കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ. കൈതപ്പൊയിൽ ചീനിപ്പറമ്പിൽ മുഹമ്മദ് സാലിഹ് (45), പുതുപ്പാടി വരുവിൽക്കാലയിൽ പി കെ ഷബീറലി(41) എന്നിവരെയാണ് ടൗൺ അസി.കമീഷണർ ടി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മുഖ്യപ്രതികൾക്ക് സഹായം നൽകിയത് ഇവരാണ്. കേസിൽ കാസർകോട് സ്വദേശികളായ രണ്ടുപേരാണ് നേരത്തെ പിടിയിലായത്. പെരിന്തൽമണ്ണയിൽ നിന്ന് 21ന് പുലർച്ചെയാണ് പെൺകുട്ടി കോഴിക്കോട് ബീച്ചിലെത്തിയത്. തനിച്ചിരിക്കുന്ന പെൺകുട്ടിയെ രണ്ട് യുവാക്കൾ സമീപിച്ചു.സംസാരത്തിൽനിന്ന് വീടുവിട്ടിറങ്ങിയതാണെന്ന് മനസ്സിലാക്കിയ ഇവർ കുട്ടിക്ക് താമസവും ഭക്ഷണവും നൽകാമെന്ന് വാഗ്ദാനം നൽകി കൂടെ കുട്ടി.
പന്തീരാങ്കാവിലെ ഫ്ലാറ്റിലെത്തിച്ച് പെൺകുട്ടിയെ സാലിഹിനും ഷബീറലിക്കും കൈമാറിയശേഷം കടന്നുകളഞ്ഞു. ഫ്ലാറ്റിൽ വച്ച് മയക്കുമരുന്ന് നൽകിയ ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് കടപ്പുറത്ത് ഇറക്കിവിടുകയും 4000 രൂപ നൽകുകയും ചെയ്തുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി.
ഈ മാസം 20നാണ് പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെ കാണാതാകുന്നത്. പെൺകുട്ടിയുടെ മൊഴി പ്രകാരം പോക്സോ വകുപ്പുകൾ ചുമത്തിയാണ് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്.
















