തിരുവനന്തപുരം (24-12-2025): ശബരിമല സ്വർണക്കവർച്ച കേസിൽ മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും. ഇരുവരും കൊല്ലം വിജിലൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. എ പത്മകുമാർ പ്രസിഡൻ്റായിരുന്ന സമയം ഇവർ രണ്ടുപേരും ബോർഡിലെ മെമ്പർമാരായിരുന്നു. കഴിഞ്ഞ ദിവസം എസ്‌ഐടിയുടെ അന്വേഷണത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ച ഘട്ടത്തിൽ ഇരുവരുടെയും പേരുകൾ പരാമർശിച്ചിരുന്നു. ബോർഡ് മെമ്പർമാരായിരുന്ന വിജയകുമാർ ,ശങ്കർദാസ് എന്നിവരെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്നായിരുന്നു കോടതി ചോദിച്ചത്.
കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അറസ്റ്റിന് സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് ഇരുവരും മുൻകൂർ ജാമ്യ നീക്കം നടത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയതിൽ തനിക്ക് മാത്രമല്ല ബോർഡിലെ ഇല്ലേ അംഗങ്ങൾക്കും ഉത്തരവാദിത്തം ഉണ്ടെന്നായിരുന്നു ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുള്ളത്.
അതേസമയം, കേസിൽ ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് സുപ്രീംകോടതിയെ സമീപിച്ചു. കേസിലെ മറ്റൊരു ഹർജിയിൽ ഹൈക്കോടതി തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. 2019ലെ ബോർഡ് മെമ്പർമാരായ ശങ്കർദാസ്, എൻ വിജയകുമാർ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും ഇവർക്കെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ലെന്നും കോടതി ചോദിച്ചിരുന്നു. വൻ തോക്കുകൾ ഒഴിവാക്കപെടരുത് എന്ന് കോടതി പറഞ്ഞു. ഡിസംബർ 5 ന് ശേഷം അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ല. എന്‍.വാസുവിന്റെയും മുരാരി ബാബുവിന്റെയും ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലായിരുന്നു ഹൈക്കോടതിയുടെ ഈ പരാമര്‍ശങ്ങള്‍.
















