തിരുവനന്തപുരം : കെപിസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാചരണത്തിനിടെ ദേശീയ ഗാനം തെറ്റിച്ചുപാടി. ജനഗണമന എന്ന് പാടേണ്ടിടത്ത് ജനഗണമംഗള എന്നാണ് പാടിയത്. തെറ്റ് തിരുത്താതെ തന്നെ നേതാക്കള്‍ തുടര്‍ന്ന് ദേശീയഗാനം പാടി മുഴുമിപ്പിച്ചു.
ജനഗണമംഗള എന്ന് വനിതാ നേതാവ് പാടിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, ദീപ ദാസ് മുന്‍ഷി, വി എം സുധീരന്‍, പി സി വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഏറ്റുപാടി.മുമ്പ് പൊതുപരിപാടിയില്‍ ഇതേരീതിയില്‍ ദേശീയ ഗാനം തെറ്റിച്ച് പാടിയ മുന്‍ ഡിസിസി പ്രസിഡന്റ് പാലോട് രവി വിവാദത്തിലായിരുന്നു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമരാഗ്‌നി യാത്രയുടെ സമാപന സമ്മേളനത്തിലാണ് പാലോട് രവി ദേശീയ ഗാനം തെറ്റായി പാടിയത്.
കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തില്‍ കെപിസിസി ആസ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പറ്റിയ അബദ്ധം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
















