിക്കുന്നത് കാണുമ്പോൾ സഹതപിക്കുകയേ നിർവാഹമുള്ളൂ. മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലം… എന്താല്ലേ!’ .ജയസൂര്യ കുറിച്ചു.
പരസ്യ ആവശ്യങ്ങൾക്കായി സമീപിക്കുന്നവർ ഭാവിയിൽ എന്തൊക്കെ തട്ടിപ്പുകൾ നടത്തുമെന്ന് മുൻകൂട്ടി ഊഹിക്കാൻ കഴിയില്ലെന്നും ജയസൂര്യ വിശദീകരിച്ചു. കൃത്യമായി നികുതി അടയ്‌ക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂർ സ്വദേശി സ്വാദിക് റഹിം ആരംഭിച്ച സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. നൂറിലേറെ പേരിൽ നിന്ന് കോടികൾ തട്ടിയെടുത്ത സ്വാദിക്കുമായി ജയസൂര്യ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് തവണയായി പത്ത് മണിക്കൂറിലേറെ നേരത്തെ താരത്തെ ചോദ്യം ചെയ്തിരുന്നു.














