‘വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) – വിബി -ജി റാം ജി നിയമം, 2025′-ന് രാഷ്‌ട്രപതി അംഗീകാരം നല്‍കി. നിയമപരമായ വേതനാടിസ്ഥാനത്തിലുള്ള തൊഴിലുറപ്പ് 125 ദിവസമായി വര്‍ധിപ്പിക്കുന്ന ഈ നിയമം ശാക്തീകരണത്തിലൂടെയും പദ്ധതി സംയോജനത്തിലൂടെയും എല്ലാവരിലേക്കും സേവനമെത്തിക്കുന്ന രീതികളിലൂടെയും സുസ്ഥിരവും സ്വയംപര്യാപ്തവുമായ ഗ്രാമീണ ഭാരതം സാക്ഷാത്കരിക്കുന്നതിനായി ഗ്രാമീണ ഉപജീവനമാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുന്നു.
ചിലരുടെ തെറ്റായ വായന
വിബി -ജി റാം ജി നിയമം നിലവില്‍ വരുമ്പോഴും സൂക്ഷ്മ പരിശോധനയില്‍ നിലനില്‍ക്കാത്ത പല അനുമാനങ്ങളും മുന്നോട്ടുവെയ്‌ക്കുന്ന ചിലരുണ്ട്. തൊഴിലുറപ്പ് ദുര്‍ബലപ്പെടുത്തിയെന്നും വികേന്ദ്രീകരണവും ആവശ്യകതയുടെ അടിസ്ഥാനത്തിലുള്ള അവകാശങ്ങളും കൂടിയാലോചനകളില്ലാതെ തകര്‍ക്കപ്പെട്ടുവെന്നും പരിഷ്‌കരണമെന്നത് പു
നര്‍നിര്‍മാണമെന്ന വ്യാജേന നടത്തുന്ന സാമ്പത്തിക പിന്‍വാങ്ങലാണെന്നും അവകാശവാദങ്ങള്‍ ഉന്നയിക്കപ്പെടുന്നു. ഈ അവകാശവാദങ്ങളൊരോന്നും നിയമത്തിന്റെ അന്തസ്സത്തയും ഉദ്ദേശവും സംബന്ധിച്ച തെറ്റായ വായനയുടെ അടിസ്ഥാനത്തിലുള്ളതാണ്.
ക്ഷേമവും വികസനവും പരസ്പരവിരുദ്ധമായ തിരഞ്ഞെടുപ്പുകളാണെന്ന ആശയപരമായ ആഴത്തിലുള്ള പിശകാണ് ഈ തെറ്റായ വായനയിലേക്ക് നയിച്ചത്. ഇതിന് വിപരീതമായ ധാരണയിലൂന്നിയാണ് പുതിയ ചട്ടക്കൂട് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അതായത്, വര്‍ധിപ്പിച്ച നിയമപരമായ ഉപജീവന വാഗ്ദാനത്തിലധിഷ്ഠിതമായ ക്ഷേമവും ഈടുറ്റ അടിസ്ഥാന സൗകര്യ നിര്‍മിതിയിലും ഉല്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിലും അധിഷ്ഠിതമായ വികസനവും പരസ്പരം ശക്തിപകരുന്നവയാണ്. വരുമാന പിന്തുണ, ആസ്തി വികസനം, കാര്‍ഷിക സുസ്ഥിരത, ദീര്‍ഘകാല ഗ്രാമീണ ഉല്പാദനക്ഷമത എന്നിവ വിട്ടുവീഴ്ചകളായല്ല, മറിച്ച് ഒരു തുടര്‍ച്ചയായാണ് പരിഗണിക്കപ്പെടുന്നത്. ഇത് കേവലം വാഗ്ദാനമല്ല, മറിച്ച് നിയമപരമായ രൂപകല്പനയില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ട സമീപനമാണ്.
തൊഴിലിനുള്ള നിയമപരമായ അവകാശം ലഘൂകരിക്കപ്പെട്ടു എന്ന വാദം തെറ്റാണ്. തൊഴിലുറപ്പിന്റെ നിയമപരവും നീതിയുക്തവുമായ സ്വഭാവം നിലനിര്‍ത്തുന്നതിനൊപ്പം ഈ നിയമം അതിന്റെ നിര്‍വഹണശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വെട്ടിക്കുറയ്‌ക്കുന്നതിന് പകരം തൊഴിലിനുള്ള അവകാശം 100 ദിവസത്തില്‍ നിന്ന് 125 ദിവസമായി വര്‍ധിപ്പിച്ചിരിക്കുകയാണ്. നടപടിക്രമങ്ങളിലൂടെ തൊഴിലില്ലായ്‌മ വേതനം പ്രായോഗികമായി ഇല്ലാതാക്കിയിരുന്ന അയോഗ്യതാ വ്യവസ്ഥകള്‍ നീക്കം ചെയ്യുകയും സമയബന്ധിത പരാതി പരിഹാര സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. നിയമപരമായ വാഗ്ദാനവും യാഥാര്‍ത്ഥ്യവും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വിടവിനെ ഈ പരിഷ്‌കരണം നേരിട്ട് പരിഹരിക്കുന്നു.
താഴെത്തട്ടിലെ ആവശ്യകത അടിസ്ഥാനമാക്കി ആസൂത്രണം ചെയ്തിരുന്ന തൊഴില്‍ രീതി ഉപേക്ഷിച്ച് ഉന്നതതല ആസൂത്രണത്തിന് മുന്‍ഗണന നല്‍കിയെന്ന വാദവും നിലവിലുണ്ട്. പരസ്പര വിരുദ്ധമല്ലാത്ത കാര്യങ്ങളെ വിരുദ്ധമായി കാണുന്ന രീതിയുടെ അടിസ്ഥാനത്തില്‍ ഉടലെടുത്ത വാദമാണിത്. തൊഴിലിന്റെ ആവശ്യകത ഇപ്പോഴും തൊഴിലാളികളില്‍നിന്നാണ് ഉത്ഭവിക്കുന്നത്. ദുരിതം ബാധിച്ചതിന് ശേഷം മാത്രം ആവശ്യങ്ങള്‍ പരിഗണിക്കുന്ന രീതി ഇനി ഉണ്ടാവില്ലെന്നതാണ് മാറ്റം. ഗ്രാമീണ തലത്തില്‍ പങ്കാളിത്തത്തോടെ നടത്തുന്ന ആസൂത്രണത്തിലൂടെ പദ്ധതി നിര്‍വഹണം മുന്‍കൂട്ടി നിശ്ചയിക്കുന്നതിനാല്‍ തൊഴിലാളികള്‍ തൊഴിലന്വേഷിക്കുമ്പോള്‍ ഭരണപരമായ തയ്യാറെടുപ്പില്ലായ്‌മ കാരണം അത് നിഷേധിക്കപ്പെടാതെ തൊഴില്‍ ലഭ്യമാകുന്നുവെന്ന് ഈ പരിഷ്‌കരണം ഉറപ്പാക്കുന്നു. ആസൂത്രണം ആവശ്യകതയെ അടിച്ചമര്‍ത്തുകയല്ല, മറിച്ച് അതിനെ പ്രവര്‍ത്തനക്ഷമമാക്കുകയാണ് ചെയ്യുന്നത്.
അധികാര കേന്ദ്രീകരണം എന്ന ആരോപണം ഈ നിയമത്തിന്റെ സവിശേഷ ഘടനയെ കാണാതെപോകുന്നു. ഗ്രാമപഞ്ചായത്തുകള്‍ പ്രാഥമിക ആസൂത്രണ-നിര്‍വഹണ കേന്ദ്രങ്ങളായി തുടരുകയും പ്രാദേശിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ ഗ്രാമസഭകളുടെ അധികാരം നിലനില്‍ക്കുകയും ചെയ്യുന്നു. വികേന്ദ്രീകൃത ആസൂത്രണം കേവലം താല്‍ക്കാലികമോ ഇടവിട്ടുള്ളതോ അല്ല, മറിച്ച് ഘടനാപരവും പങ്കാളിത്തപൂര്‍ണവുമായ പ്രക്രിയയായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടുവെന്നതാണ് മാറ്റം. ‘വികസിത ഗ്രാമപഞ്ചായത്ത് ആസൂത്രണങ്ങള്‍’ ബ്ലോക്ക്, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളില്‍ സംയോജിപ്പിക്കുന്നത് വിവിധ മേഖലകളിലെ ഏകോപനത്തിനും പദ്ധതിസംയോജനത്തിനും ദൃശ്യപരതയ്‌ക്കും വേണ്ടിയാണ്, മറിച്ച് പ്രാദേശിക മുന്‍ഗണനകളെ മറികടക്കാനല്ല. കാര്യങ്ങളിലെ വ്യക്തതയും യോജിപ്പും മാത്രമാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്; തീരുമാനമെടുക്കാനുള്ള അധികാരം പ്രാദേശികമായി തന്നെ തുടരുന്നു. വികേന്ദ്രീകരണത്തെ തകര്‍ക്കാതെ നിര്‍വഹണത്തിലെ ഏകോപനമില്ലായ്‌മയെ ഇത് പരിഹരിക്കുന്നു.
കൂടിയാലോചനകളില്ലാതെയാണ് പരിഷ്‌കരണം അടിച്ചേല്‍പ്പിച്ചതെന്ന അവകാശവാദം വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല. ബില്ലിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാരുകളുമായി വിപുലമായ കൂടിയാലോചനകളും സാങ്കേതിക ശില്പശാലകളും വിവിധ പങ്കാളികളുമായി ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. ഗ്രാമാസൂത്രണ ഘടനകള്‍, പദ്ധതി സംയോജന സംവിധാനങ്ങള്‍, ഡിജിറ്റല്‍ ഭരണ സംവിധാനങ്ങള്‍ തുടങ്ങിയ നിയമത്തിന്റെ പ്രധാന സവിശേഷതകള്‍ സംസ്ഥാനങ്ങളുടെ പ്രതികരണത്തിന്റെയും വര്‍ഷങ്ങളായി ആര്‍ജിച്ചെടുത്ത നിര്‍വഹണ പാഠങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണ്.
വിഹിത വര്‍ധനയും തുല്യതയും
കഴിഞ്ഞ പതിറ്റാണ്ടിനിടെ തൊഴിലുറപ്പ് പദ്ധതി വ്യവസ്ഥാപിതമായി ദുര്‍ബലപ്പെട്ടുവെന്ന വാദം വസ്തുതാവിരുദ്ധമാണ്. 2013-14 ല്‍ 33,000 കോടി രൂപയായിരുന്ന ബജറ്റ് വിഹിതം 2024-25-ല്‍ 86,000 കോടി രൂപയായി വര്‍ധിച്ചു. 2013-14 വരെ കാലയളവില്‍ സൃഷ്ടിക്കപ്പെട്ട 1,660 കോടി തൊഴില്‍ ദിനങ്ങള്‍ പിന്നീട് 3,210 കോടിയായി ഉയര്‍ന്നു. അനുവദിച്ച കേന്ദ്ര ധനസഹായം 2.13 ലക്ഷം കോടി രൂപയില്‍ നിന്ന് 8.53 ലക്ഷം കോടി രൂപയായും പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ 153 ലക്ഷത്തില്‍ നിന്ന് 862 ലക്ഷമായും വര്‍ധിച്ചു. സ്ത്രീ പങ്കാളിത്തം 48 ശതമാനത്തില്‍നിന്ന് 56.73 ശതമാനമായി ഉയര്‍ന്നു. 99 ശതമാനത്തിലേറെ തുക കൈമാറ്റ ഉത്തരവുകളും കൃത്യസമയത്ത് ലഭ്യമാകുന്നു. കൂടാതെ സജീവ തൊഴിലാളികളില്‍ ഏകദേശം 99% പേരും ആധാര്‍ അധിഷ്ഠിത പണമിടപാട് സംവിധാനത്തിന്റെ ഭാഗമായി. അവഗണനയെയല്ല, മറിച്ച് സുസ്ഥിര പ്രതിബദ്ധതയെയും മെച്ചപ്പെട്ട സേവന വിതരണത്തെയുമാണ് ഈ പ്രവണതകള്‍ സൂചിപ്പിക്കുന്നത്.
എങ്കിലും പഴയ ചട്ടക്കൂടിലെ ഘടനാപരമായ ബലഹീനതകള്‍ പദ്ധതി നിര്‍വഹണത്തിലെ അനുഭവങ്ങളിലൂടെ കാലക്രമേണ വ്യക്തമായിരുന്നു. ഇടവിട്ടുള്ള തൊഴില്‍ ലഭ്യതയും തൊഴിലില്ലായ്‌മ വേതനം നല്‍കുന്നതിലെ പരിമിതികള്‍, ഏകോപനമില്ലാത്ത ആസ്തി വികസനം, ആവര്‍ത്തനങ്ങള്‍ക്കും വ്യാജപ്പേരുകള്‍ക്കും തുടര്‍ച്ചയായ സാധ്യതകള്‍ എന്നിവയായിരുന്ന പ്രധാന ബലഹീനതകള്‍. വരള്‍ച്ചാ സമയത്തും കുടിയേറ്റം വര്‍ധിച്ചപ്പോഴും കോവിഡ്-19 മഹാമാരി ഉള്‍പ്പെടെ പ്രതിബന്ധ കാലഘട്ടങ്ങളിലും ഈ ബലഹീനതകള്‍ താഴെത്തട്ടില്‍ പ്രകടമായിരുന്നു.
പുതിയ നിയമത്തിലെ സാമ്പത്തിക പുനര്‍നിര്‍മാണത്തെ ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള പിന്‍വാങ്ങലായി തെറ്റായി ചിത്രീകരിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിഹിതം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്രവിഹിത വ്യവസ്ഥ 86,000 കോടി രൂപയില്‍ നിന്ന് ഏകദേശം 2,95,000 കോടി രൂപയായി ഉയരുന്നത് ഗ്രാമീണ തൊഴിലുറപ്പില്‍ തുടര്‍ച്ചയായി വര്‍ധിച്ചുവരുന്ന പിന്തുണയെ അടിവരയിടുന്നു. 60:40 എന്ന ധനസഹായ മാതൃക കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ദീര്‍ഘകാല ഘടനയാണ് പിന്തുടരുന്നത്. അതേസമയം വടക്കുകിഴക്കന്‍, ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്കും ജമ്മുകശ്മീരിനും 90:10 എന്ന വ്യത്യസ്തമായ അനുപാതം നല്‍കിയിട്ടുണ്ട്. സാമ്പത്തിക പി
ന്‍വാങ്ങലിന്റെ സൂചന നല്‍കുകയല്ല, മറിച്ച് പങ്കാളിത്തപരമായ ഉത്തരവാദിത്തത്തെയും സുതാര്യതയെയും ശക്തിപ്പെടുത്തുകയാണ് ഈ ചട്ടക്കൂടിലൂടെ ചെയ്യുന്നത്.
വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തിന്റെയും വിഹിതം നിശ്ചയിക്കുന്നതിലൂടെ ചട്ടങ്ങള്‍ക്കനുസൃതമായി ധനസഹായം വിതരണം ചെയ്ത് തുല്യത ഉറപ്പാക്കുന്നു. സംസ്ഥാനങ്ങളെ കേവലം പദ്ധതിനിര്‍വഹണ ഏജന്‍സികളായല്ല, മറിച്ച് വികസന പങ്കാളികളായാണ് പരിഗണിക്കുന്നത്. നിയമ ചട്ടക്കൂടിനകത്ത് സ്വന്തം പദ്ധതികള്‍ വിജ്ഞാപനം ചെയ്യാനും നടപ്പാക്കാനും സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുകയും തീരുമാനങ്ങളെടുക്കുന്നതിലെ സ്വാതന്ത്ര്യം വ്യക്തമായി നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളോ മറ്റ് അസാധാരണ സാഹചര്യങ്ങളോ ഉണ്ടാകുമ്പോള്‍ അനുവദനീയ നടപടികളുടെ വിപുലീകരണവും തൊഴില്‍ ദിനങ്ങളുടെ താല്‍ക്കാലിക വര്‍ധനയുമടക്കം പ്രത്യേക ഇളവുകള്‍ ശിപാര്‍ശ ചെയ്യാനും സംസ്ഥാനങ്ങള്‍ക്ക് സാധിക്കും. ഇത്തരത്തില്‍ ചട്ടങ്ങള്‍ക്കനുസൃതമായ വിഹിതവും സാഹചര്യത്തിനനുസരിച്ചുള്ള സ്വാതന്ത്ര്യവും സഹകരണ ഫെഡറലിസത്തിന് അനുയോജ്യമായ രീതിയില്‍ സന്തുലിതമാക്കിയിരിക്കുന്നു.
വിത്തുവിതയ്‌ക്കലിന്റെയും കൊയ്‌ത്തിന്റെയും ദിവസങ്ങളടക്കം സാമ്പത്തിക വര്‍ഷത്തില്‍ ആകെ 60 ദിവസം വരെ കാലയളവില്‍ തൊഴിലുറപ്പ് പ്രവൃത്തികള്‍ നടത്താന്‍ പാടില്ലെന്ന് മുന്‍കൂട്ടി വിജ്ഞാപനം ചെയ്യാന്‍ നിയമം സംസ്ഥാനങ്ങളെ അധികാരപ്പെടുത്തുന്നു. കാര്‍ഷിക-കാലാവസ്ഥാ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ വ്യത്യസ്ത വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കാം. തൊഴിലുറപ്പിലെ വര്‍ധന കാര്‍ഷികവൃത്തികള്‍ക്ക് തടസം സൃഷ്ടിക്കുന്നില്ലെന്നും മറിച്ച് അവയ്‌ക്ക് പൂരകമാണെന്നും പരിഷ്‌കരണം ഉറപ്പാക്കുന്നു.
യു.പി.എയുടെ റെക്കോഡ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമമനുസരിച്ച് (MGNREGA) നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ ആദ്യ ഭരണകാലം മുതല്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടു. ‘പ്രതിദിനം 100 രൂപ നിരക്കില്‍ കുറഞ്ഞത് 100 ദിവസത്തെ ജോലി’ എന്ന് കോണ്‍ഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്തിരുന്നെങ്കിലും 2009-ല്‍ തന്നെ കൂലി 100 രൂപയായി സര്‍ക്കാര്‍ നിജപ്പെടുത്തുകയും പണപ്പെരുപ്പവും വര്‍ധിച്ചുവരുന്ന ഗ്രാമീണ ദുരിതവും അവഗണിച്ച് വര്‍ഷങ്ങളോളം അത് മാറ്റമില്ലാതെ നിലനിര്‍ത്തുകയും ചെയ്തു. പദ്ധതി പ്രകാരം സംസ്ഥാനങ്ങള്‍ ഏകപക്ഷീയമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്രം പരസ്യമായി സമ്മതിക്കുകയും ‘വിവേചനരഹിതമായ വര്‍ധന’ വരുത്തുന്നുവെന്ന് സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തി കൂലി വര്‍ധിപ്പിക്കാത്ത നടപടിയെ ന്യായീകരിക്കുകയും ചെയ്തു. ഈ സമ്മതം തന്നെ ഗുരുതരമായ ഭരണപരാജയത്തിന്റെ തെളിവാണ്. സ്വന്തം സംസ്ഥാന സര്‍ക്കാരുകളെപ്പോലും നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ കേന്ദ്രസര്‍ക്കാരിന് കഴിയാതിരുന്നത് തൊഴിലുറപ്പ് പദ്ധതിയുടെ ദുരുപയോഗത്തിനും വ്യാജ തൊഴില്‍ കാര്‍ഡുകള്‍ക്കും സാമ്പത്തിക ചോര്‍ച്ചയ്‌ക്കും കാരണമായി.
രണ്ടാം യുപിഎ ഭരണകാലം പദ്ധതിയോടുള്ള പ്രതിബദ്ധതയിലെ ക്രമാനുഗത ഇടിവിനാണ് സാക്ഷ്യം വഹിച്ചത്. സംസ്ഥാനങ്ങളുടെ ആവശ്യകത ഉയര്‍ന്നിട്ടും ബജറ്റ് വിഹിതം 2010-11-ലെ 40,100 കോടി രൂപയില്‍ നിന്ന് 2012-13 ല്‍ 33,000 കോടി രൂപയായി വെട്ടിക്കുറച്ചു. പദ്ധതിയില്‍ 2010-11 കാലയളവിലുണ്ടായിരുന്ന 7.55 കോടി തൊഴിലാളികള്‍ 2013 നവംബറോടെ വെറും 6.93 കോടിയായി കുത്തനെ ഇടിഞ്ഞുവെന്ന് 2013-ല്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ കേന്ദ്ര സഹമന്ത്രി രാജീവ് ശുക്ല സമ്മതിച്ചു. തുക അനുവദിക്കുന്നതിലെ കാലതാമസം, വേതന വിതരണത്തിലെ സുതാര്യതയില്ലായ്‌മ, ഭരണപരമായ അനാസ്ഥ എന്നിവ തൊഴിലാളികളെ തൊഴില്‍ തേടുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു; നിയമപ്രകാരം വാഗ്ദാനം ചെയ്ത തൊഴിലുറപ്പിനെ നേരിട്ട് തകര്‍ക്കുന്നതായിരുന്നു ഇത്.
കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) 2013-ലെ റിപ്പോര്‍ട്ട് യുപിഎ ഭരണകാലത്തെ തൊഴിലുറപ്പ് നിയമത്തിന്റെ യഥാര്‍ത്ഥ അവസ്ഥ പുറത്തുകൊണ്ടുവന്നു. വ്യാപകമായ അഴിമതിയും കെടുകാര്യസ്ഥതയും റിപ്പോര്‍ട്ട് എടുത്തുകാട്ടി. വ്യാജമോ വികലമോ ആയ 4.33 ലക്ഷത്തിലധികം തൊഴില്‍ കാര്‍ഡുകള്‍, കണക്കില്ലാത്ത പിന്‍വലിക്കലുകളിലൂടെയും ക്രമരഹിതമായ പ്രവൃത്തികളിലൂടെയും ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം, 23 സംസ്ഥാനങ്ങളില്‍ വേതനം വൈകുകയോ നിഷേധിക്കപ്പെടുകയോ ചെയ്ത സാഹചര്യം, പകുതിയിലേറെ ഗ്രാമപഞ്ചായത്തുകളിലെ മോശം റെക്കോര്‍ഡ് സൂക്ഷിപ്പ് എന്നിവ റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഏറ്റവും കൂടുതല്‍ ഗ്രാമീണ ദരിദ്രര്‍ വസിക്കുന്ന സംസ്ഥാനങ്ങളായ ബിഹാറും ഉത്തര്‍പ്രദേശും മഹാരാഷ്‌ട്രയും അനുവദിച്ച തുകയുടെ ഏകദേശം 20% മാത്രമാണ് വിനിയോഗിച്ചത്. ആവശ്യകത ഏറ്റവും കൂടിയ സ്ഥലങ്ങളില്‍പോലും പദ്ധതി പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണിത്.
ക്ഷേമവും വികസനവും തമ്മിലെ തിരഞ്ഞെടുപ്പായി ഈ സംവാദത്തെ അവതരിപ്പിക്കുന്നത് പരസ്പര വിരുദ്ധമല്ലാത്തവയെ വിരുദ്ധമായി കാണുന്ന രീതിയാണ്. ക്ഷേമമെന്നത് ഉപജീവനമാര്‍ഗം ഉറപ്പാക്കുന്നതിലും വികസനമെന്നത് ഈടുനില്‍ക്കുന്ന ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, ഉല്പാദനക്ഷമത എന്നിവയിലും അധിഷ്ഠിതമാകുമ്പോള്‍ അവ പരസ്പരവിരുദ്ധമായ ലക്ഷ്യങ്ങളല്ല, മറിച്ച് പരസ്പരപൂരകങ്ങളാണ്. പലപ്പോഴും വേണ്ടത്ര ഫലം നല്‍കാതിരുന്ന പഴയൊരു ചട്ടക്കൂടിനെ അതേപടി നിലനിര്‍ത്തണോ അതോ വികസനത്തിലൂടെ ക്ഷേമം സാധ്യമാക്കുന്ന ആധുനികവും നടപ്പാക്കാനാവുന്നതും സംയോജിതവുമായ തൊഴിലുറപ്പ് പദ്ധതിയായി അതിനെ പരിഷ്‌കരിക്കണോ എന്നതായിരുന്നു യഥാര്‍ത്ഥ തീരുമാനം.
പുതിയ നിയമം ജോലി ചെയ്യാനുള്ള നിയമപരമായ അവകാശത്തെ സംരക്ഷിക്കുകയും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുകയും വര്‍ഷങ്ങളായി പദ്ധതിനിര്‍വഹണത്തിലൂടെ പുറത്തുവന്ന ഘടനാപരമായ ബലഹീനതകള്‍ പരിഹരിക്കുകയും ചെയ്യുന്നു. നിലവിലെ സംവിധാനത്തെ തകര്‍ക്കുകയല്ല, മറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തില്‍ നടത്തുന്ന നവീകരണ പ്രക്രിയയാണിത്.











