ബെംഗളൂരു: നവവധുവിന്‌റെ ആത്മഹത്യയ്‌ക്കു പിന്നാലെ സ്ത്രീധന പീഡനം ആരോപിച്ച് കേസെടുത്തതോടെ നവവരനും ജീവനൊടുക്കി. വ്യാഴാഴ്ച ബെംഗളൂരുവില്‍ ഭാര്യ ഗന്‍വി ആത്മഹത്യ ചെയ്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഭര്‍ത്താവ് സൂരജ് ശിവണ്ണ മഹാരാഷ്‌ട്രയിലെ നാഗ്പൂരിലെത്തി ഹോട്ടലില്‍ മുറിയെടുത്തശേഷം സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ചത്. സൂരജിന് ഒപ്പമുണ്ടായിരുന്ന അമ്മയും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു, ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
ഒക്ടോബര്‍ 29 ന് ബെംഗളൂരുവില്‍ വിവാഹിതരായ ദമ്പതികള്‍ ഹണിമൂണിനായി ശ്രീലങ്കയിലേക്ക് പോയിരുന്നു. എന്നാല്‍, വഴക്കുണ്ടാക്കി തിരികെയെത്തുകയായിരുന്നു. ചൊവ്വാഴ്ച ഗന്‍വി ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയും ചികില്‍സയിലിരിക്കെ വ്യാഴാഴ്ച മരിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ സൂരജിനും
കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്ത്രീധന പീഡനത്തിന് പരാതി നല്‍കിയത്. ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൂരജിന്‌റെ വീടിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണയും അരങ്ങേറി. ഇതോടെയാണ് സൂരജും അമ്മ ജയന്തിയും നാഗ്പൂരിലേക്ക് പോയത്.
















