തിരക്കേറിയ ജീവിതത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിക്കുമ്പോളൊക്കെ ഞങ്ങള്‍, ഞാനും പത്‌നി ശ്രീലക്ഷ്മിയും, ഏതെങ്കിലും തീര്‍ഥയാത്ര നടത്തും. ആത്മീയതയിലേക്ക് പ്രവേശിച്ചതുമുതല്‍, എന്റെ യാത്രകള്‍, ഭാരതത്തിന്റെ സംസ്‌കാരവും നാഗരികതയും പ്രതിഫലിപ്പിക്കുന്ന ക്ഷേത്രങ്ങളുടെയും ആശ്രമങ്ങളുടെയും ശാന്തമായ അന്തരീക്ഷങ്ങളിലേക്കായി. ഇത്തരം ദിവ്യ കേന്ദ്രങ്ങളിലെ പ്രാര്‍ത്ഥന, ആരാധന, ധ്യാനം, ഭജന തുടങ്ങിയ അച്ചടക്കപൂര്‍ണത ദിനചര്യകള്‍ മനസ്സമാധാനം, വൈകാരിക ക്ഷേമം, വ്യക്തിപരമായ വളര്‍ച്ച എന്നിവ വളര്‍ത്താന്‍ ഏറെ സഹായിക്കുന്നു. ഇവിടങ്ങളിലെ നിര്‍മലപരിസ്ഥിതി നമ്മുടെ ആന്തരിക യാത്ര ഏറെ സുഗമമാക്കുന്നു.
ഒരു പതിറ്റാണ്ട് മുമ്പ്, തമിഴ്‌നാട്ടിലെ കോട്ടഗിരിയിലുള്ള ശാന്തമായ ശാന്തി ആശ്രമം സന്ദര്‍ശിച്ചപ്പോള്‍, തന്റെ വേനല്‍ക്കാല മാസങ്ങള്‍ അവിടെ ചെലവഴിക്കുകയായിരുന്ന ശാന്തി ആശ്രമത്തിന്റെ ആദരണീയയായ പ്രസിഡന്റ് ജ്ഞാനേശ്വരി മാതാജിയെ കാണാനുള്ള അപൂര്‍വ അവസരം എനിക്ക് ലഭിച്ചു. ആ അവസരത്തില്‍ തന്റെ സ്വതസിദ്ധമായ ലാളിത്യത്തില്‍, ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ തോട്ടപ്പള്ളി മലനിരകളില്‍ സ്ഥിതിചെയ്യുന്ന ആശ്രമത്തിന്റെ ആസ്ഥാനം സന്ദര്‍ശിക്കാന്‍ മാതാജി എന്നെ ഊഷ്മളമായി ക്ഷണിച്ചു. ആ നിമിഷം അമ്മയുടെ സൗമ്യമായ പുഞ്ചിരിയും ശബ്ദത്തിലെ ആത്മാര്‍ത്ഥതയും എന്റെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു.

അന്നുമുതല്‍, തോട്ടപ്പള്ളിയിലെ ശ്രീ ശാന്തി ആശ്രമം നിശ്ചയമായും സന്ദര്‍ശിക്കേണ്ട ആത്മീയ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഞങ്ങളുടെ പ്രിയപ്പെട്ട ഇടമായി മാറി- വളരെക്കാലമായി പൂര്‍ത്തീകരിക്കാന്‍ കാത്തിരുന്ന ആ അവസരം ഒടുവില്‍ 2024 ഓഗസ്റ്റില്‍ വന്നെത്തി. തനുക്കുഗ്രാമത്തിലെ വേല്‍പൂര്‍ മൗന സ്വാമിയുടെ ആശ്രമത്തില്‍ നിന്നും വികാരഭരിതരായി വിടപറഞ്ഞ ശേഷം ഞങ്ങള്‍ ഏകദേശം 120 കിലോമീറ്റര്‍ അകലെയുള്ള ശാന്തി ആശ്രമം സ്ഥിതി ചെയ്യുന്ന തോട്ടപ്പള്ളി കുന്നുകള്‍ക്ക് സമീപത്തെ ശങ്കരവനത്തിലേക്ക് യാത്രയായി.
ആ പവിത്രയാത്രയില്‍, ആന്ധ്രയുടെ ആത്മീയ പൈതൃകത്തിനു പ്രസിദ്ധമായ രണ്ട് പുരാതന ക്ഷേത്രനഗരികളായ രാജമുണ്ട്രിയും (ഇപ്പോള്‍ ഔദ്യോഗികനാമം – രാജമഹേന്ദ്രവാരം) അന്നവാരവും കടന്ന് ഞങ്ങളുടെ കാര്‍ പുണ്യ ഗോദാവരി നദിക്ക് കുറുകെയുള്ള വലിയ പാലം മുറിച്ചുകടന്നത് ഒരു അസാധാരണവും അതിമനോഹരവുമായ അനുഭവമായി മാറി. പുഴയോരത്ത് ഇറങ്ങി ഭക്തിപൂര്‍വ്വം കൈകള്‍ കൂപ്പി ഞങ്ങള്‍ ”ഗംഗെ ച യമുനേ കൈവ ഗോദാവരി സരസ്വതിനര്‍മദെ സിന്ധു കാവേരി ജലേസ്മിന്‍ സന്നിധിം കുരു” എന്ന മന്ത്രം ചൊല്ലി. ഈ ജലത്തില്‍ പുണ്യനദികളായ ഗംഗ, യമുന, ഗോദാവരി, സരസ്വതി, നര്‍മ്മദ, സിന്ധു, കാവേരിയുടെ ദിവ്യസന്നിധിം ഉണ്ടാകട്ടെ എന്നര്‍ത്ഥം.കൈക്കുമ്പിളുകളില്‍ ജലമെടുത്തു തലയില്‍ പ്രോക്ഷിച്ചു.
നീളമേറിയ പാലത്തിന്റെ അരികില്‍ പുഴയോരത്തു നിന്നു ഞങ്ങള്‍ പ്രകൃതിയുടെ മഹത്വം അനുഭവിച്ചു. ഇരുവശത്തും വെട്ടിത്തിളങ്ങുന്ന വിശാലമായ ജലപരപ്പില്‍ തട്ടി പ്രതിഫലിച്ച സൂര്യകിരണങ്ങള്‍ നദിയെ ഒരു സ്വര്‍ഗ്ഗീയ ജലപ്പരപ്പാക്കി മാറ്റിയതും, ജലോപരിതലത്തില്‍ നൃത്തം ചെയ്യുന്ന മൃദുവായ അലകളെയും, വിദൂരത്തില്‍ മന്ദം മന്ദം നീങ്ങുന്ന ചെറിയ വള്ളങ്ങളെയും ബോട്ടുകളെയും കണ്‍കുളിര്‍ക്കെ കണ്ട് ആസ്വദിച്ചു. പതുക്കെ തഴുകി ഒഴുകി വന്ന കാറ്റില്‍ നദീതീരങ്ങളുടെ സുഗന്ധവും കുളിക്കടവുകളില്‍ നിന്നുയര്‍ന്ന മന്ത്രങ്ങളുടെ ധ്വനിയും കലര്‍ന്നിരുന്നു. ആ നിമിഷം, ഞങ്ങള്‍ക്ക് ഗോദാവരി വെറുമൊരു നദി മാത്രമായിരുന്നില്ല, ജീവിക്കുന്ന, ശ്വസിക്കുന്ന ഒരു ദേവതയായി മാറി. ആദരത്തോടെയും വിസ്മയത്തോടെയും ആഴത്തിലുള്ള ഭക്തിയാല്‍ ഞങ്ങള്‍ ആ പുണ്യ നദിയെ ഒരിക്കല്‍ക്കൂടി കൈകൂപ്പി വണങ്ങി.

യാത്രാ പരിപാടിയില്‍ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും, നല്ലവനായ ഡ്രൈവര്‍ ദുര്‍ഗാ പ്രസാദ് ഞങ്ങളെ അന്നവാരത്തെ പ്രസിദ്ധവും പവിത്രവുമായ സത്യനാരായണ ക്ഷേത്രത്തിലേക്കും ആനയിച്ചു; ഞങ്ങളുടെ സഞ്ചാരപാതയിലെ മറ്റൊരു ഈശ്വരാനുഗ്രഹം.
അന്നവാരം പട്ടണം കടന്ന് പച്ചപ്പരവതാനി വിരിച്ച വയലേലകള്‍ നിറഞ്ഞ മനോഹര ഗ്രാമങ്ങളിലൂടെ പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ച് ഞങ്ങള്‍ ശാന്തമായ വനപ്രദേശത്തിലെത്തി. ഇടക്കിടെ റോഡരികില്‍ നിരനിരയായി നിന്ന പുളി, വേപ്പ് മരങ്ങള്‍ ഉച്ചസൂര്യന്റെ ചൂടില്‍ നിന്ന് തണുപ്പേകി. ചിലയിടങ്ങളില്‍ ഞങ്ങളുടെ പാത മുറിച്ചുകടന്ന മയിലുകളും മനോഹരങ്ങളായ ചിത്രശലഭങ്ങളും, മരങ്ങളില്‍ നിന്നും മരങ്ങളിലേക്ക് ചാഞ്ചാടുന്ന കുരങ്ങുകളും, ശ്രുതിമധുരമായി ഈണം മീട്ടുന്ന പക്ഷികളും, കാട്ടുപൂക്കളുടെയും മണ്ണിന്റെയും ഗന്ധം നിറഞ്ഞ അന്തരീക്ഷവും ഞങ്ങളെ ആഹ്ലാദചിത്തരാക്കി. അങ്ങനെ സമാധാനത്തിന്റെയും ലാളിത്യത്തിന്റെയും കേന്ദ്രമായ ശാന്തി ആശ്രമത്തിലേക്കുള്ള യാത്ര ഒരു പുണ്യയാത്രയായി മാറി.
ശ്രീ ശാന്തി ആശ്രമം
1917-ല്‍ മഹാനായ ആത്മീയ ഗുരു സ്വാമി ഓംകാര്‍ (1895-1982) സ്ഥാപിച്ച ശ്രീ ശാന്തി ആശ്രമം, തോട്ടപ്പള്ളി വനത്തിനോടടുത്ത് ശാന്തമായ ശങ്കരവനം ഗ്രാമത്തില്‍ ആത്മീയ പ്രകാശത്തിന്റെ ദീപസ്തംഭമായി കഴിഞ്ഞ 108 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു. രണ്ട് ചെറിയ കുന്നിന്‍നിരകളുടെ ഇടയില്‍ ‘മല്ലികാര്‍ജ്ജുനധാര’ എന്ന ഒരിക്കലും വറ്റാത്ത നീരുറവ ഒഴുകുന്ന ആശ്രമം, പ്രകൃതി സൗന്ദര്യത്തിന്റെയും ആത്മീയ ഊര്‍ജ്ജത്തിന്റെയും അപൂര്‍വ സംഗമസ്ഥലമാണ്. കാലത്തിനു മുമ്പേ ജീവിച്ച സ്വാമി ഓംകാര്‍, വിശാഖപട്ടണം, കാക്കിനട, ഊട്ടിക്കടുത്ത കോട്ടഗിരി (തമിഴ്‌നാട്) എന്നിവിടങ്ങളില്‍, സമാധാന ദൗത്യകേന്ദ്രങ്ങള്‍ എന്ന പേരില്‍ ആശ്രമത്തിന്റെ ശാഖകള്‍ സ്ഥാപിച്ചു.
മുന്‍ജന്മത്തിലെ സഹോദരിയായിരുന്നു എന്നു തിരിച്ചറിഞ്ഞ മാതാജി ജ്ഞാനേശ്വരിയെയാണ് ഓംകാര്‍ സ്വാമിജി തന്റെ കാലശേഷം ആശ്രമത്തിന്റെ അധിപയായി നിര്‍ദ്ദേശിച്ചത്. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ആശ്രമത്തില്‍ ചേര്‍ന്ന മാതാജി ജ്ഞാനേശ്വരി, നിസ്വാര്‍ത്ഥ സേവനത്തിന്റെയും തികഞ്ഞ ആത്മീയ ജ്ഞാനത്തിന്റെയും ജീവിക്കുന്ന ഉദാഹരണമാണ്.
കാര്‍ ആശ്രമത്തിനടുത്തേക്ക് എത്തിത്തുടങ്ങിയപ്പോള്‍തന്നെ പുറംലോകം പതുക്കെ നിശബ്ദതയിലേക്ക് അലിഞ്ഞുചേരുന്നതായി തോന്നി. നിരവധി ചെറുഗ്രാമങ്ങള്‍ കടന്ന്, ടാര്‍ ചെയ്യാത്ത പല ഗ്രാമീണ റോഡുകളിലൂടെ തെങ്ങിന്‍ തോപ്പുകളും, മൂടല്‍മഞ്ഞാല്‍ മൂടപ്പെട്ട ചെറുകുന്നുകളും കണ്ട് വൈകുന്നേരം നാലു മണിയോടെ ആശ്രമ കവാടത്തില്‍ എത്തി. യാത്രയിലുടനീളം പ്രകൃതി ഞങ്ങളെ ആഴത്തിലുള്ള ആന്തരിക യാത്രക്ക് ഒരുക്കുകയായിരുന്നുവോ?
പൂര്‍ണ നിശബ്ദതയിലും ശാന്തിയിലും ആണ്ടിരുന്ന ആശ്രമ പൂന്തോട്ടത്തിലെ ചെമ്പകവും അരളിയും റോസും പേരറിയാത്ത മറ്റനേകം കാട്ടു പുഷ്പങ്ങളും ഞങ്ങളെ സഹര്‍ഷം സ്വാഗതം ചെയ്തു. പരിസരത്തെ ചെറുതും വലുതുമായ കെട്ടിടങ്ങള്‍, ലളിതവും സുന്ദരവുമായിരുന്നു. എല്ലാം മനോഹരമായി സമ്മേളിക്കുന്ന ആശ്രമത്തില്‍ ശാന്തിയും സമാധാനവും നിറഞ്ഞില്ലെങ്കിലല്ലേ അത്ഭുതം?
ആശ്രമത്തിലെ അന്തേവാസികള്‍ ഞങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്ത് അതിഥി മന്ദിരത്തിലേക്ക് ആനയിച്ചു. അങ്ങനെ ആശ്രമത്തിന്റെ താളത്തിലേക്ക്, ആദ്യത്തെ സത്സംഗത്തിലും പ്രാര്‍ത്ഥനയിലും പങ്കുചേര്‍ന്നു ഞങ്ങള്‍ പതുക്കെ ഇഴുകിച്ചേര്‍ന്നു.
മാതാജിയുമായുള്ള കൂടിക്കാഴ്ച
സ്വാമി ഓംകാറിന്റെ പ്രധാന ശിഷ്യയായ മാതാജി ജ്ഞാനേശ്വരി തന്റെ ജന്മസിദ്ധമായ വിനയത്തോടെ ആത്മീയപ്രഭ ചൊരിഞ്ഞു അചഞ്ചലമായ സമര്‍പ്പണത്തോടെ അദ്ദേഹത്തിന്റെ പൈതൃകം കാത്തു സൂക്ഷിക്കുന്നു. അമ്മയുടെ സാന്നിധ്യം; ശുദ്ധ വെളുത്തസാരി, നിറഞ്ഞ പുഞ്ചിരി, കരുണാര്‍ദ്രമായ കണ്ണുകള്‍, അസ്വസ്ഥമായ ഏതൊരു മനസ്സിനെയും ഉടന്‍ ശാന്തമാക്കും. മിതഭാഷിയെങ്കിലും അമ്മയുടെ ഓരോ ചലനവും ആംഗ്യവും നിശബ്ദതയും നമ്മോടു ധാരാളം സംസാരിക്കും. മാതാജിയുടെ ദിവ്യസാന്നിധ്യത്തിലായിരിക്കുക എന്നാല്‍ ആഴത്തിലുള്ള നിശ്ചലതയും സമാധാനവും ശരീരത്തിലും മനസ്സിലും ആത്മാവിലും അനുഭവിക്കുക എന്നതാണ്- നമ്മിലും ചുറ്റുപാടുമുള്ള ദിവ്യസത്തയുടെ ഓര്‍മ്മപ്പെടുത്തലാണ് അമ്മയുടെ സവിധം. ബാഹ്യപ്രകടനങ്ങളില്ലാതെ തിരിച്ചറിവിന്റെ ആന്തരിക വെളിച്ചത്താല്‍ സ്വജീവിതം നയിക്കുന്ന മാതാജി ജ്ഞാനേശ്വരി, ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ളവരെയും അന്വേഷകരെയും ഭക്തരെയും സാധാരണക്കാരെയും ആത്മീയപാതയിലേക്ക് സൗമ്യമായി നയിച്ചുകൊണ്ടേയിരിക്കുന്നു.
നിസ്സംശയമായും ഞങ്ങളുടെ സന്ദര്‍ശനത്തില്‍ ഏറെ കാത്തിരുന്നതും ഹൃദയങ്ങളെ ആര്‍ദ്രമാക്കിയതും മാതാജി ജ്ഞാനേശ്വരിയുമായുള്ള കൂടിക്കാഴ്ചയായിരുന്നു. മാതാജിയുടെ കളങ്കമില്ലാത്ത മുഖവും സൗമ്യവും ശാന്തവുമായ പെരുമാറ്റവും ജഗദീശ്വരന്റെ കരുണ ഞങ്ങളില്‍ നിര്‍ലോഭം വര്‍ഷിക്കുന്നതായിരുന്നു. അമ്മയുടെ കണ്ണുകളില്‍ ഭഗവാനില്‍ ആഴത്തില്‍ ലയിച്ചിരിക്കുന്ന ഒരാളുടെ ദിവ്യത്വം നമുക്ക് അനുഭവിക്കാം.
തന്റെ സ്വതസിദ്ധമായ ചെറു പുഞ്ചിരിയോടെ മാതാജി ഞങ്ങളെ സ്വീകരിച്ച് അടുത്തുള്ള കസേരകളില്‍ ഇരുത്തി. എളിമയോടെ വാഴപ്പഴ നുറുക്കുകളും അവലും ശര്‍ക്കരയും ചേര്‍ത്തതുമായ പലഹാരം നല്‍കി. അമ്മയുടെ മുന്നില്‍ ഇരുന്നപ്പോള്‍ എല്ലാ ഔപചാരികതകളും അലിഞ്ഞുപോയി. ഞങ്ങളെ സന്ദര്‍ശകരായിട്ടല്ല, ആത്മീയപാതയിലെ സഹയാത്രികരായിട്ടായിരുന്നു മാതാജി പരിഗണിച്ചത്! യാത്രാവിശേഷങ്ങളും ആനന്ദാശ്രമത്തിലെ വിവരങ്ങളും തിരക്കി. വാക്കുകള്‍ കുറവായിരുന്നെങ്കിലും, അമ്മയുടെ നിശബ്ദതകളില്‍, ഒരാളോട് എങ്ങനെ പെരുമാറണം എന്നു ഞങ്ങള്‍ പഠിച്ചു.
സൗമ്യമായി ധര്‍മത്തിന്റെ സത്തയെക്കുറിച്ചും, നാം നമ്മുടെ ഉള്ളിലേക്ക് നോക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, സമാധാനം നമുക്ക് ലഭിക്കുന്നഒരു വസ്തുവല്ലെന്നും അത് നമ്മളായിത്തീരേണ്ടതാണെന്നും അമ്മപറഞ്ഞു. ലളിതവും എന്നാല്‍ ആഴമേറിയതുമായ അമ്മയുടെ വാക്കുകള്‍ പവിത്ര മന്ത്രങ്ങള്‍ പോലെ ഞങ്ങളുടെ ഉള്ളില്‍ തട്ടി.
യാത്രപറഞ്ഞു പുറപ്പെടുന്ന ദിവസം, മാതാജി വാത്സല്യത്തോടെ വസ്ത്രങ്ങള്‍, ഭക്ഷണസാധനങ്ങള്‍, ആത്മീയ പുസ്തകങ്ങള്‍ എന്നിവ അടങ്ങിയ ഒരു പൊതി ഞങ്ങള്‍ക്ക് തന്നു. ഞങ്ങളുടെ ഹൃദയങ്ങളില്‍ എന്നെന്നും മായാതെ നില്‍ക്കുന്ന ഒരു അനുഗ്രഹം. സ്വന്തം അമ്മയെപ്പോലെ, ട്രെയിന്‍ യാത്രയില്‍ കഴിക്കാന്‍ ഭക്ഷണപ്പൊതിയും തന്നാണ് മാതാജി ഞങ്ങളെ യാത്രയാക്കിയത്. അങ്ങനെ യാത്രക്കിടയിലും ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്നു അമ്മ ഉറപ്പാക്കി.
ഹൃദയം നിറഞ്ഞ ആശ്രമജീവിതം
പ്രകൃതിയുടെ താളത്തിനിണങ്ങിയ ആശ്രമത്തിലെ ദിനചര്യ നമ്മെ ശാന്തരും ലക്ഷ്യബോധമുള്ളവരുമാക്കിത്തീര്‍ക്കും. ശംഖനാദവും പക്ഷികളുടെ പാട്ടും കേട്ട് പുലര്‍ച്ചെ എഴുന്നേറ്റ ഞങ്ങള്‍ കുറെനേരം ധ്യാനം, ജപം, സേവനം (സേവ) എന്നിവയില്‍ മുഴുകി. സ്‌നേഹപൂര്‍വ്വം തയ്യാറാക്കി വിളമ്പിത്തന്ന സാത്വിക ഭക്ഷണം അത്യന്തം രുചികരമായിരുന്നു.
ആശ്രമത്തിന്റെ വിശാലമായ വളപ്പിലാകെ ഞങ്ങള്‍ ചുറ്റിനടന്നു. മരങ്ങള്‍ക്കിടയിലൂടെ നേരിയ രേഖകള്‍ പോലെ ഊര്‍ന്നിറങ്ങിയ സൂര്യപ്രകാശം, ഈശ്വര ചൈതന്യം ഭൂമിയിലേക്ക് പ്രവഹിപ്പിക്കുന്നതായി തോന്നി. അവിടവിടെയായി നൃത്തം ചെയ്യുന്ന മയിലുകളും മുളങ്കൂട്ടങ്ങളുടെ മര്‍മ്മരവും മരങ്ങളില്‍ നിന്നു മരങ്ങളിലേക്ക് ചാഞ്ചാടുന്ന മാര്‍ജ്ജാരക്കൂട്ടങ്ങളും ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു. ആശ്രമ അന്തേവാസികളുടെ ലക്ഷ്യബോധവും പരസ്പര ബഹുമാനവുംബന്ധവും അര്‍പ്പണ മനോഭാവവും പ്രശംസനീയമാണ്.
ഏകദേശം 100 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ആശ്രമം, പ്രകൃതി സൗന്ദര്യത്തിന്റെ ഒരു സങ്കേതമാണ്. ഞങ്ങള്‍ താമസിച്ചിരുന്ന മുറിയില്‍നിന്ന് കാട്ടു പാതയിലൂടെ പ്രധാന ആശ്രമ കെട്ടിടത്തിലേക്കുള്ള ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരം നടന്നത്, പ്രത്യേകിച്ചും കോരിച്ചൊരിയുന്ന മഴയില്‍, മറക്കാനാവാത്ത അനുഭവമായിരുന്നു. വീഥിയിലുടനീളം വിരിഞ്ഞുനിന്ന കാട്ടുപൂക്കള്‍ ഒരുക്കിയ വര്‍ണ പ്രപഞ്ചവും, വാനിലേക്ക് ഉയര്‍ന്ന നീണ്ട മരങ്ങളും, അവിടവിടെയായി നിരന്നുനിന്നിരുന്ന കുറ്റിച്ചെടികളും കണ്ട് ഇടയ്‌ക്കിടെ ഒഴുകിയെത്തിയ ജലപ്രവാഹങ്ങളും നിറഞ്ഞൊഴുകുന്ന കനാലും താണ്ടിയത് അത്യന്തം ആവേശകരമായ അനുഭവമായി മാറി. പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്ന ആ അന്തരീക്ഷത്തെ ഞങ്ങള്‍ അത്ഭുതത്തോടെയും ആരാധനയോടെയും വീക്ഷിച്ചു, ഞങ്ങളുടെ ഹൃദയങ്ങള്‍ നിറഞ്ഞു.
ഗോക്കളെ അതീവ ശ്രദ്ധയോടെയും ആദരവോടെയും വളര്‍ത്തുന്ന ആശ്രമത്തിലെ ഗോശാല ഒരു അതുല്യ കേന്ദ്രമാണ്. വൃത്തിയുള്ള തൊഴുത്തുകളിലെ പശുക്കളുടെ വാസവും പരിപാലകരുടെ ഭക്തിയും ആശ്രമത്തിന് എല്ലാ ജീവജാലങ്ങളോടുള്ള ആദരവിനെ പ്രതിഫലിപ്പിച്ചു. ഗോശാലയില്‍ നിന്നും ലഭിക്കുന്ന പാല്‍ ആശ്രമത്തിലെ താമസക്കാര്‍ക്കും പ്രസാദത്തിനും ഭക്ഷണത്തിനും ആശ്രമം നടത്തുന്ന വിദ്യാലയത്തിലെ കുട്ടികള്‍ക്കുമായി ഉപയോഗിക്കുന്നു. ആശ്രമ ഭോജനശാലയില്‍ ഭക്തിയോടെ പാകം ചെയ്ത് സ്‌നേഹത്തോടെ വിളമ്പുന്ന രുചികരവും ആരോഗ്യകരവുമായ സസ്യഭക്ഷണം ദിവസേന മൂന്നു നേരം സൗജന്യമായി ലഭിക്കും. ഇവിടുത്തെ ഭക്ഷണം ചൂട് ചപ്പാത്തിയും ചെറിയ പളുങ്കുമണികള്‍ പോലത്തെ വെള്ളരി ചോറും പരിപ്പ്, കത്തിരിക്ക കറികളുടെയും സ്വാദ് ഇപ്പോഴും നാവില്‍ തങ്ങിനില്‍ക്കുന്നു. തീര്‍ച്ചയായും ഇവിടുത്തെ ഭക്ഷണം ദിവ്യ വഴിപാടായി വിളമ്പുന്നത് നമ്മുടെ ശരീരത്തെയും ആത്മാവിനെയും ഒരേപോലെ പരിപോഷിപ്പിക്കും.
ആശ്രമം നടത്തുന്ന സ്‌കൂളില്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സൗജന്യ താമസവും വിദ്യാഭ്യാസവും നല്‍കിവരുന്നു. ഭാഗ്യവശാല്‍ ഈ കലാലയത്തില്‍ അക്കാദമിക പഠനത്തോടൊപ്പം ധാര്‍മ്മിക ആത്മീയ മൂല്യങ്ങള്‍ക്കും കലാ-കായിക രംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. വിദ്യാലയ സന്ദര്‍ശന വേളയില്‍ ഞങ്ങള്‍ കണ്ട വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച പുഞ്ചിരിക്കുന്ന ബാലികാബാലന്മാരുടെ മുഖങ്ങളും സൗമ്യമായ പെരുമാറ്റവും അവരുടെ അച്ചടക്കമുള്ള ദിനചര്യയെയും ധര്‍മ്മത്തിലും ആന്തരിക ശക്തിയിലും അധിഷ്ഠിതമായ ഒരു തലമുറയെ രൂപപ്പെടുത്തുന്നതിനുള്ള ആശ്രമത്തിന്റെ ആഴത്തിലുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതായിരുന്നു.
ആശ്രമത്തിലെ ഞങ്ങളുടെ താമസക്കാലത്ത് ഹൈദരാബാദില്‍ നിന്ന് അവിടെ ആത്മീയ സാധനയ്‌ക്കായി എത്തിയിരുന്ന നാരായണ റെഡ്ഡിയുടെ സ്‌നേഹപൂര്‍ണമായ പെരുമാറ്റവും നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തെലുങ്ക് അറിയാത്ത ഞങ്ങള്‍ക്ക് ഏറെ അനുഗ്രഹമായി. ഒരു സഹോദരനെപ്പോലെ അദ്ദേഹം ഞങ്ങളെ ആശ്രമപരിസരം മുഴുവന്‍ അനുഗമിച്ച് എല്ലാ സ്ഥലങ്ങളും കാട്ടിത്തന്നു. അദ്ദേഹത്തിന്റെ സഹായത്താല്‍ ആശ്രമ പ്രവര്‍ത്തകരുമായും കുട്ടികളുമായുമുള്ള ഞങ്ങളുടെ ആശയവിനിമയം നന്നായി നടത്താനായി. ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനം ഞങ്ങളുടെ ഹൃദയങ്ങളില്‍ ശാശ്വതമായ ഒരു മുദ്ര പതിപ്പിച്ചു. ശാന്തി ആശ്രമത്തിലെ ഞങ്ങളുടെ സുഖകരമായ താമസത്തിനു നിര്‍ണായകമായ അദ്ദേഹത്തെ നന്ദിയോടെ സ്മരിക്കട്ടെ.
ശാന്തമായ മടക്കയാത്ര
ആശ്രമത്തില്‍ നിന്നും യാത്ര തിരിക്കേണ്ട ദിവസം പെട്ടെന്ന് വന്നെത്തിയതായി തോന്നി. സന്തോഷത്താല്‍ ആറാടിയ ദിനങ്ങള്‍ക്കു വിരാമമിട്ട് ഞങ്ങള്‍ മാതാജിയെയും ആശ്രമ സേവകരെയും കൂപ്പുകൈകളോടെ വണങ്ങി തോട്ടപ്പള്ളിയിലെ പുണ്യഭൂമിയില്‍ നിന്നു യാത്രയായി. ലോകത്തിന്റെ ചിരപരിചിതങ്ങളായ ശബ്ദകോലാഹലങ്ങളിലേക്ക് മടങ്ങിയപ്പോള്‍ ഉള്ളില്‍ എന്തോ ഒന്നു നഷ്ടപ്പെട്ടപോലെ വിങ്ങി.
തീവണ്ടി വിശാഖപട്ടണത്തേക്ക് ചീറിപ്പാഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ കണ്ണുകളടച്ച് ശാന്തി ആശ്രമത്തിലെ മനോഹര മുഹൂര്‍ത്തങ്ങള്‍ അയവിറക്കി മാതാജി ജ്ഞാനേശ്വരിജിയുടെ സൗമ്യ സാന്നിധ്യത്തെ ഒരിക്കല്‍ക്കൂടി അനുഭവിക്കുകയായിരുന്നു. തൊട്ടടുത്ത സീറ്റില്‍ ശ്രീലക്ഷ്മിയുടെ മൊബൈല്‍ ഫോണില്‍ നിന്നും പതിഞ്ഞ ശബ്ദത്തില്‍ ”അമ്മ അമ്മാ തായേ/അഖിലാണ്ഡേശ്വരി നീയെ/ അന്നപൂര്‍ണേശ്വരി തായേ” എന്ന മനോഹരമായ തമിഴ് ഗാനം ആ യാത്രയെ പവിത്രമാക്കി.
ആശ്രമ സന്ദര്‍ശന ശേഷം കുറച്ചു ദിവസങ്ങളില്‍ ഞങ്ങളുടെ ദൈനംദിന ജീവിതത്തിന് കൂടുതല്‍ ഉത്സാഹവും സന്തോഷവും നിറഞ്ഞു. പുറംലോകത്തിലെ അസ്വസ്ഥതകള്‍ മാറ്റമില്ലാതെ തുടര്‍ന്നെങ്കിലും ഉള്ളില്‍ വിവരിക്കാനാവാത്ത സന്തോഷം നിറഞ്ഞിരുന്നു.
യഥാര്‍ത്ഥ തീര്‍ത്ഥാടനങ്ങള്‍ എല്ലായിപ്പോഴും ആന്തരിക ഉണര്‍വുകളെക്കുറിച്ചാണെന്ന് ശ്രീ ശാന്തി ആശ്രമം ഞങ്ങളെ പഠിപ്പിച്ചു. ശാന്തതയിലും ലാളിത്യത്തിലും ആണ്ടിരിക്കുന്ന ഈ ആശ്രമം നമുക്ക് ഒരു താല്‍ക്കാലിക അഭയകേന്ദ്രം മാത്രമല്ല, പ്രകൃതിയുമായും പ്രപഞ്ചമാകെ നിറഞ്ഞുനില്‍ക്കുന്ന ശാശ്വത സാന്നിധ്യവുമായും ആഴത്തിലുള്ള പുനഃസമാഗമം സാധ്യമാക്കുന്ന ഒരു വിശിഷ്ട സ്ഥലവുമാണ്.
ശാന്തി ആശ്രമത്തില്‍ കഴിഞ്ഞ ദിനങ്ങള്‍ വെറുമൊരു സന്ദര്‍ശനമെന്നതിലുപരിയായി ആഴത്തിലുള്ള സമാധാനവും സ്വസ്ഥതയും നല്‍കിയ വേളകളായി അനുഭവപ്പെട്ടു.
വിലാസവും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും:
ശ്രീ ശാന്തി ആശ്രമം (മാതൃ ആശ്രമം)
തോട്ടപ്പള്ളി ഹില്‍സ് (വഴി) ശംഖവരം
കിഴക്കന്‍ ഗോദാവരി ജില്ല – 533446
ആന്ധ്രാപ്രദേശ്.
ഫോണ്‍ : (0091) 7382009962, 07382009962
ഇ-മെയില്‍: [email protected]











