ലണ്ടന്‍: മലയാള ഭാഷയ്‌ക്ക് പുതുവത്സര സമ്മാനമായി ലണ്ടനിലെ ടൈം ലെജന്‍ഡ് ഗ്രൂപ്പ് രണ്ട് മലയാള കൃതികള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി ഇന്നലെ പുറത്തിറക്കി. എസ്. മഹാദേവന്‍ തമ്പിയുടെതാണ് രണ്ട് കൃതികളും.
രാധിക പി. മേനോന്‍ മൃത്യുസൂത്ര എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ തമ്പിയുടെ മൃത്യുസൂത്രം എന്ന നോവലും പി. മുരളീധരനും എം. ശ്രീനന്ദനും ചേര്‍ന്ന് വിവര്‍ത്തനം ചെയ്ത തമ്പിയുടെ തെരഞ്ഞെടുത്ത കഥകളുമാണ് (വീപ്പിങ് നീഡില്‍) പുറത്തുവന്നത്. മലയാളത്തിലെ ഒരു എഴുത്തുകാരന്റെ രണ്ട് കൃതികള്‍ ഒരേ ദിവസം ലണ്ടനില്‍ പുറത്തിറങ്ങുന്നത് ഇതാദ്യമാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഹിന്ദി ഉള്‍പ്പെടെയുള്ള ഭാരതീയ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള മൃത്യുസൂത്രം അബുദാബി ശക്തി അവാര്‍ഡും ദേവസ്വം ബോര്‍ഡിന്റെ മാധവമുദ്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. തമ്പിയുടെ ഒരു ഡസന്‍ മികച്ച കഥകളുടെ വിവര്‍ത്തന സമാഹാരമാണ് വീപ്പിങ് നീഡില്‍.
കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച തമ്പിയുടെ ആസാദി, പര്‍ജ്, എവിക്റ്റഡ് ഫ്രം ഹെവന്‍ എന്നീ കൃതികള്‍ ഇംഗ്ലീഷ് വായനക്കാരില്‍ നിന്ന് ഏറെ പ്രശംസ നേടിയിട്ടുണ്ട്.
മഹാദേവന്‍ തമ്പിയുടെ അശാന്തമായ ശ്രീലങ്കന്‍ സമുദ്രങ്ങളുടെ ആഴച്ചുഴികളെപ്പറ്റി പറയുന്ന അലകളില്ലാത്ത കടല്‍ എന്ന നോവല്‍ പ്രശസ്തമാണ്. അദ്ദേഹത്തിന്റെ ജലപര്‍വ്വം മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലെന്നാണ് അറിയപ്പെടുന്നത്. കശ്മീരിന്റെ പശ്ചാത്തലത്തിലെഴുതിയ ആസാദി എന്ന നോവല്‍ അഞ്ച് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്റെ നീല സമുദ്രം, കണ്ടല്‍ക്കാട്, അധിനിവേശം, അതിരുകള്‍, ശിശിരത്തിലെ സൂര്യന്‍, ആകാശങ്ങളുടെ അവകാശികള്‍ എന്നിവയാണ് കഥാസമാഹാരങ്ങള്‍. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡും ഉറൂബ് അവാര്‍ഡും മഹാദേവന്‍ തമ്പിയെ തേടിയെത്തിയിരുന്നു. മുതുകുളമാണ് അദ്ദേഹത്തിന്റെ ജന്മദേശമെങ്കിലും ഏറെക്കാലമായി തിരുവനന്തപുരത്താണ്. ദല്‍ഹി സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തിലും ധനതത്വ ശാസ്ത്രത്തിലും ബിരുദം നേടിയ അദ്ദേഹം ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ അഡി. ഡയറക്ടറായിരുന്നു. മഹാദേവന്‍ തമ്പി കേന്ദ്രസാഹിത്യ അക്കാഡമിയുടെ ഭരണസമിതി അംഗവുമാണ്.
















