തിരുവനന്തപുരം (28-12-2025): അട്ടക്കുളങ്ങര അഗ്നിശ്വര മഹാദേവക്ഷേത്രത്തിലെ കീഴ്ശാന്തി നവനീത് (20) കിണറ്റിൽ വീണ് മരിച്ചു. ശനിയാഴ്ച രാവിലെ ക്ഷേത്രത്തിലെ അഭിഷേക ചടങ്ങുകൾക്കായി വെള്ളം കോരുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
അട്ടക്കുളങ്ങര പുത്തൻതെരുവ് ഗ്രാമ സമുച്ചയത്തിന് കീഴിലുള്ള ക്ഷേത്രത്തിലെ മേൽശാന്തിയുടെ മകനാണ് നവനീത്. അച്ഛനെ സഹായിക്കാനായാണ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ നവനീത് കീഴ്ശാന്തിയായി ക്ഷേത്രത്തിലെത്തിയത്. ഏകദേശം 22 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് യുവാവ് വീണത്. വെള്ളം കോരുന്നതിനിടെ പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യമോ അപസ്മാരമോ ആകാം അപകടകാരണമെന്ന് സംശയിക്കുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ക്ഷേത്ര ജീവനക്കാരും ഉടൻ തന്നെ നവനീതിനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
















