പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ധര്‍മശാസ്താ ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറക്കും. നെയ്‌ത്തിരി തെളിച്ച് ഭഗവാനെ ഭക്തജന സാന്നിധ്യമറിയിക്കും. തുടര്‍ന്ന് മേല്‍ശാന്തി ഉപദേവാലയങ്ങളിലും ദീപം തെളിയിക്കും.
പതിനെട്ടാംപടിയിറങ്ങി ആഴിയിലേക്ക് അഗ്നി പകര്‍ന്ന ശേഷം കാത്തുനില്‍ക്കുന്ന തീര്‍ത്ഥാടകരെ പതിനെട്ടാംപടി ചവിട്ടി ദര്‍ശനത്തിന് അനുവദിക്കും. ഇന്ന് പൂജകള്‍ ഒന്നുമില്ല. നാളെ പതിവുപൂജകള്‍ക്കു പുറമേ നെയ്യഭിഷേകം ആരംഭിക്കും. മണ്ഡല പൂജകള്‍ പൂര്‍ത്തിയാക്കി 27നു രാത്രി 10നാണ് നടയടച്ചത്.
















