ന്യൂദല്‍ഹി: ഒമാനു പിന്നാലെ ഭാരതം ന്യൂസിലാന്‍ഡുമായും സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിടും. വാണിജ്യരംഗത്തെ മോദി സര്‍ക്കാരിന്റെ മറ്റൊരു വിജയമാണിത്. കരാര്‍ സംബന്ധിച്ച് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണും ഫോണില്‍ ചര്‍ച്ച നടത്തി. കരാറില്‍ ധാരണയായതായും ഉടന്‍ ഒപ്പിടുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വലിയ തോതില്‍ വര്‍ധിക്കാന്‍ വഴിയൊരുക്കുന്നതാണ് കരാര്‍. ഭാരതത്തില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ന്യൂസിലാന്‍ഡ് തീരുവ പൂര്‍ണമായും (നൂറു ശതമാനവും) ഒഴിവാക്കും. ന്യൂസിലാന്‍ഡില്‍ നിന്ന് ഭാരതത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന 95 ശതമാനം സാധനങ്ങളുടെയും തീരുവയും കുത്തനെ കുറയും. ഇതുവഴി രണ്ടു രാജ്യങ്ങളുടെയും ഉത്പന്നങ്ങള്‍ വിപണിയില്‍ കുറഞ്ഞ വിലയ്‌ക്കു ലഭിക്കും. കരാര്‍ രണ്ടു രാജ്യങ്ങളുടെയും വ്യാപാരം കുത്തനെ ഉയര്‍ത്തും. 2030 ആകുന്നതോടെ ന്യൂസിലാന്‍ഡിന്റെ ഭാരതത്തിലെ വ്യാപാരം ഏഴു ട്രില്യന്‍ ഡോളറിന്റെയാകും. 2021ല്‍ ന്യൂസിലാന്‍ഡിലേക്കുള്ള ഭാരത കയറ്റുമതി 3435 ലക്ഷം ഡോളറിന്റെയായിരുന്നു. ഇത് 2026ല്‍ 4862 ലക്ഷം ഡോളറിന്റെയാകും. കരാറില്‍ മൂന്നു മാസത്തിനകം ഒപ്പിടും. 2025 മാര്‍ച്ചില്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ഭാരതം സന്ദര്‍ശിച്ചപ്പോഴാണ് കരാറിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. അടുത്ത വര്‍ഷം പ്രാബല്യത്തിലാകും. ഈ വര്‍ഷം മോദി സര്‍ക്കാര്‍ ബ്രിട്ടനുമായും ഒമാനുമായും സ്വതന്ത്ര വ്യാപാരക്കരാറുകളില്‍ ഒപ്പിട്ടു.
















