തിരുവനന്തപുരം: എംസി റോഡ് നവീകരണത്തിന്റെ മറവില്‍ സിപിഎം ഗുണ്ടകളുടെ വന്‍ മണ്ണുകൊള്ള. ഇരുട്ടിന്റെ മറവില്‍ മണ്ണുകൊള്ളയ്‌ക്കു നേതൃത്വം നല്‍കുന്നത് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി. ആലന്തറ, മുരൂര്‍ക്കോണം, കീഴായിക്കോണം, ദീപാ നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സിപിഎം ഗുണ്ടകളുടെ നേതൃത്വത്തില്‍ വയലുകളും ചതുപ്പുകളും മണ്ണിട്ട് നികത്തി റിയല്‍ എസ്റ്റേറ്റ് മാഫിയ. പ്രദേശത്ത് സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം. ഗുണ്ടകള്‍ക്ക് സംരക്ഷണമൊരുക്കുന്നത് ഡി.കെ. മുരളി എംഎല്‍എയെന്നും ആക്ഷേപം.
അഞ്ചു കിലോമീറ്റര്‍ ദൂരത്തിലും നാലടി വീതിയിലും അരമീറ്റര്‍ ആഴത്തിലുമാണ് എംസി റോഡില്‍ നിന്നു മണ്ണെടുത്ത് വില്പന നടത്തുന്നത്. രാത്രികാലങ്ങളിലാണ് മണ്ണുകടത്തല്‍. മണ്ണുമോഷണം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചാല്‍ നാട്ടുകാര്‍ക്കെതിരെ വധഭീഷണിയും അക്രമവും അഴിച്ചുവിടും. ജെസിബി കയറ്റി കൊല്ലാന്‍ വരെ ശ്രമമുണ്ടായി. ഒരു വിഭാഗം പോലീസുകാരും വില്ലേജ് ഉദ്യോഗസ്ഥരും മണ്ണുമാഫിയയുടെ ഏജന്റുമാരായുണ്ട്. അക്രമികള്‍ക്കെതിരെ പരാതിപ്പെട്ടാല്‍ കള്ളക്കേസില്‍ കുടുക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തുന്നതിനു മുമ്പേ സ്റ്റേഷനില്‍ നിന്നു ചില ‘ഏജന്റുമാര്‍’ വിവരം ചോര്‍ത്തി നല്‍കും. ചില ഉദ്യോഗസ്ഥരും സിപിഎം നേതാക്കളും ഇടനിലക്കാരായി മണ്ണു മോഷണത്തിലൂടെ തട്ടിയെടുക്കുന്നത് ലക്ഷങ്ങളാണ്. നടപടിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ഭീഷണിയുണ്ട്. അനധികൃത മണ്ണുകടത്തലിന് ഉപയോഗിച്ച ജെസിബി പിടിച്ചെടുത്തത് തിരികെ നല്‍കാന്‍ പോലീസിനുമേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതിന്റെ തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. കെഎല്‍ 17 എക്‌സ് 4103 രജിസ്റ്റര്‍ നമ്പറിലുള്ള ജെസിബിയാണ് പിടിച്ചെടുത്ത് വെഞ്ഞാറമൂട് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്നത്.
റോഡ് അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള കെഎസ്ടിപി അറിയാതെയാണ് സിപിഎം നേതാക്കളുടെ മണ്ണുകൊള്ള. അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ കെഎസ്ടിപിക്ക് പരാതി നല്‍കി. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിക്കുന്നതിനിടയില്‍ പോലീസിന്റെ സാന്നിധ്യത്തിലും ഗുണ്ടകളുടെ ഭീഷണിയുണ്ടായെന്നു നാട്ടുകാര്‍ പറയുന്നു.
















