കോട്ടയം/പാലാ: പാലാ നഗരസഭയുടെ ചെയര്‍പേഴ്സണായി ഇനി ദിയ ബിനു പുളിക്കക്കണ്ടം. നഗരസഭയിലെ മുതിര്‍ന്ന അംഗം അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റെ മകളാണ് 21 കാരിയായ ദിയ. യുഡിഎഫ് പിന്തുണയോടെയാണ് ചെയര്‍പേഴ്സണ്‍ ആയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്‍പേഴസ്ണ്‍ ആണ് ദിയ എന്ന പ്രത്യേകത കൂടിയുണ്ട്.
കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച മായാ രാഹുല്‍ ആണ് വൈസ് ചെയര്‍പേഴ്‌സണ്‍.
മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിന് ഒരുങ്ങുന്നതിനിടയിലാണ് ദിയ തെരഞ്ഞെടുപ്പ് രംഗത്തെത്തിയത്. കന്നി മത്സരത്തില്‍ വിജയിച്ച് നഗരസഭയുടെ അധ്യക്ഷയായി എന്ന പ്രത്യേകതയുമുണ്ട്. ബിനുവിന്റെ നേതൃത്വത്തില്‍ മത്സരിച്ച മൂന്നംഗ സ്വതന്ത്ര കൂട്ടായ്‌മയിലെ അംഗമാണ് ദിയ. ബിനുവിന്റെ ജ്യേഷ്ഠസഹോദരന്‍ ബിജു പുളിക്കക്കണ്ടമാണ് സ്വതന്ത്ര കൂട്ടായ്‌മയിലെ മൂന്നാമത്തെ അംഗം.
മൂന്ന് പതിറ്റാണ്ട് കാലത്തെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കുത്തകയാണ് ഇന്നലെയോടെ അവസാനിച്ചത്. പാലായുടെ ചരിത്രത്തിലാദ്യമായി കേരളാ കോണ്‍ഗ്രസ് എം പ്രതിപക്ഷത്തിരിക്കും. ഇങ്ങനെയൊരു സാഹചര്യം വരുമ്പോള്‍ ഇന്നലത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ‘പാലായുടെ മാണിക്യം’ എന്നറിയപ്പെട്ടിരുന്ന കെ.എം. മാണി ആദ്യമായി മന്ത്രി കസേരയില്‍ എത്തിയതിന്റെ 50-ാം വാര്‍ഷികദിനമായിരുന്നു. യാദൃച്ഛികമെങ്കിലും കണ്ണിലെ കൃഷ്ണമണി പോലെ കെ.എം. മാണി കാത്തുസൂക്ഷിച്ച പാലായില്‍ കേരളാ കോണ്‍ഗ്രസിന് പ്രതിപക്ഷത്തിരിക്കാനുള്ള മാറ്റത്തിന് വഴിതുറന്നതും ഈ ദിവസം തന്നെ.
26 അംഗ നഗരസഭയില്‍ എല്‍ഡിഎഫ് 12 യുഡിഎഫ് 10 സ്വതന്ത്രര്‍ നാല് എന്നിങ്ങനെയാണ് കക്ഷിനില. നാല് സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ചതോടെ യുഡിഎഫ് ഭരണം കൈപ്പടിയിലൊതുക്കി.
2020ല്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പിന്‍ബലത്തില്‍ എല്‍ഡിഎഫ് ആദ്യമായി പാലാ നഗരസഭയില്‍ അധികാരത്തിലെത്തിയപ്പോള്‍ ബിനു പുളിക്കക്കണ്ടത്തിന് ചെയര്‍മാന്‍ പദവി നല്‍കാന്‍ സിപിഎം സന്നദ്ധമായിരുന്നു. എന്നാല്‍ ജോസ് കെ. മാണിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചുണ്ടിനും കപ്പിനും ഇടയില്‍ ബിനുവിന് ചെയര്‍മാന്‍ സ്ഥാനം നഷ്ടമായി. ഇതിനൊരു മധുര പ്രതികാരം വീട്ടല്‍ കൂടിയായിരുന്നു കേരളാ കോണ്‍ഗ്രസിനെ അകറ്റിനിര്‍ത്തി സ്വന്തം കുടുംബത്തിലേക്ക് ചെയര്‍പേഴ്സണ്‍ സ്ഥാനം എത്തിക്കുകവഴി ബിനു ലക്ഷ്യമിട്ടത്.
















