ഒരു പവൻ സ്വർണത്തിന്റെ വില ലക്ഷവും കടന്നിരിക്കുകയാണ്. ലോകത്തിൽ ഏറ്റവും അധികം സ്വർണം കണ്ടെത്തുന്ന രാജ്യം നമ്മുടെ അയൽക്കാരായ ചൈനയാണ്. നൂറിന്റെയോ ആയിരത്തിന്റെയോ കണക്കുകളല്ല മറിച്ച് ലക്ഷക്കണക്കിന് കിലോ സ്വർണമാണ് ചൈന പ്രതിവർഷം കുഴിച്ചെടുക്കുന്നത്.
2024ലെ കാര്യം മാത്രം എടുത്താൽ 380 മെട്രിക് ടൺ സ്വർണം ചൈന ഉത്പാദിപ്പിച്ചതായാണ് റിപ്പോർട്ട്. അതായത് ഒറ്റവർഷം 3, 80,000 കിലോഗ്രാം സ്വർണമാണ് ചൈന ഉത്പാദിപ്പിച്ചത്. ഹെനാനിലെ പിങ്ജിയാങ് പ്രവിശ്യയിലാണ് ഈ സ്വർണ്ണ നിക്ഷേപമുള്ളത്.ആയിരം മെട്രിക് ടൺ സ്വർണം ഈ പ്രദേശത്ത് ഉണ്ടാകാം എന്നാണ് റിപ്പോർട്ടുകൾ .
ഷാൻഡോങ്, ജിയാങ്സി എന്നീ പ്രവിശ്യകളും ചൈനയിലെ സ്വർണ ഉത്പാദനത്തിൽ മുൻനിരയിലുണ്ട്.മരുഭൂമികൾ, നദീതടങ്ങൾ, പർവതങ്ങൾ, പീഠഭൂമികൾ എന്നിവയടക്കം വ്യത്യസ്ത ഭൂപ്രകൃതികൾ ഉൾപ്പെടുന്ന രാജ്യമാണ് ചൈന. ഈ വ്യത്യസ്തതയും അവയുടെ വ്യാപ്തിയും സ്വർണമടക്കമുള്ള ധാതുക്കൾ കണ്ടെത്തുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു.
ഭൗമാന്തർഭാഗങ്ങളിൽ നിന്നു ചുടു നീരുറവകൾ ധാതുക്കളെ മുകളിലേക്ക് പുറന്തള്ളുന്നതോടെ ഭൂമിയുടെ ആഴങ്ങളിൽ സ്ഥിതിചെയ്യുന്ന പഴക്കം ചെന്ന കട്ടിയേറിയ പാറകൾക്കുള്ളിൽ സ്വർണം രൂപപ്പെടുന്നു. ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിയിടിച്ചത് മൂലം രൂപപ്പെട്ട കിൻലിങ്, ടിയാൻഷെൻ പോലെയുള്ള അതിപുരാതന പർവ്വതനിരകൾ ചൈനയിലുണ്ട്.
ഇത്തരത്തിൽ ഫലകങ്ങൾ കൂട്ടിയിടിച്ചു ഭൂമിയിൽ ഉണ്ടാകുന്ന വിള്ളലുകളിലൂടെ സ്വർണം നിറഞ്ഞ ദ്രാവകങ്ങൾ ചലിക്കുകയും പിന്നീട് ഉറയ്‌ക്കുകയും ചെയ്യുന്നു. ഇത് മൂലമാണ് ചൈനയുടെ പർവത ബെൽറ്റുകളിൽ സ്വർണം ധാരാളമായി കണ്ടെത്തുന്നത്.പാറക്കെട്ടുകൾക്കുള്ളിലെ സ്വർണം കാലക്രമേണ അവയിലൂടെ ഒഴുകുന്ന നദികളിലൂടെ താഴ്വാരങ്ങളിലേക്ക് എത്തുന്നുണ്ട്. ഇത്തരത്തിലാണ് ഷാൻഡോങ് പോലെ നദീതടങ്ങളിൽ സ്വർണം എത്തുന്നത്.
















