തൃശൂര്‍: ഡോ.നിജി ജസ്റ്റിന്‍ മേയര്‍ ആകാന്‍ സാധ്യത. ആദ്യ രണ്ടര വര്‍ഷം നിജിയെ മേയറാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായാണ് വിവരം. ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും.
അതേസമയം മേയര്‍ ആകുമെന്ന് പ്രതീക്ഷിച്ച ലാലി ജെയിംസിന്റെ പേര് നേതൃത്വം വെട്ടിയതില്‍ പ്രതിഷേധം രൂക്ഷമാണ്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷത്തിന്റെയും പിന്തുണ ലാലിക്കാണ്. തുടര്‍ച്ചയായി നാലാമത് തവണയാണ് ലാലി കൗണ്‍സിലറായി ജയിച്ചു വരുന്നത്. മാത്രമല്ല ഈ കൗണ്‍സിലില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ കൗണ്‍സിലറും ലാലിയാണ്.
ലാലൂരില്‍ നിന്ന് ആയിരത്തിലേറെ വോട്ടുകള്‍ക്കാണ് ലാലി ജെയിംസ് വിജയിച്ചത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്നും പരിഗണിക്കാതെ ഡോ. നിജി ജസ്റ്റിനെ മേയറാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തമാണ്. നിജി ഇതാദ്യമായാണ് കൗണ്‍സിലില്‍ എത്തുന്നത്. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജിസ്റ്റാണ് നിജി ജസ്റ്റിന്‍. മഹിളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷയായിരുന്നു.
കിഴക്കുമ്പാട്ടുകരയില്‍ നിന്നാണ് നിജി കൗണ്‍സിലിലേക്ക് ജയിച്ചത്. നിജിക്ക് മേയര്‍ പദവി രണ്ടര വര്‍ഷത്തേക്ക് എന്നാണ് ധാരണ. അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച എ. പ്രസാദ് ഡെപ്യൂട്ടി മേയറാകും. രണ്ടര വര്‍ഷത്തിനുശേഷം അഡ്വ.സുബി ബാബുവിനെ മേയറാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
സുബി നേരത്തെ ഡെപ്യൂട്ടി മേയര്‍ ആയിരുന്നു. ഗാന്ധിനഗര്‍ ഡിവിഷനില്‍ നിന്നാണ് സുബി ബാബു വിജയിച്ചത്. ലാലി ജെയിംസിനെ ഒഴിവാക്കിയതില്‍ വരും ദിവസങ്ങളില്‍ വലിയ പ്രതിഷേധം ഉയരാനിടയുണ്ട്. കഴിഞ്ഞ കൗണ്‍സിലില്‍ പ്രതിപക്ഷത്തായിരുന്ന യുഡിഎഫിന്റെ മുന്നണിപ്പോരാളിയായിരുന്നു ലാലി.
















