തിരുവനന്തപുരം: എല്ലാവര്‍ക്കും ഒരു പോലെ പ്രിയങ്കരിയായ ശാന്താകുമാരിയമ്മയെ കുറിച്ച് പറയാന്‍ ഏറെ. തിരുവനന്തപുരം മുടവന്‍മുകളിലെ ഹില്‍വ്യൂവിലെ തറവാട്ടു മുറ്റത്ത് ഒത്തുകൂടുന്ന സുഹൃത്തുക്കള്‍ക്ക് സ്‌നേഹവും വാത്സല്യവും വിളമ്പാന്‍ ആ അമ്മ ഒരു പിശുക്കും കാണിച്ചിരുന്നില്ല. മകനോടൊപ്പം സുഹൃത്തുക്കളെയും ചേര്‍ത്ത് പിടിക്കാനും അവര്‍ക്ക് ഇഷ്ടഭക്ഷണങ്ങള്‍ വിളമ്പാനും അവരുടെ കുസൃതികള്‍ക്ക് കൂട്ടുനില്‍ക്കാനും ശാന്താകുമാരിയമ്മ മടി കാണിച്ചിരുന്നില്ല.
ഇന്ന് ഈ ലോകത്ത് നിന്ന് അമ്മ വിടവാങ്ങുമ്പോള്‍ നഷ്ടം സുഹൃത്തുക്കള്‍ക്ക് കൂടിയാണ്. ബാല്യകാലത്ത് തുടങ്ങിയ ആത്മബന്ധം പെട്ടെന്ന് നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് നിര്‍മാതാവ് സുരേഷ് കുമാര്‍. ബാല്യകാലത്ത് സുഹൃത്തുക്കളെല്ലാം ഒത്തുകൂടിയിരുന്നത് മുടവന്‍മുകളിലെ വീട്ടിലായിരുന്നു. അഞ്ചാം ക്ലാസ്സ് മുതല്‍ ലാലിന്‍ന്റെ ഒപ്പം പഠിച്ചതാണ്. 69 മുതലുള്ള ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. അമ്മയ്‌ക്ക് ഞങ്ങളെ എല്ലാം വലിയ കാര്യമായിരുന്നു. കോളജില്‍ ആയപ്പോള്‍ ഞങ്ങളെല്ലാം ലാലിന്റെ വീട്ടില്‍ കംപെയ്ന്‍സ്റ്റഡി എന്ന പേരില്‍ ഒത്തു ചേരും, എന്നിട്ട് അവിടെ പഠനമൊന്നും അല്ല നടക്കുന്നത്, എല്ലാവരും ഉഴപ്പാണ്. ഇടക്ക് അമ്മ വന്നു നോക്കും, എല്ലവരും കൂടി ഇരുന്ന് പഠിത്തം ആയിരിക്കണം നടക്കുന്നത് കേട്ടോ എന്നൊക്കെ പറഞ്ഞിട്ട് പോകും. ചിലപ്പോഴൊക്കെ എന്റെ വീട്ടില്‍ അല്ലെങ്കില്‍ ലാലിന്റെ വീട്ടില്‍ ഞങ്ങള്‍ ഒത്തുകൂടും. കുസൃതി കുറച്ചു കൂടിയ പിള്ളേര് ആയിരുന്നു ഞങ്ങള്‍. ഞങ്ങള്‍ പഠിക്കുമ്പോള്‍ ഇടയ്‌ക്കിടെ അമ്മ ചായ ഇട്ടുകൊണ്ടുവന്നു തരുമായിരുന്നു. എപ്പോള്‍ ചെന്നാലും ഭക്ഷണം റെഡി ആണ്, കഴിക്കാതെ പോകാന്‍ പറ്റില്ല, ഉച്ചയ്‌ക്ക് ആയാലും രാത്രിയില്‍ ആയാലും കഴിച്ചിട്ടേ അമ്മ അവിടെ നിന്ന് വിടൂ. ഞങ്ങളെപ്പോലെ കുറേ കൂട്ടുകാര്‍ എപ്പോഴും അവിടെ ഉണ്ടാകും. അമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണത്തിന്റെ രുചി ഇപ്പോഴും നാവിലുണ്ട്. അതൊക്കെ മനസ്സില്‍ മരിക്കാതെ കിടക്കുന്ന ഓര്‍മകളാണെന്ന് വളരെ വൈകാരികമായി സുരേഷ് കുമാര്‍ പറയുന്നു.
ലാലിന്റെ ആദ്യത്തെ പടമായ ‘തിരനോട്ടം’ ലാലിന്റെ വീട്ടില്‍ വച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്. സിനിമയിലെ കുറെകാര്യങ്ങള്‍ ഒക്കെ അവിടെയാണ് എടുത്തത്. അന്നൊക്കെ എല്ലാവരുടെയും ഊണും കിടപ്പും ഒക്കെ വീട്ടില്‍ തന്നെ. അമ്മ ഒരിക്കല്‍ പോലും ഞങ്ങളോട് മുഖം കറുത്ത് സംസാരിച്ചിട്ടില്ല. ഞങ്ങള്‍ ഓരോന്ന് കൊണ്ട് അവിടെയും ഇവിടെയും തട്ടുകയും മുട്ടുകയും ചെയ്യുമ്പോള്‍ ഇടയ്‌ക്കിടെ പറയും ‘എല്ലാം കൂടെ എടുത്തോണ്ട് പോകേണ്ടി വരുമെ’ വീടിന്റെ ചുറ്റുവട്ടത്ത് ഒന്നുരണ്ടു ആന്റിമാര്‍ ഉണ്ടായിരുന്നു, അവരുമായി അമ്മ നല്ല സൗഹൃതത്തിലായിരുന്നു. അവിടെയുള്ള നാട്ടുകാര്‍ക്കും പ്രിയങ്കരിയായിരുന്നു ശാന്താകുമാരിയമ്മ.
















