തിരുവനന്തപുരം: ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനും, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇഎല്‍ (ഇന്ത്യ) ലിമിറ്റഡും 25 വനിതകള്‍ക്കുള്ള സൗജന്യ സ്ത്രീ ശാക്തീകരണ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതി നടപ്പാക്കാന്‍ ധാരണാ പത്രത്തില്‍ ഒപ്പു വച്ചു. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ (കോമീസ് ഷെഫ്) എന്ന ആറു മാസം ദൈര്‍ഘ്യമുള്ള സൂപ്പര്‍വൈസറി പരിശീലനമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്ലസ്ടു വിജയിച്ച വനിതകള്‍ക്ക് പൂര്‍ണമായും സൗജന്യ പരിശീലനമാണ് ലഭിക്കുക.
ടാറ്റ കമ്മ്യൂണിറ്റി ഇനീഷിയേറ്റീവ് ട്രസ്റ്റ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് , ഐഐഐസി എന്നീ മൂന്നു സ്ഥാപനങ്ങളും സംയുക്തമായാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. ആറു മാസത്തെ പരിശീലനത്തില്‍ നാലു മാസം പ്രായോഗിക ക്ലാസുകള്‍ ഐഐഐസിയിലെ ലാബുകളിലായി ക്രമീകരിച്ചിട്ടുണ്ട്. രണ്ടു മാസം രാജ്യത്തെ മുന്‍ നിര ഹോട്ടലുകളില്‍ മേഖലാ പരിശീലനം ഉണ്ടായിരിക്കും. സ്വദേശത്തും വിദേശത്തുമായി നിരവധി ജോലി സാദ്ധ്യതകള്‍ ഈ മേഖലയില്‍ ഉണ്ട്. പദ്ധതിയുടെ ഭാഗമായി പ്രവേശനം നേടുന്ന മുഴുവന്‍ ആളുകള്‍ക്കും ജോലി ലഭിക്കുവാനുള്ള സാഹചര്യം ഐഐഐസി ഒരുക്കും. ഐആര്‍ഇഎല്‍ ഇന്ത്യയുടെ സിഎസ്ആര്‍ ഫണ്ട് ആണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്.
















