തിരുവനന്തപുരം: കാസര്‍കോട് -തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് ഓട്ടോറിക്ഷയിലിടിച്ചു. വര്‍ക്കല അകത്തുമുറി സ്‌റ്റേഷനിലാണ് സംഭവം.
മദ്യലഹരിയില്‍ ഡ്രൈവര്‍ പ്ലാറ്റ്‌ഫോമിലൂടെ ഓടിച്ച് ട്രാക്കില്‍ കയറ്റുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.ട്രെയില്‍ വേഗത കുറച്ചിരുന്നതിനാല്‍ ഓട്ടോ ഡ്രൈവര്‍ക്ക് നിസാര പരിക്കേ ഉളളൂ. ട്രെയിന്‍ വരുന്നത് കണ്ട് ഇയാള്‍ ഓട്ടോറിക്ഷയില്‍ നിന്ന് ചാടി ഇറങ്ങിയിരുന്നു.ഓട്ടോയില്‍ യാത്രക്കാരുണ്ടായിരുന്നില്ല.ഓട്ടോയുമായി അല്‍പ ദൂരം ട്രെയിന്‍ മുന്നോട്ട് പോയാണ് നിന്നത്.
ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.കല്ലമ്പലം സ്വദേശി സുധി ആണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രി 10.10ഓടെയാണ് സംഭവം. ട്രെയിന്‍ ഒരു മണിക്കൂര്‍ പിടിച്ചിട്ട ശേഷം തിരുവനന്തപുരത്തേക്ക് യാത്ര തുടര്‍ന്നു.സംഭവത്തില്‍ റെയില്‍ വേ അന്വേഷണം നടത്തും.
















