അര്‍ഹരായവര്‍ക്കെല്ലാം ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ആധികാരിക രേഖയാവുമത്രേ തഹസില്‍ദാര്‍മാര്‍ നല്‍കുന്ന ഈ കാര്‍ഡുകള്‍. സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ജനങ്ങള്‍ പ്രയാസമനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥ പരിഹരിക്കാനാണ് ഇത്തരമൊരു കാര്‍ഡ് കൊണ്ടുവരുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെടുന്നത്. നിയമ വകുപ്പുമായി ആലോചിച്ച് ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നതിനുള്ള കരടു ബില്ല് തയ്യാറാക്കാന്‍ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുകയാണത്രേ.
ഭാരതത്തിന്റെ അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന സിഎഎ നിയമം കൊണ്ടുവരികയും, അനധികൃത കുടിയേറ്റക്കാരും നുഴഞ്ഞുകയറ്റക്കാരും വോട്ടര്‍മാരായി മാറിയിരിക്കുന്നത് കണ്ടെത്തി ഒഴിവാക്കാന്‍ നടത്തുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെയും പശ്ചാത്തലത്തിലാണ് നേറ്റിവിറ്റി കാര്‍ഡുമായി ഇടതുമുന്നണി സര്‍ക്കാര്‍ രംഗത്തു വന്നിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ബീഹാറില്‍ 30 ലക്ഷത്തോളം കള്ള വോട്ടര്‍മാരെയാണ് എസ്‌ഐആറിലൂടെ നീക്കം ചെയ്തത്. എസ് ഐആര്‍ നടപ്പാക്കുന്നു എന്നറിഞ്ഞതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മറ്റും വോട്ട് ബാങ്കായ ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് പശ്ചിമ ബംഗാളില്‍ നിന്ന് സ്വന്തം രാജ്യമായ ബംഗ്ലാദേശിലേക്ക് കടന്നുകളഞ്ഞത്. ഡിഎംകെയും കോണ്‍ഗ്രസും സിപിഎമ്മുമൊക്കെ എസ്‌ഐആറിനെ എതിര്‍ത്തെങ്കിലും തമിഴ്‌നാട്ടിലും കേരളത്തിലും ലക്ഷക്കണക്കിന് കള്ള വോട്ടര്‍മാര്‍ ഉള്ളതായി കണ്ടെത്തിയിരിക്കുകയാണല്ലോ.
അനധികൃത പൗരന്മാരെയും കള്ള വോട്ടര്‍മാരെയും കണ്ടെത്തി ഒഴിവാക്കുന്നത് ജനങ്ങള്‍ക്കെതിരായ നീക്കമായി ചിത്രീകരിക്കുകയാണ് കോണ്‍ഗ്രസ്സും സിപിഎമ്മും ചെയ്യുന്നത്. സുപ്രീം കോടതിയുടെ അനുമതിയോടെയാണ് എസ്‌ഐആര്‍ നടപ്പാക്കുന്നത്. പക്ഷേ അതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് ഈ പാര്‍ട്ടികള്‍ പെരുമാറുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ പുറത്താക്കുന്നവരെ ഞങ്ങള്‍ ചേര്‍ത്തുപിടിക്കുന്നു എന്നാണ് ഈ പാര്‍ട്ടികള്‍ അവകാശപ്പെടുന്നത്. നേറ്റിവിറ്റി കാര്‍ഡ് കൊണ്ടുവന്നാല്‍ കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഴിയുന്ന ബംഗ്ലാദേശികളെ പോലും ഭാവിയില്‍ വോട്ടര്‍മാരാക്കി മാറ്റാം എന്നാവും പിണറായി സര്‍ക്കാര്‍ വ്യാമോഹിക്കുന്നത്.
അസമിലെ ജനസംഖ്യയില്‍ വലിയൊരു ശതമാനം യഥാര്‍ത്ഥ ഭാരത പൗരന്മാരല്ലെന്നാണ് അടുത്തിടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കിയത്. അവിടെ എസ്‌ഐആര്‍ നടപ്പാക്കുമ്പോള്‍ ഇവര്‍ പുറത്താകും. സ്വാഭാവികമായും ഇത്തരമൊരു നടപടി പാക്കിസ്ഥാന്റെയും മറ്റും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ജിഹാദി ശക്തികള്‍ ഇഷ്ടപ്പെടുന്നില്ല. കേരളത്തിലുമുണ്ട് ഈ മനോഭാവമുള്ള ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും പോലുള്ള സംഘടനകള്‍. ഇടതുമുന്നണി സര്‍ക്കാരിനു ജനപിന്തുണയില്ലെന്ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വ്യക്തമായതാണല്ലോ. ഈ സാഹചര്യത്തില്‍ ജിഹാദി ശക്തികളെ ചേര്‍ത്തു നിര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായാണ് നേറ്റിവിറ്റി കാര്‍ഡുമായി വരുന്നത്.
താന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയല്ല, അങ്കമാലിയിലെ പ്രധാനമന്ത്രിയാണെന്ന വിചാരമാണ് പിണറായി വിജയനുള്ളത്. പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്ക് കേന്ദ്രസര്‍ക്കാരിന് മാത്രമാണ് അധികാരം. നേറ്റിവിറ്റി കാര്‍ഡ് കൊണ്ടുവരാനുള്ള ബില്ല് നിയമസഭ പാസാക്കിയാല്‍ തന്നെ നിയമമാകാന്‍ ഗവര്‍ണറുടെയും രാഷ്‌ട്രപതിയുടെയും അനുമതി വേണം. രാജ്യദ്രോഹപരമായ ബില്ലുകള്‍ പരിഗണനയ്‌ക്ക് വന്നാല്‍ ചവറ്റുകൊട്ടയിലായിരിക്കും അവയുടെ സ്ഥാനം. സര്‍വ്വകലാശാല വിസി മാരുടെ കാര്യത്തില്‍ ഉണ്ടായ തിരിച്ചടി പിണറായിയും കൂട്ടരും മറന്നിട്ടുണ്ടാവില്ലല്ലോ.
നേറ്റിവിറ്റി കാര്‍ഡ് ബില്ല് നിയമമാകാന്‍ പോകുന്നില്ലെന്ന് പിണറായി വിജയനുതന്നെ അറിയാം. ശബരിമല സ്വര്‍ണ്ണക്കൊള്ളയ്‌ക്ക് അന്താരാഷ്‌ട്ര ബന്ധമുണ്ടെന്നും, കോടാനുകോടികളുടെ ഇടപാടില്‍ സിപിഎമ്മിലും സര്‍ക്കാരിലുമുള്ള പലര്‍ക്കും പങ്കുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയാണ്. ഇതു സംബന്ധിച്ച പല വെളിപ്പെടുത്തലും മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതില്‍നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രം കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പയറ്റുന്നത്.
















