തിരുവനന്തപുരം: അഴിമതിക്കേസില്‍ പ്രതിയായ ജയില്‍ ഡിഐജി എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.വന്‍ തുക വാങ്ങി ടിപി വധക്കേസ് പ്രതികള്‍ക്ക് ഉള്‍പ്പെടെ വിനോദ് കുമാര്‍ ജയിലില്‍ സുഖസൗകര്യമൊരുക്കിയെന്നാണ് കണ്ടെത്തിയത്.
അനധികൃത സ്വത്ത് സമ്പാദനത്തില്‍ വിനോദ് കുമാറിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ കേസെടുത്തിരുന്നു. സസ്‌പെന്‍ഡ് ചെയ്യണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ട് നാലു ദിവസത്തിന് ശേഷമാണ് വിനോദ് കുമാറിനെതിരായ നടപടി വന്നത്.
ജയില്‍ ആസ്ഥാനത്തെ ഡിഐജിയുടെ വന്‍ അഴിമതിയാണ് വിജിലന്‍സ് കയ്യോടെ പിടികൂടിയത്. കൈക്കൂലി വാങ്ങിയെന്ന് വ്യക്തമായിട്ടും സിപിഎമ്മുമായുള്ള ബന്ധത്തിന്റെ പേരില്‍ വിനോദ് കുമാറിന് സംരക്ഷണം കിട്ടിയിരുന്നു. വിനോദ് കുമാറിന് ഇനി സര്‍വീസില്‍ നാലുമാസം മാത്രമാണ് ബാക്കിയുള്ളത്. അന്വേഷണം തീരും വരെയാണ് സസ്‌പെന്‍ഷന്‍.
ടിപി വധക്കേസ് പ്രതികളായ കൊടി സുനി, അണ്ണന്‍ സിജിത് എന്നിവരില്‍ നിന്ന് പരോളിന് പണം വാങ്ങി, ലഹരിക്കേസ് പ്രതികള്‍ക്കും ക്വട്ടേഷന്‍ പ്രതികള്‍ക്കും ജയിലില്‍ സൗകര്യം ഒരുക്കാനും വന്‍തുക കൈപ്പറ്റി എന്നിവയാണ് വിനോദ്കുമാറിനെതിരായ കണ്ടെത്തല്‍. ശമ്പളത്തിന് പുറമെ വിനോദ് കുമാറിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങള്‍ പ്രതിമാസം എത്തിയിരുന്നു.
വിനോദ് കുമാര്‍ ജയിലുകളില്‍ ചട്ടവിരുദ്ധമായി സന്ദര്‍ശിച്ച് തടവുകാരുമായി കൂടിക്കാഴ്ച നടത്തിയതില്‍ ദുരുഹൂതയുണ്ടെന്ന് മധ്യമേഖല ജയില്‍ ഡിഐജി മാസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല.
















