ന്യൂദല്‍ഹി: ജ്ഞാനപീഠ പുരസ്‌കാര ജേതാവും പ്രശസ്ത ഹിന്ദി എഴുത്തുകാരനുമായ വിനോദ് കുമാര്‍ ശുക്ലയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ വിനോദ് കുമാര്‍ ശുക്ല ജിയുടെ വിയോഗത്തില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. ഹിന്ദി സാഹിത്യ ലോകത്തിന് നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍ക്ക് അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും. ദുഃഖത്തിന്റെ ഈ മണിക്കൂറില്‍, അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും ഒപ്പമാണ്. എന്റെ അനുശോചനം. ഓം ശാന്തി.’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ പോസ്റ്റ് ചെയ്തു.
വിനോദ് കുമാര്‍ ശുക്ലയുടെ (89) മൃതദേഹം റായ്‌പൂരിലെ മാര്‍വാരി മുക്തിധാമില്‍ പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കരിച്ചു.
നെക്കാര്‍ കി കാമേത്, ദീവാര്‍ മേ ഏക് ഖിദ്കി രേഹ്തി തി, ഖിലേഗാ തോ ദേഖേംഗെ തുടങ്ങിയ നോവലുകള്‍ ശുക്ലയുടെ ശ്രദ്ധേയമായ കൃതികളില്‍ ഉള്‍പ്പെടുന്നു .
ഇന്ത്യയിലെ പരമോന്നത സാഹിത്യ ബഹുമതിയായ 59-ാമത് ജ്ഞാനപീഠ അവാര്‍ഡ് (2024-ല്‍) ലഭിക്കുന്ന ഛത്തീസ്ഗഡില്‍ നിന്നുള്ള ആദ്യത്തെ എഴുത്തുകാരനും പന്ത്രണ്ടാമത്തെ ഹിന്ദി എഴുത്തുകാരനുമാണ് ശുക്ല.
















