തിരുവനന്തപുരം: കെ-ടെറ്റ് ഡിസംബര്‍ 2025 പരീക്ഷയ്‌ക്കായി അപേക്ഷിച്ചവരില്‍ നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 7 വരെ ദീര്‍ഘിപ്പിച്ചു. 2025 ഡിസംബര്‍ 22 മുതല്‍ 30 വരെയുള്ള തീയതികളില്‍ അപേക്ഷ സമര്‍പ്പിച്ചതില്‍ തെറ്റ് സംഭവിച്ചിട്ടുള്ളവര്‍ക്ക് തിരുത്തുന്നതിനുള്ള അവസരം ജനുവരി 7 വരെയുള്ള തീയതിയില്‍ https://ktet.kerala.gov.in എന്ന വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിനില്‍ ലഭിക്കും. അപേക്ഷ പരിപൂര്‍ണ്ണമായി സമര്‍പ്പിച്ച എല്ലാ അപേക്ഷാര്‍ത്ഥികളും ആപ്ലിക്കേഷന്‍ നമ്പറും ആപ്ലിക്കേഷന്‍ ഐഡിയും നല്‍കി ഓണ്‍ലൈനായി കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് അപേക്ഷയില്‍ നല്‍കിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും ‘APPLICATION EDIT’ എന്ന ലിങ്കിലൂടെ നിര്‍ബന്ധമായും പരിശോധിക്കണം. ഈ അവസരത്തില്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ ഉള്‍പ്പെടുത്തുന്നത് കൂടാതെ അപേക്ഷയില്‍ നല്‍കിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണല്‍ സബ്ജക്ടുകള്‍, വിദ്യാഭ്യാസ ജില്ല, അപേക്ഷാര്‍ത്ഥികളുടെ പേര്, രക്ഷകര്‍ത്താവിന്റെ പേര്, ജെന്‍ഡര്‍, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും തിരുത്താം.
















