കേരളത്തിലെ നിബിഡ വനാന്തരമായ ശബരിമലയുടെ മുകളില്‍, ധ്യാനമുദ്രയില്‍ ഇരിക്കുന്ന ബാലദേവനായ സ്വാമി അയ്യപ്പന്‍ ഭക്ത ഹൃദയങ്ങളില്‍ ധര്‍മ്മരക്ഷകനായും ആത്മനിയന്ത്രണത്തിന്റെ പ്രതീകമായും വാഴുന്നു. മലകയറല്‍ പൂര്‍ത്തിയാക്കി, പതിനെട്ട് പടികള്‍ ചവിട്ടി, ദേവ സ്വരൂപത്തെ കണ്മുമ്പില്‍ കാണുന്ന നിമിഷം, ഭക്തന് അത് ആരാധനയല്ല ആത്മാവബോധത്തിന്റെ ഉണര്‍വ്വാണ്. അയ്യപ്പ ചരിതം പുരാണ കഥകളുടെ അതിരുകള്‍ കടന്ന് മനുഷ്യന്റെ ആന്തരിക ആത്മയാത്ര കൂടിയാകുന്നു.
വിരുദ്ധതകളുടെ ഐക്യം
ദൈവിക വിരുദ്ധതകളുടെ സമന്വയത്തിലാണ് അയ്യപ്പന്റെന ജനനം. ശിവനും മോഹിനി രൂപത്തില്‍ വിഷ്ണുവും തമ്മിലുള്ള സംഗമത്തിലാണ് അയ്യപ്പന്‍ ജനിച്ചത്. അതുകൊണ്ട് അദ്ദേഹം ഹരിഹരപുത്രന്‍- സംഹാരത്തിന്റെയും സംരക്ഷണത്തിന്റെയും ജ്ഞാനത്തിന്റെയും ശക്തിയുടെയും ദൈവിക സംഗമം ആകുന്നു.
ഇത് കേവലം ഒരു കഥയല്ല, പ്രതീകമാണ് ബോധവും ഊര്‍ജ്ജവും ഒന്നാകുന്ന യോഗാവസ്ഥയുടെ ചിഹ്നം. അയ്യപ്പന്‍ വിവിധ വിഭാഗങ്ങളുടെയും മതങ്ങളുടെയും അതിരുകള്‍ കടന്ന്, ദൈവിക ഐക്യത്തിന്റെ് പ്രതീകമായി നിലകൊള്ളുന്നു.
ആത്മീയ പ്രതീകം
അയ്യപ്പന്റെ കഥയിലെ ഓരോ ഘട്ടവും ആത്മീയയാത്രയിലെ പുരോഗതിയുടെ സൂചനയാണ്. മഹിഷി എന്ന ദാനവിയുടെ യഥാര്‍ത്ഥ അര്‍ത്ഥം അഹങ്കാരവും മോഹവും ആഗ്രഹവുമാണ്. അതായത് മനുഷ്യന്റെ മനസ്സിനെ മൂടുന്ന അജ്ഞത. മഹിഷിയെ അയ്യപ്പന്‍ കീഴടക്കുന്നതു കരുത്തുകൊണ്ടല്ല, വിശുദ്ധിയാലും അനുഷ്ഠാനത്താലും ശാന്തിയാലുമാണ്. അതുകൊണ്ട് അയ്യപ്പന്റെ വിജയം ആത്മവിജയം അഥവാ അജ്ഞതയെ മറികടക്കുന്ന ബോധത്തിന്റെ ജയമാണ്.
മഹിഷിയെ സംഹരിച്ചശേഷം അദ്ദേഹം വനത്തിലേക്ക് മടങ്ങുന്നു. അതും ഗഹനമായ പ്രതീകമാണ്. ഇവിടെ വനം പ്രകൃതിയിലെ ഒരു സ്ഥലമല്ല; അത് മനസ്സിലെ വനമാണ് ആഗ്രഹങ്ങളും ഭയങ്ങളും ആശങ്കകളും നിറഞ്ഞ ഘോരവനം. ശബരിമലയിലേക്കുള്ള കഠിനയാത്ര അന്ധകാരത്തിലൂടെ പ്രകാശത്തിലേക്കുള്ള ആത്മാവിന്റെ യാത്രയാണ്.
പരിവര്‍ത്തനത്തിന്റെ വ്രതപാത
ശബരിമല യാത്രയ്‌ക്കു മുമ്പ് അനുഷ്ഠിക്കുന്ന നാല്‍പ്പത്തൊന്നു ദിവസത്തെ വ്രതം ഭക്തനെ ആന്തരികമായി പുനര്‍ജ്ജനിപ്പിക്കുന്നു. ബ്രഹ്‌മചര്യം, സത്യം, ലാളിത്യം, നിയന്ത്രണ നിഷ്ഠകള്‍ എന്നിവയിലൂടെ ഈ നാല്പത്തൊന്നു ദിവസങ്ങള്‍ ശരീരത്തിന്റെ,യും മനസ്സിന്റെയും ശുദ്ധീകരണ യാത്രയാണ്.
കറുപ്പ് അല്ലെങ്കില്‍ നീല വസ്ത്രം ധരിക്കുന്നത് ത്യാഗത്തിന്റെയും സമത്വത്തിന്റെിയും പ്രതീകമാകുന്നു. കറുപ്പ് എല്ലാ വര്‍ണ്ണങ്ങളെയും ഉള്‍ക്കൊള്ളുന്നു; അതുപോലെ യഥാര്‍ത്ഥ ഭക്തന്‍ സന്തോഷത്തെയും ദുഃഖത്തെയും ഒരുപോലെ സ്വീകരിക്കുന്നു. ഈ കാലയളവില്‍ എല്ലാ ഭക്തരും ‘സ്വാമി’ ആകുന്നു. സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കുന്ന ആത്മീയ സമത്വാവസ്ഥ ആണിത്.
തലയില്‍ വഹിക്കുന്ന ഇരുമുടിക്കെട്ട് ജീവിതഭാരങ്ങളുടെയും കര്‍മ്മഫലങ്ങളുടെയും പ്രതീകമാകുന്നു. സന്നിധാനത്ത് എത്തി അത് സമര്‍പ്പിക്കുന്നത് ആത്മസമര്‍പ്പണത്തിന്റെ നിമിഷമാണ്.
സ്വന്തം ഭാരം ഭഗവാനില്‍ ഇറക്കിവെച്ച് ആത്മലയം നല്‍കുന്ന ശാന്തിയുടെ അവാച്യ നിമിഷം.
വനത്തിലെ ദൈവം ആത്മാവിന്റൈ പ്രതീകം
എന്തുകൊണ്ടാണ് അയ്യപ്പന്‍ വനത്തിനുള്ളിലെ മലമുകളില്‍ സ്ഥിതിചെയ്യുന്നത്? വനം പ്രകൃതിയുടെ ശുദ്ധിയുടെയും മൗനത്തിന്റെയും പ്രതീകമാണ്. അതിനകത്തേക്ക് നടത്തുന്ന യാത്ര, സങ്കടങ്ങളുടെയും ഭയങ്ങളുടെയും വഴിയിലൂടെ മനസ്സിന്റെ ശാന്തിയിലേക്കുള്ള പ്രവേശനമാണ്.
പെരിയാര്‍ കടുവാ സങ്കേതത്തിന്റെ നടുവിലെ ശബരിമല പ്രകൃതിയോടുള്ള മനുഷ്യനിലെ മഹിതമായ വിനയത്തിന്റെറ ഓര്‍മ്മപ്പെടുത്തലാണ്. മല കയറി ദേവനെ കാണുന്ന അനുഭവം ആത്മാവിനുള്ളിലെ നിശ്ചലതയെ കാണുന്നതാണ്. അയ്യപ്പന്‍ വന കഥയിലെ ദൈവമല്ല, മനസ്സിന്റെ ആഴങ്ങളിലെ നിശ്ചല സാന്നിധ്യമാണ്.
കരുണയും ഐക്യവും അയ്യപ്പന്റെ സന്ദേശം
അയ്യപ്പന്‍ എന്ന ധര്‍മ്മശാസ്താവ് ധര്‍മ്മത്തിന്റെ ഉപദേശകനും സംരക്ഷകനുമാണ്. യോദ്ധാവും യോഗിയും ഒരുമിച്ച പ്രതീകമാണത്. അദ്ദേഹം ശക്തിയും കരുണയും നിയമവും ദയയും തമ്മിലുള്ള സമന്വയമാണ്. അയ്യപ്പന്‍ മനുഷ്യരാശിയോട് ഒരു നിത്യസന്ദേശം നല്‍കുന്നു ദൈവീകത മതാതീതമാണ്. സത്യസന്ധമായ എല്ലാ വഴികളും ഒരേ പ്രകാശത്തിലേക്കാണ് നയിക്കുന്നത്. ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന ശരണമന്ത്രം കീഴടങ്ങലിന്റെ പ്രതീകമാണ്. അത് അഹങ്കാരത്തിന്റെ അസ്തമയവും ആത്മാവിന്റെ ഉദയവുമാണ്.
ദൈവികതയിലേക്കുള്ള ലയനം. നിത്യസന്ദേശം അകത്തുള്ള മല
അയ്യപ്പന്റെ സന്ദേശം കാലാതീതമാണ്. കലഹത്തിന്റെയും ആഡംബരത്തിന്റെയും ഈ കാലഘട്ടത്തില്‍ അയ്യപ്പധര്‍മ്മം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് അനുഷ്ഠാനത്തിന്റെയും സമത്വത്തിന്റെയും കരുണയുടെയും ആത്മജ്ഞാനത്തിന്റെയും പാതയാണ്. യഥാര്‍ത്ഥത്തില്‍ അയ്യപ്പന്റെ ക്ഷേത്രം ഒരു മലമുകളിലല്ല; അത് മനുഷ്യ ബോധത്തിന്റെ നെറുകയില്‍ സ്ഥിതി കൊള്ളുന്നു. മലകയറി ഭക്തന്‍ അയ്യപ്പന്റെ ശാന്തമുഖം കാണുമ്പോള്‍, കഠിനയാത്രയുടേയും ഉപവാസത്തിന്റെയും വേദനയുടേയും എല്ലാം അര്‍ത്ഥം ഒരൊറ്റ മൗനത്തില്‍ ലയിക്കുന്നു.
ആ മൗനം ശൂന്യതയല്ല, അത് നിറവാണ്. അതാണ് സത്യം: ദൈവം പുറത്തല്ല, ഉള്ളിലാണ്. അതു തന്നെയാണ് തത്ത്വമസി.
















