ന്യൂദല്‍ഹി: രാഷ്‌ട്രസുരക്ഷയ്‌ക്കായി ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ഒരു ടീം രൂപീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ഏജന്‍സികളും സംസ്ഥാന പോലീസ് സേനകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരവാദ വിരുദ്ധ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളമുള്ള പോലീസിന് പൊതുവായ ഒരു ഭീകരവിരുദ്ധ സ്‌ക്വാഡ് (ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്) ഘടന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എടിഎസിന്റെ ചുമതല അത്യധികം പ്രാധാന്യമുള്ളതാണ്. എല്ലാ തലങ്ങളിലും ഏകീകൃത തയാറെടുപ്പിനുള്ള അവസരം നല്‍കുന്നു. എല്ലാ ഡിജിപിമാരും ഈ ഘടന അടിയന്തരമായി നടപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഭീകരവാദത്തോട് സന്ധിയില്ലാത്ത നിലപാട് തുടരുമെന്ന് അമിത് ഷാ വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തവരെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ശിക്ഷിക്കുകയും അത് നടപ്പാക്കിയവരെ ഓപ്പറേഷന്‍ മഹാദേവിലൂടെ ഇല്ലാതാക്കുകയും ചെയ്തു. നവംബറില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തില്‍ 40 കിലോയോളം സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചത്. മൂന്നു ടണ്‍ സ്ഫോടകവസ്തുക്കള്‍ നേരത്തെ കണ്ടെത്താനായി. സ്ഫോടനം നടക്കുന്നതിന് മുന്നേതന്നെ ഗൂഢാലോചനയില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും പിടികൂടാനായി. ജമ്മു കശ്മീര്‍ പോലീസും മറ്റ് അന്വേഷണ ഏജന്‍സികളും മികച്ച അന്വേഷണം നടത്തിയെന്നും അമിത് ഷാ പറഞ്ഞു.
ഭാരതം വികസിക്കുമ്പോള്‍ മുന്നിലുള്ള വെല്ലുവിളികളുടെ രൂപവും ഭാവവും മാറുകയാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. രാജ്യത്തിനും വരും തലമുറകളിലെ ഉദ്യോഗസ്ഥര്‍ക്കും വേണ്ടി ശക്തമായ ഒരു ഭീകര വിരുദ്ധ ഗ്രിഡ് രൂപീകരിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്, അതുവഴി അവര്‍ക്ക് മുന്നിലുള്ള വെല്ലുവിളികളെ ശക്തമായി നേരിടാന്‍ കഴിയും. ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വെല്ലുവിളികള്‍ മുന്‍കൂട്ടി കാണുകയും അവയെ തടയുകയും ചെയ്യേണ്ടത് ഈ സമ്മേളനത്തിന്റെ ഉത്തരവാദിത്തമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
എന്‍ഐഎയുടെ പുതുക്കിയ ക്രൈം മാനുവല്‍, സംഘടിത കുറ്റകൃത്യ ശൃംഖല ഡാറ്റാബേസ്, നഷ്ടപ്പെട്ട, കൊള്ളയടിക്കപ്പെട്ടതും വീണ്ടെടുത്തതുമായ ആയുധ ഡാറ്റാബേസ് എന്നിവയും ആഭ്യന്തര മന്ത്രി പുറത്തിറക്കി. ആഭ്യന്തര സഹമന്ത്രിമാരായ നിത്യാനന്ദ് റായ്, ബണ്ടി സഞ്ജയ് കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
















