തൃശൂര്‍: യുഎപിഎ നിയമ പ്രകാരം തടവില്‍ കഴിയുന്ന മാവോയിസ്റ്റ് രൂപേഷിന്റെ നോവല്‍ പ്രസിദ്ധീകരിക്കുന്നതില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ബോധപൂര്‍വ്വം കാലതാമസം വരുത്തുന്നുവെന്ന് ഇടത് സാംസ്‌കാരിക പ്രവര്‍ത്തകര്‍.
സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ട സംയുക്തപ്രസ്താവനയിലാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ പരാമര്‍ശങ്ങള്‍. സച്ചിദാനന്ദന്‍, കെ.ജി.എസ്, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ജെ. ദേവിക, പി.കെ. പോക്കര്‍, കല്‍പ്പറ്റ നാരായണന്‍, അഷ്ടമൂര്‍ത്തി തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളവര്‍.
11 വര്‍ഷമായി യുഎപിഎ കേസില്‍ ജയിലില്‍ കഴിഞ്ഞുവരികയാണ് രൂപേഷ്. ജയിലില്‍ വച്ച് എഴുതിയ ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന നോവല്‍ പ്രസിദ്ധീകരണ അനുമതിക്കായി 2025 ജനുവരി 17 നാണ് സമര്‍പ്പിച്ചത്. നോവല്‍ ജയിലിലെ വിദഗ്ധ പരിശോധനക്ക് ശേഷം പൂജപ്പുര ജയില്‍ ആസ്ഥാനത്തേക്കും അവിടെനിന്ന് ആഭ്യന്തരവകുപ്പിലേക്കും തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അയച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തിരികെ പരിശോധനക്ക് ആഭ്യന്തര വകുപ്പിലേക്കും ഇവിടെ നിന്ന് തുടര്‍ പരിശോധനക്ക് നിയമവകുപ്പിലേക്കും തിരിച്ച് വീണ്ടും ആഭ്യന്തരവകുപ്പിലേക്കും അയക്കപ്പെട്ട ഫയല്‍ ജൂലൈ മാസത്തില്‍ അനുമതിക്കായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കപ്പെടുകയും ചെയ്തു. എന്നിട്ടും സര്‍ക്കാര്‍ അനുമതി വൈകുന്നുവെന്നാണ് സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതി.
നോവലിന്റെ പ്രസിദ്ധീകരണ അനുമതിക്കായി ഹൈക്കോടതിയില്‍ രൂപേഷ് റിട്ട് ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. പുസ്തകത്തില്‍ യുഎപിഎ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്ന എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കാന്‍ മൂന്നുമാസത്തെ സമയം സര്‍ക്കാര്‍ ചോദിക്കുകയും അത് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഈ പുസ്തകത്തിന്റെ ഉള്ളടക്കം വീണ്ടും പരിശോധനക്കായി സമയം ആവശ്യപ്പെടുന്നത് അനുമതി നല്‍കാതിരിക്കാനുള്ള ബോധപൂര്‍വ്വമായ വൈകിപ്പിക്കലാണെന്നാണ് ഇവരുടെ വിമര്‍ശനം.
സര്‍ക്കാര്‍ നടപടിയിലൂടെ സമഗ്രാധിപത്യ ഭയാശങ്കകള്‍ സത്യമാകുകയാണെന്നും ഭരണഘടനയും സുപ്രീംകോടതിയും ഒക്കെ ഉറപ്പുനല്‍കുന്ന തടവുകാരുടെ മൗലികാവകാശത്തെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിഷേധിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
















