തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎയുടെ ഓഫീസ് വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. എംഎൽഎ ഹോസ്റ്റലിൽ മുറിയുള്ളവർക്ക് പുറത്ത് ഇത്തരമൊരു ഓഫീസിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാർഡുകളിൽ കൗൺസിലർമാർക്ക് ഇരിക്കാൻ ഒരു ചെറിയ മുറിയെങ്കിലും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎ ക്വാർട്ടേഴ്സിലെ മുറി എംഎൽഎമാർ തന്നെയാണ് ഉപയോഗിക്കേണ്ടത്. അത് കൃത്യമായി നടക്കുന്നുണ്ടോ എന്ന് സ്പീക്കറാണ് പരിശോധിക്കേണ്ടത്. സ്വന്തം ഓഫീസുകൾ സ്വന്തമായി തന്നെ ഉപയോഗിച്ചാൽ ഇത്തരം വിവാദങ്ങൾ ഉണ്ടാകില്ലെന്നും മുരളീധരൻ വ്യക്തമാക്കി. താൻ എട്ടു വർഷം എംഎൽഎ ആയിരുന്നപ്പോൾ ഇത്തരത്തിലുള്ള തർക്കങ്ങൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടം ഒഴിയണോ എന്നത് വി.കെ. പ്രശാന്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. കൗൺസിലറും എംഎൽഎയും തമ്മിലുള്ള ഈ തർക്കത്തിൽ താൻ കക്ഷി ചേരാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്‌ട്രീയത്തിലെ തലമുറ മാറ്റത്തെ അദ്ദേഹം സ്വാഗതം ചെയ്തു. കോർപ്പറേഷനിൽ ഭൂരിഭാഗം യുവാക്കളും വിജയിച്ചു വരുന്നത് നല്ല കാര്യമാണെന്നും പുതിയ ആളുകൾ വരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മാറ്റങ്ങൾ വരുമ്പോൾ പരിചയസമ്പന്നരെയും പരിഗണിക്കണമെന്നും വിജയസാധ്യതയായിരിക്കണം പ്രധാന മാനദണ്ഡമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
















