കൊച്ചി : പണം സ്വരുക്കൂട്ടി സ്വർണം വാങ്ങാൻ കാത്തിരുന്നവരെ ഞെട്ടിച്ച വർഷമാണ് 2025. പവന് 57,000 രൂപയിൽ നിന്ന് ലക്ഷത്തിന് മുകളിലേക്കാണ് സ്വർണ വില സഞ്ചരിച്ചത്. എന്തായാലും സ്വർണം സാധാരണക്കാരന് എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരത്തിലായി. ഇന്ന് ഒരു പവൻ ആഭരണമായി വാങ്ങാൻ 1,17,000 രൂപയ്‌ക്ക് മുകളിൽ വേണം.
സ്വർണവില പവന് ഒരു ലക്ഷം രൂപ എന്ന മാന്ത്രികസംഖ്യ പിന്നിട്ടതോടെ, കൈവശം നല്ല സ്വർണശേഖരമുള്ളവർ പലരും ലക്ഷാധിപതികളും കോടീശ്വരരുമായി. 100 പവൻ കൈവശമുണ്ടെങ്കിൽ ഒരു കോടി രൂപയുടെ ആസ്തിയായി. ഇന്ത്യയിൽ സ്വർണത്തിന്റെ പ്രധാന വിപണിയാണ് കേരളവും തമിഴ്‌നാടും. കേരളത്തിലെ വീടുകളിൽ ഏതാണ്ട് 2,000 ടൺ സ്വർണമുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അതായത് 200 കോടി ഗ്രാം. പവനിൽ കണക്കാക്കിയാൽ 25 കോടി പവൻ. ഇതിന്റെ മൊത്തം മൂല്യം ഇപ്പോഴത്തെ വില അനുസരിച്ച് 25.40 ലക്ഷം കോടി രൂപ വരും!
ഡിസംബര്‍ 23 നാണ് 1 ലക്ഷം എന്ന മാന്ത്രിക സംഖ്യയിലേക്ക് സ്വർണ വില എത്തിയത്, 1,01600 രൂപ. ഇന്ത്യയുടെ സ്വർണശേഖരം ഏതാണ്ട് 880 കോടി രൂപയുണ്ടെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിന്റെ ഇരട്ടിയിലേറെ വരും മലയാളിയുടെ കൈവശമുള്ള സ്വർണം. ഇതിൽ നല്ലൊരുപങ്കും ബാങ്ക് ലോക്കറിലാണ്. ബാങ്കുകളിലും ബാങ്കിതര സ്ഥാപനങ്ങളിലുമായി പണയം െവച്ചിരിക്കുന്ന സ്വർണവും ടൺകണക്കിന് വരും.















