ആറര കോടി വർഷം മുൻപ് ക്രെറ്റേഷ്യസ് കാലഘട്ടത്തിൽ പതിച്ച ഒരു ഛിന്നഗ്രഹമുണ്ടാക്കിയ പ്രത്യാഘാതത്തിലാണ് ദിനോസറുകളുടെ വംശം ഭൂമിയിൽ നിന്നു കുറ്റിയറ്റത്. ദിനോസറുകൾ ഉരഗവർഗത്തിൽപെട്ട ബൃഹത്തായ ജീവിവംശമായിരുന്നു. അനേകം തരം ജീവിവർഗങ്ങൾ ദിനോസറുകളിലുണ്ടായിരുന്നു. വിവിധമായ ശരീരവലുപ്പവും ഭക്ഷണരീതികളും സ്വഭാവ സവിശേഷതകളുമൊക്കെ പുലർത്തിയവയായിരുന്നു ഇവ. ദിനോസറുകളിലെ വ്യത്യസ്തനായൊരു കഥാപാത്രമായിരുന്നു നോഡോസർ.
സ്പീഡിൽ വരുന്ന ഒരു കാറിന്റെ ഇടി പോലും തരണം ചെയ്യാനുള്ള ശേഷി ഇവയ്‌ക്ക് ഉണ്ടായിരുന്നു.ഈ ദിനോസറുകളുടെ ഫോസിലുകൾ പരിശോധിച്ചാണ് ഗവേഷകർ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. സസ്യാഹാരിയായ ഈ ദിനോസർ 18 അടി വരെ നീളമുള്ളവയാണ്. 11 കോടി വർഷം മുൻപാണ് ഇവ ജീവിച്ചിരുന്നത്.
മനുഷ്യരുടെ നഖത്തിലൊക്കെയുള്ള കെരാറ്റിൻ എന്ന ജൈവ വസ്തുവാണ് ഈ ദിനോസറുകൾക്ക് ശക്തമായ സംരക്ഷണ കവചം ഒരുക്കിയത്. നോഡോസറുകൾക്കിടയിൽ വലുപ്പം കുറഞ്ഞതും കൂടിയതുമായ ജീവിവർഗങ്ങൾ ഉണ്ടായിരുന്നു. നോഡോസർ ഗണത്തിൽ വളരെ പ്രശസ്തമായ ഒരു ഫോസിൽ 2011ൽ കാനഡയിലെ ആൽബെർട്ടയിലുള്ള ഫോർട്ട് മക്മുറെയിൽ നിന്നു കണ്ടെത്തിയിരുന്നു. ബോറിയലോപെൽറ്റ മാർക്മിഷെലി എന്നായിരുന്നു ഈ ഫോസിലിന്റെ പേര്.











