ആലപ്പുഴ/ കോട്ടയം: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കര്‍ഷകരുടെ ക്രിസ്തുമസ് പുതുവത്സര പ്രതീക്ഷകള്‍ ഇരുട്ടിലായി. രണ്ട് ജില്ലകളിലായി 12 ഇടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്.
ക്രിസ്തുമസ് വിപണിക്കായി തയാറെടുത്ത് നില്‍ക്കുമ്പോഴാണ് കര്‍ഷകരുടെ പ്രതീക്ഷയെ തകിടം മറിച്ച് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. ആലപ്പുഴയില്‍ ഇരുപതിനായിരത്തോളം പക്ഷികളെ കൊന്നൊടുക്കും. അതേസമയം, കൂടുതല്‍ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു.
രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് പക്ഷികളെ കൊന്നൊടുക്കുന്നത്. കോഴി, താറാവ്, കാട എന്നിവ ഇതില്‍ ഉള്‍പ്പെടും.
ദേശാടനപക്ഷികളുടെ വരവാണ് രോഗബാധയ്‌ക്ക് കാരണമെന്നാണ് കരുതുന്നത്. പക്ഷികള്‍ അസ്വാഭാവികമായി കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മൃഗാശുപത്രികളില്‍ അറിയിക്കണം. ഇത്തരം പക്ഷികളെ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത വേണം. രോഗബാധിത പ്രദേശങ്ങളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ കര്‍ശന ജാഗ്രതാനിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
















