പത്തനംതിട്ട: ദ്വാരപാലക പാളികളില്‍ നിന്നു ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് വേര്‍തിരിച്ചെടുത്ത 474.97 ഗ്രാം സ്വര്‍ണം ആഭരണമാക്കി വിറ്റതായി ബെല്ലാരി റോധം ജൂവലറി ഉടമ ഗോവര്‍ദ്ധന്‍. 2020-21ലെ ബില്ലുകള്‍ പരിശോധിച്ചാല്‍ പോലും ഈ ആഭരണങ്ങള്‍ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും ഗോവര്‍ദ്ധന്‍ എസ്‌ഐടിക്കു മൊഴി നല്കി.
എന്നാല്‍ ഗോവര്‍ദ്ധന്റെ മൊഴി എസ്‌ഐടി മുഖവിലയ്‌ക്കെടുത്തിട്ടില്ല. ശബരിമലയ്‌ക്കായി ഒന്നര കോടിയോളം രൂപ ചെലവഴിച്ചു, ശ്രീകോവില്‍ വാതില്‍ പാളികള്‍ നിര്‍മിച്ചു സ്വര്‍ണം പൊതിയാന്‍ 184 ഗ്രാം സ്വര്‍ണം നല്കിയെന്നും ഗോവര്‍ദ്ധന്‍ മൊഴി നല്കിയിട്ടുണ്ട്. ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ പരികര്‍മിയായശേഷം ഭക്തരെ ചൂഷണം ചെയ്ത് കോടികള്‍ സ്വന്തമാക്കിയതായാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
ഭക്തരുടെ പണമുപയോഗിച്ചാണ് ഇയാള്‍ എല്ലാ സ്‌പോണ്‍സറിങ്ങും നടത്തിയത്. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലെ പ്രാവീണ്യം മുതലെടുത്താണ് പൂജയും നെയ്യഭിഷേകവും ദര്‍ശന സൗകര്യവുമൊരുക്കിക്കൊടുത്ത് ഭക്തരെ പോറ്റി വലയിലാക്കിയിരുന്നത്. ശബരിമല പൂജാരിയെന്ന നിലയില്‍ അന്നദാനം, അറ്റകുറ്റപ്പണികള്‍ എന്നിവയ്‌ക്കായി ഭക്തരില്‍ നിന്ന് ഇയാള്‍ വന്‍തുക പിരിച്ചിരുന്നു. ഇതില്‍ നല്ലൊരു ഭാഗവും റിയല്‍ എസ്റ്റേറ്റ്, ബ്ലേഡ് ബിസിനസിനായി പോറ്റി വിനിയോഗിച്ചതായും ഗോവര്‍ദ്ധന്‍ മൊഴി നല്കി. 2019ല്‍ വാതില്‍പ്പാളികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതുവരെ ഉദ്ദേശം 84 ലക്ഷം രൂപയാണ് പോറ്റി മുഖാന്തരം ഗോവര്‍ദ്ധന്‍ ശബരിമലയിലെ വിവിധ വഴിപാടുകള്‍ക്കും പദ്ധതികള്‍ക്കുമായി ചെലവഴിച്ചത്. പോറ്റിയുടെ സ്‌പോണ്‍സറിങ് എല്ലാം ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് ഭക്തരുടെ സംഭാവനയിലായിരുന്നു. പദ്ധതികള്‍ക്ക് ആവശ്യമായതിന്റെ ഇരട്ടിയിലധികം പണം വാങ്ങുകയും ആവശ്യമായ തുക ദേവസ്വം ബോര്‍ഡിന് കൈമാറി ബാക്കി സ്വന്തമാക്കുകയുമായിരുന്നു പോറ്റിയുടെ രീതി. ഇതിനു ചില ദേവസ്വം ഉദ്യോഗസ്ഥരുടെ പിന്തുണയും പോറ്റിക്കു ലഭിച്ചിരുന്നു.
















