മാവേലിക്കര: എബിവിപി ചെങ്ങന്നൂര്‍ നഗര്‍ സമിതി പ്രസിഡന്റ് വിശാലിനെ നിരോധിത ഭീകര സംഘടനയായ കാമ്പസ് ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ കേസില്‍ ഈ മാസം 30ന് വിധി പറയും. മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജ് പൂജ പി. പി. ആണ് വിധി പറയുക.
2012 ജൂലൈ 16 ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാനായി വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുക്കിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിശാലിനെ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം സ്ഥലത്തെത്തിയ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. വിശാലിനൊപ്പം സ്ഥലത്തുണ്ടായിരുന്ന എബിവിപി പ്രവര്‍ത്തകരായ വിഷ്ണുപ്രസാദ്, ശ്രീജിത്ത് എന്നിവരെയും അക്രമികള്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു.
വിശാലിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഏഴോളം എബിവിപി പ്രവര്‍ത്തകരെയും അക്രമികള്‍ ഉപദ്രവിച്ചിരുന്നു. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ആണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കേസിലെ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
സംഭവ ദിവസം രാവിലെ 10.45ന് കുത്തേറ്റ വിശാലിനെ ആദ്യം ചെങ്ങന്നൂര്‍ ഗവ. ഹോസ്പിറ്റലും നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡി. കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. പോപ്പുലര്‍ ഫ്രണ്ടുകാരാണ് തന്നെ കുത്തിയതെന്ന് മെഡി. കോളജിലേക്കുള്ള യാത്രക്കിടയില്‍ വിശാല്‍ സുഹൃത്തിനോട് പറഞ്ഞത് പ്രോസിക്യൂഷന്‍ തെളിവായി കോടതിയില്‍ ഹാജരാക്കി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലക്കാരായ പ്രതികള്‍ കൃത്യത്തിനു ശേഷം കായംകുളത്തുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ പാര്‍ത്തിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചെങ്ങന്നൂരും പരിസരത്തും നടത്തിയിരുന്ന ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ വിശാലും സുഹൃത്തുക്കളും ശക്തമായി എതിര്‍ത്തതിലുള്ള വൈരാഗ്യത്തിലാണ്, പ്രതികള്‍ കൊലപ്പെടുത്തിയതെന്ന വാദമാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍ പ്രധാനമായും ഉയര്‍ത്തിയത്. ഇത് സാധൂകരിക്കാന്‍ സംഭവം കണ്ട സാക്ഷികളുടെ മൊഴികളും മൂന്നാം പ്രതി ഷെഫീക്കിന്റെ തിരിച്ചറിയല്‍ കാര്‍ഡും പ്രധാന തെളിവുകളാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
സംഭവത്തിനുശേഷം ചെങ്ങന്നൂര്‍ കാരക്കാടിന് സമീപം പ്രതികള്‍ ഉപേക്ഷിച്ച ആയുധം പ്രതികളുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇവ സാക്ഷികള്‍ തിരിച്ചറിഞ്ഞു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍, മഹേശ്വര്‍ പടിക്കല്‍, നീരജ ഷാജി എന്നിവരാണ് ഹാജരാകുന്നത്.
















