കൊച്ചി: നടൻ ജയസൂര‍്യയ്‌ക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് നോട്ടീസ് അയച്ചു. സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസിൽ ജനുവരി ഏഴിന് ചോദ‍്യം ചെയ്യലിന് ഹാജരാവാൻ ആവശ‍്യപ്പെട്ടുകൊണ്ടാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ജയസൂര്യയെ വീണ്ടും വിളിപ്പിക്കുമെന്ന് ഇ.ഡി. വൃത്തങ്ങൾ കഴിഞ്ഞദിവസംതന്നെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇഡി ഓഫിസിൽ വിളിച്ചുവരുത്തി ജയസൂര‍്യയെ ചോദ‍്യം ചെയ്തിരുന്നു. സേവ് ബോക്സ് ആപ്പ് ഉടമ സാദിഖ് റഹീമുമായുള്ള ജയസൂര‍്യയുടെ സാമ്പത്തിക ഇടപാടുകളിൽ വീണ്ടും പരിശോധന നടത്തും. സേവ് ബോക്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. കരാറിന്റെ ഭാഗമായി ജയസൂര്യക്ക് ലഭിച്ച പണം, സ്ഥാപനം നടത്തിയ തട്ടിപ്പിൽനിന്നുള്ളതാണ് എന്നാണ് ഇഡിയുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയസൂര്യയെ ഇഡി വീണ്ടും വിളിപ്പിച്ചത്.
സേവ് ബോക്സ് എന്ന പേരിൽ വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാമെന്ന പേരിൽ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ സിനിമാതാരങ്ങളെ ചോദ്യം ചെയ്‌തേക്കും.
















