ന്യൂദൽഹി: ബംഗ്ലാദേശില്‍ ഒരു ഗാര്‍മെന്‍റ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം അടിച്ചു കൊലപ്പെടുത്തി, മരത്തില്‍ കെട്ടിയിട്ട് കത്തിച്ച സംഭവത്തില്‍ ഇന്ത്യയുടെ തലസ്ഥാനത്തും മറ്റിടങ്ങളിലും ആളിക്കത്തിയത് ഹൈന്ദവരോഷം.
ദൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിലാണ് വിശ്വ ഹിന്ദു പരിഷത്തും ബജ്റംഗ് ദളും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചത്. തലസ്ഥാനഗരിയായ ദല്‍ഹി, ജമ്മു കശ്‌മീര്‍, തെലുങ്കാന എന്നിവിടങ്ങളിളാണ് പ്രതിഷേധം നടന്നത്. നിരവധി വിഎച്ച്പി, ബജ്റംഗ്‌ദള്‍ പ്രവർത്തകരെ ദൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
ജമ്മുകശ്‌മീര്‍, അഹമ്മദാബാദ്, ഭോപ്പാൽ,കൊല്‍ക്കത്ത, തെലങ്കാനയുടെ ചില ഭാഗങ്ങളിലും പ്രതിഷേധം ഇരമ്പി. ഹൈദരാബാദിൽ, എൽബി നഗർ സർക്കിളിൽ ഒരു വലതുപക്ഷ സംഘടനയിലെ ഒരു കൂട്ടം പ്രതിഷേധക്കാർ ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനസിന്റെ കോലം കത്തിച്ചു.
ജമ്മു കശ്‌മീര്‍ പ്രതിഷേധം
ജമ്മുവില്‍ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രതിഷേധിച്ചു. ഹിന്ദുക്കളെ ഇന്ത്യയിലേക്ക് കൊണ്ടുവരികയോ അവിടെ അവരുടെ സംരക്ഷണം ഉറപ്പാക്കുകയോ ചെയ്യണമെന്ന് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. അനധികൃത ബംഗ്ലാദേശി, റോഹിംഗ്യൻ കുടിയേറ്റക്കാരെ ജമ്മുവിൽ നിന്ന് പുറത്താക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു.
ഇരയ്‌ക്ക് നീതി ലഭിക്കണമെന്നും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം വേണമെന്നും മുന്നണികള്‍ ആവശ്യപ്പെട്ടു. ഹിന്ദു ജാഗരൺ മഞ്ച്, സർബോ ഭാരതീയ ഹിന്ദി ബംഗാളി സംഗതൻ എന്നീ ഹിന്ദു സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഡല്‍ഹിക്ക് പുറമെ തെലങ്കാനയിലും പശ്ചിമ ബംഗാളിലും വലതുപക്ഷ ഗ്രൂപ്പുകളുടെ പ്രതിഷേധങ്ങൾ നടന്നു.
















