ന്യൂദല്‍ഹി: കംബോഡിയ-തായ്‌ലൻഡ് അതിർത്തിയിലെ തർക്കപ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന വിഷ്ണുഭഗവാന്റെ പ്രതിമ തായ് സൈന്യം തകർത്ത നടപടിയിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം അനാദരവ് നിറഞ്ഞ പ്രവൃത്തികൾ ലോകമെമ്പാടുമുള്ള ഹിന്ദുമതാനുയായികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും അത് നടക്കാൻ പാടില്ലാത്തതാണെന്നും ഇന്ത്യ പറഞ്ഞു.
തായ്‌ലൻഡ്-കംബോഡിയ അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശത്ത് അടുത്തിടെ നിർമ്മിച്ച ഒരു ഹിന്ദു മത ദേവന്റെ പ്രതിമ പൊളിച്ചുമാറ്റിയതായി റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
പ്രദേശത്തെ ജനങ്ങൾ ഹിന്ദു, ബുദ്ധ ദേവതകളെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്നും നമ്മുടെ നാഗരിക പൈതൃകത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. സമാധാനം നിലനിൽക്കാൻ അനുവദിക്കുന്നതിനും ജീവഹാനിയും സ്വത്തുനാശവും തടയുന്നതിനും സംഭാഷണവും നയതന്ത്രവും ഉപയോഗിക്കണമെന്ന് ഇന്ത്യ ഇരു രാജ്യങ്ങളോടും അഭ്യർത്ഥിച്ചു.
കംബോഡിയൻ അതിർത്തിക്കുള്ളിലെ ആൻ സെസ് എന്ന സ്ഥലത്ത് 2014-ൽ സ്ഥാപിച്ച പ്രതിമയാണ് കഴിഞ്ഞ തിങ്കളാഴ്ച തായ് സൈന്യം ബാക്ക്ഹോ ലോഡർ ഉപയോഗിച്ച് തകർത്തത്ബാ ക്ക്‌ഹോ ലോഡർ ഉപയോഗിച്ച് വിഷ്ണു പ്രതിമ തകർക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
കംബോഡിയൻ പ്രദേശമായ ആൻ സെസ് പ്രദേശത്താണ് പ്രതിമ സ്ഥിതി ചെയ്യുന്നതെന്ന് പ്രീഹ് വിഹാറിന്റെ വക്താവ് ലിം ചാൻപൻഹ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. 2014 ൽ നിർമ്മിച്ച വിഷ്ണു പ്രതിമ തിങ്കളാഴ്ചയാണ് പൊളിച്ചത്. പ്രതിമ തായ്‌ലൻഡ് അതിർത്തിയിൽ നിന്ന് ഏകദേശം 100 മീറ്റർ (328 അടി) അകലെയാണെന്നും ചാൻപൻഹ പറഞ്ഞു. ബുദ്ധമതക്കാരും ഹിന്ദുമതക്കാരും ആരാധിക്കുന്ന പുരാതന ക്ഷേത്രങ്ങളും പ്രതിമകളും നശിപ്പിക്കുന്നതിനെ ഞങ്ങൾ അപലപിക്കുന്നുവെന്നും ചാൻപൻഹ പറഞ്ഞു.
















