പത്തനംതിട്ട: ഡി. മണി, ശ്രീകൃഷ്ണന്‍, ബാലമുരുകന്‍ അടക്കമുള്ള തമിഴ്‌നാട് സംഘം ഇന്ന് എസ്‌ഐടിക്കു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. ഇവര്‍ക്കും മേലെ ഉള്ള ഉന്നതന്‍ ആരെന്ന ചോദ്യത്തിനാണ് കേരളം ഉത്തരം തേടുന്നത്. മണിക്ക് ഒപ്പം മണിയുടെ വ്യാജ ഫോണ്‍ നമ്പറുകളുടെ ഉടമകളോടുമാണ് ചോദ്യം ചെയ്യലിന് എത്താന്‍ എസ്‌ഐടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇവര്‍ ഹാജരാകുമോ എന്നതിലും വ്യക്തതയില്ല. ഡി. മണിയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി രഹസ്യ വിവരം കൈമാറിയ പ്രവാസി വ്യവസായിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ എസ്‌ഐടി ശേഖരിച്ചിരുന്നു.
മണിയുമായി എന്തെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്നറിയാന്‍ ബെല്ലാരി സ്വദേശി ഗോവര്‍ദ്ധനെയും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്നലെ കോടതിയില്‍ അപേക്ഷ നല്‍കി. മണിയുടെ ഇടപാടുകളില്‍ നിഗൂഢത ഏറെയാണ്. ഓട്ടോ ഡ്രൈവര്‍ മണി ഏഴു വര്‍ഷം കൊണ്ടാണ് കോടീശ്വരനായത്. സ്വന്തം പേരില്‍ ഒരു മൊബൈല്‍ നമ്പര്‍ ഇല്ലാത്തതു തന്നെ മണിയുടെ ഇടപാടുകളെ ദുരൂഹമാക്കുന്നു. ആഡംബര ഓഫീസ്, വീട്, വിലകൂടിയ മൂന്ന് എസ്‌യുവികള്‍, ഭൂമി ഇടപാടുകള്‍ എന്നിവ മണിക്കുണ്ട്. പക്ഷേ ഇയാളുടെ പേരിലല്ല ഭൂമി വാങ്ങിയതൊന്നും. മണിക്കും മുകളില്‍ ഒരു ഉന്നതന്‍ ഉണ്ടെന്ന സംശയം ഉയര്‍ത്തുന്നതും ഇതാണ്. മണിയേയും പന്തളത്തെ പ്രവാസിയേയും ബന്ധപ്പിച്ച രാഷ്‌ട്രീയ ഇടനിലക്കാരന്‍ ആരെന്നും അറിയേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യം പ്രവാസി വ്യവസായി ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല. ഇ-മെയില്‍, പാസ്‌പോര്‍ട്ട്, യാത്രാരേഖകള്‍ എല്ലാം ഇന്ന് ഹാജരാക്കണമെന്നാണ് എസ്‌ഐടി ആവശ്യപ്പെട്ടിരിക്കുന്നത്.
മണിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാനായില്ലെങ്കില്‍ അയാളുടെ ഓഫീസിലെ മുതിര്‍ന്നയാളെ കസ്റ്റഡിയില്‍ എടുക്കാനാണ് തീരുമാനം. കേസന്വേഷണത്തില്‍ ദിണ്ടിഗല്‍ പോലീസ് എസ്‌ഐടിയെ സഹായിക്കുന്നില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും കേരള സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരുമായി ബന്ധപ്പെടാത്തതും സംശയമുണര്‍ത്തുന്നു.
















