മഴയെ ഗര്‍ഭം ധരിച്ച വെണ്‍മേഘങ്ങള്‍ പോലെ പ്രകൃതിയും പ്രണയവും പെണ്‍പക്ഷവും ഉള്ളിലൊതുക്കിയ ഗീതികാസുമങ്ങളാണ് സ്മൃതിശലഭങ്ങള്‍ എന്ന എം. എസ്. ശ്രീകലയുടെ ചെറുകവികളുടെ സമാഹാരം ജീവിതാര്‍ശങ്ങളും ഇതിഹാസ കഥാപാത്രങ്ങളും ഒപ്പമുണ്ട്.
ജീവിതം അതിന്റെ എല്ലാവിധ ആകര്‍ഷതയോടെ അനുഭവിച്ചാസ്വദിക്കുമ്പോഴും മാതൃഗര്‍ഭത്തില്‍ നിന്നും ഭൂഗര്‍ഭത്തിലേക്കുള്ള ഒരു യാത്ര മാത്രമാണതെന്നും (ആംഗലേയ നിര്‍വ്വചനം) അതിനിടയില്‍ അപ്രതീക്ഷിതമായി വന്നുചേരുന്നവയാണ് ബന്ധങ്ങളും ബന്ധനങ്ങളുമെല്ലാമെന്നുമുള്ള ജീവിതദര്‍ശനമാണ് ആദ്യകവിത-യാത്ര.
തുടക്കമില്ലൊടുക്കവും നീണ്ടുപോമീ യാത്രയും / ജരാനരകള്‍ ബന്ധനം മിഥ്യയല്ലെയൊക്കെയും
നന്മകളാല്‍ സദ്ധമായ നാട്ടിന്‍പുറത്തിന്റെ ശാലീനഭംഗി ക്രമേണ നഷ്ടമാകുന്നതിന്റെ പരിദേവനം പകരുന്നതും, ആലാപന സൗഖ്യമേറെയുള്ളതാണ് ഗൃഹാതുരത്വം എന്ന കവിത.
പണ്ടെനിക്കുണ്ടായിരുന്നോരിടം/പുളകങ്ങള്‍ പൂക്കള്‍ വിടര്‍ന്നോരിടം
ചെത്തിപ്പൂ ചേമന്തി ചെമ്പകങ്ങള്‍/ ചന്തത്തില്‍ പൂക്കളമിട്ടോരിടം…
മഞ്ജരിചൂടി മരങ്ങളൊക്കെ / മഞ്ജിമകാട്ടി ചമഞ്ഞോരിടം
എന്നാല്‍ ആ സുവര്‍ണ്ണകാലത്തിന്റെ നല്ലിടത്തേക്ക് അതിക്രമിച്ച് കയറിയ നഗരവല്‍ക്കരണവും തത്ഫലമായ സമൂഹ്യമാറ്റങ്ങളും മൂലം ഇന്നെന്റെ നിദ്രയെ പുല്‍കി മേവാന്‍/ഭൂഷിതസ്വപ്‌നശതങ്ങളില്ല എന്നിടത്ത് കവിയോര്‍മ്മകളിലെ ശലഭങ്ങള്‍ക്ക് എത്താനാവാത്ത വര്‍ത്തമാനകാല വ്യഥയാണ് വ്യക്തമാവുന്നത്.
പെണ്ണുങ്ങളാണ്, പാവങ്ങളാണ് എന്നൊക്കെ സഹാനുഭൂതിയോടെ വിശേഷണങ്ങളേറെ നല്‍കി പാര്‍ശ്വവല്‍ക്കരിച്ചു. എന്നാല്‍ കുറേയേറെ അരുതുകളുടെ ചുമടെടുക്കാന്‍ വിധിക്കപ്പെട്ട സ്ത്രീജന്മ നിയോഗത്തിലെ ശരികേടിനെതിരെ വ്യക്തമായും വ്യംഗ്യമായ പ്രതിഷേധസ്വരങ്ങളാണ് സമാഹാരത്തിലെ രാധ, അവള്‍ സ്വതന്ത്ര, അഹല്യാശില, പിഴയെന്തു ചെയ്തു ഞാന്‍, നിഴലൊപ്പം, ഒറ്റചിറകുള്ള പക്ഷി എന്നീ രചനകള്‍. അഹം നിറഞ്ഞ ആണധികാരത്തിന്റെ മേല്‍ക്കോയ്‌മകളെ ചെറുക്കാനുള്ള സ്ത്രീശക്തി പ്രോത്സാഹനപ്രേരകങ്ങളായ അവയിലെ വരികളില്‍ അര്‍ത്ഥസമ്പുഷ്ടമായ വ്യാഖ്യാനതലങ്ങള്‍ ഏറെയുണ്ട്.
ഇതിഹാസ കഥയാണ്, ചാരിത്ര്യം സംശയിക്കപ്പെട്ടതിനാല്‍ സ്വപത്‌നിയെ ശിലയാക്കിയ ഗൗതമ മുനിയുടെ താപസവിധി. ഇരുട്ടിന്റെ മറവില്‍ വേഷപ്രച്ഛന്നനായി തന്നെ പ്രാപിക്കാന്‍ വന്ന ദേവേന്ദ്രനെ പ്രതിപോലുമാക്കാതെ ഇരയെ ശിക്ഷിച്ചത് അനീതിയെന്ന് ധ്വനിപ്പിക്കുന്നു അഹല്യശില.
ത്രേതായുഗം കഴിഞ്ഞേറെ നാളായെങ്കിലും / കാലങ്ങളിപ്പോഴുമൊന്നുതന്നെ
ശാപം വിധിക്കാന്‍, തപഃശക്തി ചൂഴുമാ/ഗൗതന്മാരോ നിരുന്നു കാണ്മൂ.
ഗൗതമന്മാരാരെന്നും പര്‍ണ്ണശാലകളേതെന്നും വ്യംഗ്യമായോതിയിരിക്കുന്ന വരികള്‍ക്കിടയില്‍ മൃഗമാനസരായ നരാധമന്മാരാല്‍ മുറിവേല്‍പ്പിക്കപ്പെടുന്ന കാതരാക്ഷികളുടെ ദയനീയാവസ്ഥ അദൃശ്യബിംബങ്ങളായി ജ്വലിക്കുന്നുണ്ട്.
ഭര്‍ത്തൃവീട്ടിലെ പീഡനാനുഭവങ്ങളെല്ലാം മനസ്സിന്റെ കോണിലൊതുക്കി മുഖത്തൊരു പുഞ്ചിരി വരുത്തി ‘എനിക്കവിടെ സുഖമാണേട്ടാ’ എന്ന വാക്കുകള്‍ സഹോദരിമാരില്‍ നിന്നും ഈ യുക്തികാലത്തും സ്‌നേഹധനരായ സഹോദരന്മാര്‍ കേള്‍ക്കുന്നതാണ്. പക്ഷേ അതോരു സമധാനപ്പെടുത്തല്‍ മാത്രമായിരുന്നെന്ന് വളരെ വൈകി മാത്രമറിയുന്ന ഒരു ഭ്രാതൃവേദനയുടെ വ്യാപ്തി മുഴുവന്‍ നിഴലിച്ച, ഗദ്യ കവിതയാണ് പെങ്ങള്‍.
അവളെന്റെയൊറ്റ പെങ്ങളല്ലേ/ പൊന്നുപോല്‍ കാത്തതല്ലെ
കല്യാണപിറ്റേന്ന് തൊട്ടാ/ പുഞ്ചിരി മങ്ങിമാഞ്ഞ് / അവളെരിഞ്ഞെങ്ങ് മാഞ്ഞതല്ലെ
എന്ന വരികളില്‍ സ്വത്വം തെളിയുന്ന, ഒതുക്കിപറയലിന്റെ ഔചിത്യഗുണമുള്ള വരികളുടെ വായന കണ്ണുകള്‍ ഈറനണിയിക്കും.
ക്ഷേത്രപ്പടികള്‍ കയറാനാവാതെ വിഷമിക്കുന്ന ഒരു ഭക്തന് കിട്ടിയ അരുളപ്പാടിന്റെ രൂപത്തിലവതരിപ്പിച്ചിരിക്കുന്ന തത്വചിന്താപരം എന്ന് വ്യക്തമായി തന്നെ വിശേഷിപ്പിക്കാവുന്നതാണ് ഹൃദയത്തിലേക്ക് എന്ന കവിത.
പടികള്‍ക്ക് താഴെ ഞാന്‍ കേണിരിക്കെ/ പിന്‍വിളികേട്ടു ഞാന്‍ ‘ദേവനെ തേടി നീ
ദേവാലയങ്ങള്‍ തിരഞ്ഞിടേണ്ട/ദയതേടും മണ്ണില്‍ മരങ്ങളില്‍ ചെറുജീവി-
ജീവിജാലങ്ങളിലൊക്കെയും ദൈവമുണ്ട്
ദേവനെ കാണാനെഴുന്നേറ്റു ഞാനെന്റെ/ ഹൃദയത്തിലേക്ക് തിരിച്ചുപോയി
ശുദ്ധമാക്കി വെക്കേണ്ടത് ബിംബങ്ങളെയല്ല, മറിച്ച് സ്വന്തം മനസ്സാക്ഷിയെ ആണെന്ന ചിന്താപരമായ ഒരു വീക്ഷണം കൂടി ഈ വരികള്‍ക്കിടയിലുണ്ട്.
തിരുനെല്ലൂര്‍ കരുണാകരന്റെ കാവ്യഭൂമികയുടെ ശ്രേഷ്ഠകാന്തി തെളിഞ്ഞുനില്‍ക്കുന്ന നല്ലൊരീ മഴച്ചാറ്റലും കാറ്റും, ഉള്ളിനുള്ളില്‍ നിന്നോലുമിപ്പാട്ടും,
ഇപ്പോഴെങ്ങാന്‍ വിടര്‍ന്നിടും പൂവിന്‍ സ്വപ്നവും ചേര്‍ന്നിതെന്തൊരുന്മാദം (മഴ ചാറുമ്പോള്‍). ഈ വരികളെ ഓര്‍മ്മപ്പെടുത്തുന്നതും ചേതോഹരമായ കാവ്യബിംബങ്ങളുടെ ഘോഷയാത്ര ദൃശ്യമാകുന്നതുമാണ് ജലതല്‍പ്പത്തില്‍ മഴത്തുള്ളികള്‍ വീണുണ്ടാവുന്ന നീര്‍ക്കുമിളകളുടെ ചാഞ്ചാട്ടം മനോഹരമായ മഴനൃത്തത്തോടുപമിച്ച ഉദാത്തമായ കവിഭാവനയായ മഴനൃത്തം.
ഭൂതലമാകെയും സുന്ദരിപ്പെണ്ണവള്‍/ മുത്തുകള്‍ വാരിയേറിഞ്ഞു പോലും
പുഴകളാ മുത്തിനെ നെഞ്ചത്തണച്ചൊരു / നൃത്തച്ചുവടിലലിഞ്ഞുപോലും.
അവസാന വിശകലനത്തില്‍ നാല്‍പ്പത്തെട്ട് താളുകളില്‍ മുപ്പത്തഞ്ച് കവിതകളുള്ള ഈ സമാഹാരത്തിലെ ഓരോ കവിതയും ഓരോ വായനയിലും വരികള്‍ വിവിധങ്ങളായ അര്‍ത്ഥതലങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വാക്കുകളുടെ വര്‍ണ്ണപാശികള്‍ ഇഴയടുപ്പുത്തോടെ ചേര്‍ത്ത് കെട്ടിയ കിന്നരി പാളികളാണ് ഈ സമാഹാരത്തിലെ കവിതകള്‍. അഗാധമായ സര്‍ഗ്ഗചോദന നിറഞ്ഞുനില്‍ക്കുന്ന കവി മനസ്സിന്റെ ഉടമയാണ് സ്മൃതശലഭങ്ങളുടെ കവി. പ്രതിജിഭിന്നമായ മനുഷ്യജീവിതത്തിന്റെ ആഴങ്ങളിലേക്കിറങ്ങി ജീവിത സമസ്യകളെ ശുദ്ധസാഹിത്യത്തിന്റെ മേലുടുപ്പണിയിച്ച് അനശ്വരങ്ങളാക്കുന്ന സത്കൃത്യമാണ് ഈ കവിതകളില്‍ ദൃശ്യമാവുന്ന കവിനിയോഗം.
സ്മൃതിശലഭങ്ങള്‍,
ശ്രീകല എം.എസ്.,
ആരവം പബ്ലിക്കേഷന്‍സ്
വില -90/-
















