കണ്ണൂര്‍: പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സംസ്ഥാനതല കലാമേള ‘സര്‍ഗോത്സവം 2025 ഇന്ന് സമാപിക്കും.
വടക്കേ മലബാറിന്റെ ഗോത്രസംസ്‌കാരത്തില്‍ വേരൂന്നിയ അനുഷ്ഠാന കലാരൂപമായ മംഗലംകളി പാട്ട് സര്‍ഗോത്സവ വേദിയില്‍ ശ്രദ്ധേയമായി. മാവിലന്‍-വേട്ടുവ ആദിവാസി സമൂഹങ്ങളുടെ വിവാഹാഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത കലാരൂപമാണ് മംഗലംകളി. ‘സര്‍ഗോത്സവം 2025’ ന്റെ വേദിയില്‍, ഗോത്രകലകളിലൊന്നായ മംഗലംകളിയുടെ പാട്ട് പരമ്പരാഗത ഗാനാലാപന മത്സരത്തില്‍ അവതരിപ്പിച്ച് കാണികളുടെ കൈയടി നേടികയായിരുന്നു കണ്ണൂര്‍ ജില്ലയിലെ ജിഎംആര്‍എച്ച്എസ്എസ് പട്ടുവം സ്‌കൂളിലെ വിദ്യാര്‍ഥികള്‍. 22 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെയും 120 ഹോസ്റ്റലുകളിലെയും 1500 ലധികം വിദ്യാര്‍ഥികള്‍ കലാമേളയില്‍ പങ്കെടുക്കുന്നുണ്ട്. വിജയികളാകുന്നവര്‍ക്ക് ബോര്‍ഡ് പരീക്ഷകള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും.
വൈകിട്ട് നാലിന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനാകും.












